#ഓർമ്മ
#music
ചെമ്പൈ വൈദ്യനാഥ ഭാഗവതർ.
ചെമ്പൈയുടെ (1896-1974) ഓർമ്മദിവസമാണ്
ഒക്ടോബർ 16.
ഇരുപതാം നൂറ്റാണ്ടിലെ മഹാന്മാരായ സംഗീതജ്ഞരിൽ പ്രമുഖനാണ് മലയാളിയായ ചെമ്പൈ. ജി എൻ ബാലസുബ്രമണ്യം , പാലക്കാട് മണി അയ്യർ തുടങ്ങിയ പ്രതിഭകളെപ്പോലെ പാലക്കാടിൻ്റെ സംഭാവനയാണ് ചേമ്പൈയും.
പാലക്കാട് കോട്ടായിയിലെ ചെമ്പൈ അഗ്രഹാരത്തിൽ ജനിച്ച വൈദ്യനാഥൻ, 7 വയസ്സിൽ തുടങ്ങിയ സംഗീതയാത്ര 7 പതിറ്റാണ്ട് തുടർന്നു. അച്ഛനും മുത്തച്ഛനുമായിരുന്നു ഗുരുക്കന്മാർ.
അരിയാക്കുടി രാമനുജ അയ്യങ്കാർ, മഹാരാജപുരം വിശ്വനാഥ അയ്യർ, ചെമ്പൈ വൈദ്യനാഥ അയ്യർ എന്നിവർ ആധുനികയുഗത്തിലെ കർണ്ണാടകസംഗീത ത്രിമൂർത്തികൾ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
മേൽജാതിക്കാർ കുത്തകയാക്കി വെച്ചിരുന്ന കാലത്ത് കർണ്ണാടക സംഗീത രംഗത്തെ ജാതിയുടെയും മതത്തിൻ്റെയും മതിലുകൾ അദ്ദേഹം പൊളിച്ചു. യേശുദാസ്, ജയവിജയന്മാർ തുടങ്ങിയവരെ അദ്ദേഹം തൻ്റെ ശിഷ്യൻമാരാക്കി.
മനോഹരവും ഗാംഭീര്യം നിറഞ്ഞതുമായ അദ്ദേഹത്തിൻ്റെ ശബ്ദം അനേകരെ ശാസ്ത്രീയസംഗീതത്തിൻ്റെ ആരാധകരാക്കി മാറ്റി. മനോധർമ്മമായിരുന്നു ചെമ്പൈയുടെ സവിശേഷത. എപ്പോൾ എന്തു പാടും എന്ന് നോക്കി നിൽക്കണം എന്നതായിരുന്നു അകമ്പടി സേവിക്കുന്ന സംഗീതജ്ഞരുടെ വെല്ലുവിളി.
ജയവിജയന്മാരിലെ ജയൻ ഓർമ്മിക്കുന്ന ഒരു സംഭവമുണ്ട്. ഏത് സ്ഥലവും ചെമ്പൈക്ക് സംഗീതം പഠിപ്പിക്കാൻ പറ്റിയ ഇടമാണ്. ദില്ലി പോലെയുള്ള ദൂരയാത്രയിൽ ഫസ്റ്റ്ക്ലാസ് ബോഗിയിൽ ഇരുന്നു പഠിപ്പിക്കും. സഹയാത്രികർ ഒരിക്കലും പരാതി പറഞ്ഞില്ല. ട്രെയിൻ വരാൻ താമസിച്ചാൽ പ്ലാറ്റ്ഫോമിൽ ഇരുന്നു പഠിപ്പിക്കും. ചുറ്റും കൂടുന്ന ജനങ്ങൾക്ക് സൗജന്യമായി കച്ചേരി കേട്ട സുഖം.
ഗുരുവായൂരപ്പൻ ആയിരുന്നു ഇഷ്ടദൈവം. രണ്ടുപ്രാവശ്യം ശബ്ദം നഷ്ടപ്പെട്ടിട്ടും തിരിച്ചുകിട്ടിയത് ഗുരുവായൂരപ്പൻ്റെ അനുഗ്രഹമാണെന്ന് അദ്ദേഹം വിശ്വസിച്ചു . പിന്നീട് എല്ലാ വർഷവും ഗുരുവായൂരിൽ കച്ചേരി നടത്തി.
ഏല്ലാ കാലത്തും ചെമ്പേയുടെ അശ്രയമായിരുന്ന ഒളപ്പമണ്ണ മന വക ഒറ്റപ്പാലത്തെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കച്ചേരി കഴിഞ്ഞ് വിശ്രമിക്കുമ്പോൾ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു . അനായാസേന മരണം.
1951ൽ പരമോന്നത ബഹുമതിയായ സംഗീത കലാനിധി, 1963ൽ പത്മഭൂഷൺ.
ഗുരുവായൂർ ഏകാദശി ദിനത്തിൽ നടത്തുന്ന ചെമ്പൈ സംഗീതോത്സവത്തെ ജനപ്രീതിയിൽ വെല്ലാൻ തഞ്ചാവൂരിലെ ത്യാഗരാജ സംഗീതോത്സവം മാത്രമേയുള്ളു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized