#കേരളചരിത്രം
#books
കെ ജെ തോമസ് കരിപ്പാപറമ്പിലും സഹൃദയ ലൈബ്രറികളും.
കേരളത്തിൻ്റെ സാംസ്കാരികചരിത്രത്തിൽ ഓർമ്മിക്കപ്പെടേണ്ട ഒരു പേരാണ് ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ നായകനും, സ്വതന്ത്ര്യസമര സേനാനിയും, പ്രമുഖ പ്ലാൻ്ററും
കുടിയേറ്റകർഷക നേതാവും, മുൻ എം എൽ എ യുമായിരുന്ന കെ ജെ തോമസ് (1914-2003).
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലെയും, പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ടെയും സഹൃദയ ലൈബ്രറികളുടെ സ്ഥാപകനാണ് കെ ജെ തോമസ്.
സ്വാതിതിരുനാൾ മഹാരാജാവ് 1936ൽ തിരുവിതാംകൂറിലെ ആദ്യത്തെ പബ്ലിക് ലൈബ്രറി തിരുവനന്തപുരത്ത് സ്ഥാപിക്കുമ്പോൾ തോമസ് അവിടെ വിദ്യാർത്ഥിയായിരുന്നു. അടുത്തവർഷം നാട്ടിൽ തിരിച്ചെത്തിയ 23കാരൻ ആദ്യം ചെയ്തത് സ്വന്തം പണം മുടക്കി ഒരു ലൈബ്രറി സ്ഥാപിക്കുക എന്നതാണ്. കൂട്ടിന് സമപ്രായക്കാരനായ നാട്ടുകാരൻ ഡി സി കിഴക്കേമുറിയും. 16വയസ്സിൽ അധ്യാപകനായ, കൊച്ചുസാർ എന്നറിയപ്പെട്ടിരുന്ന ഡി സി പിന്നീട് മരണംവരെ അക്ഷരങ്ങളുടെ ലോകത്ത് തന്നെ ജീവിച്ചു.
1945ൽ അമ്പലപ്പുഴയിൽ വെച്ച് രൂപംകൊണ്ട അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘത്തിൻ്റെ രൂപീകരണത്തിൽ പങ്കെടുത്ത 47 ഗ്രന്ഥശാലകളിൾ ഒന്ന് കാഞ്ഞിരപ്പള്ളി സഹൃദയയാണ്. ഡി സി യായിരുന്നു പ്രതിനിധി.
കോട്ടയത്ത് നാഷണൽ ബുക്ക് സ്റ്റാൾ സ്ഥാപിച്ച കാഞ്ഞിരപ്പള്ളിക്കാരിൽ കെ ജെ തോമസും, ഡി സി യും, പൊൻകുന്നം വർക്കിയും, പി ടി ചാക്കോയും ഉണ്ടായിരുന്നു.
സ്വതന്ത്ര്യസമരത്തിൻ്റെ മുൻപന്തിയിൽ ഉണ്ടായിരുന്ന അക്കമ്മ ചെറിയാനോ, കെ ജെ തോമസിനോ അല്ല പിന്നീട് കോൺഗ്രസ് കാഞ്ഞിരപ്പള്ളി സീറ്റ് നൽകിയത്. സ്വതന്ത്രനായി മത്സരിച്ച തോമസിനെ കാഞ്ഞിരപ്പള്ളിക്കാർ 1952 മുതൽ 54 വരെ തിരുക്കൊച്ചി എം എൽ എ യാക്കി.
1930കളിൽ തിരുവിതാംകൂറിൽ നിന്ന് മലബാർ കുടിയേറ്റത്തിന് പാലക്കാട് പ്രദേശത്ത് നേതൃത്വം നൽകിയത് തോമസിൻ്റെ പിതാവ് ജേക്കബ് തോമസ് കരിപ്പാപറമ്പിൽ ആണ്.
വിശാലമായ കൃഷിയിടങ്ങൾ നോക്കിനടത്താനായി കെ ജെ തോമസ് 1953ൽ മണ്ണാർക്കാട്ടേക്ക് സ്ഥിരമായി താമസം മാറ്റി. പിതാവിൻ്റെ പേരിൽ മണ്ണാർക്കാട് സഹൃദയ ലൈബ്രറി തുടങ്ങിയത് 1979ലാണ്.
തിരുവനന്തപുരത്ത് പഠിക്കുമ്പോൾ വായിച്ച ഒരു മാസികയുടെ പേര് അത്രക്ക് ഇഷ്ടമായതാണ് സഹൃദയ എന്ന പേര് ലൈബ്രറികൾക്ക് നൽകാൻ പ്രേരകമായത് എന്ന് അദ്ദേഹം പിന്നീട് എഴുതി.
1937ൽ കാഞ്ഞിരപ്പള്ളി ലൈബ്രറിയുടെ സമ്മേളനത്തിൽ പങ്കെടുത്ത മഹാകവി വള്ളത്തോളുമൊത്തുള്ള ഫോട്ടോയിൽ മഹാകവിയുടെ വലത്ത് കെ ജെ തോമസിനെയും ഡി സി യെയും കാണാം.
1953 ഫെബ്രുവരിയിലെ ഗ്രന്ഥാലോകം മാസികയുടെ മുഖചിത്രം കാഞ്ഞിരപ്പള്ളി സഹൃദയ ലൈബ്രറിയാണ്. ആധുനിക രീതിയിലുള്ള അത്തരമൊരു കെട്ടിടം സ്വന്തമായുള്ള തിരുഃ കൊച്ചി സംസ്ഥാനത്തെ ചുരുക്കം ഗ്രന്ഥശാലകളിൽ ഒന്നായിരുന്നു സഹൃദയ.
1960 കളിൽ കാഞ്ഞിരപ്പള്ളിയിലെ സ്കൂൾ പഠനകാലത്ത് എൻ്റെ വായനാശീലത്തിനു തുടക്കമിട്ടത് സഹൃദയ ലൈബ്രറിയാണ്.
അടുത്ത കുടുംബബന്ധങ്ങൾ ഉള്ളതുകൊണ്ട് കെ ജെ തോമസ് എന്ന
മഹാനെ നേരിട്ടറിയാൻ അവസരം കിട്ടിയത് വലിയ ഭാഗ്യമായി കരുതുന്നു.
മണ്ണാർക്കാട് ലൈബ്രറിയിലെ പഴയ മാസികകൾ കൊച്ചുമകൻ തോമസിൻ്റെ നേതൃത്വത്തിൽ ഷൈജു അലക്സ് ഡിജിറ്റൽ രൂപത്തിലാക്കി സൂക്ഷിക്കാൻ നടത്തിയ സേവനത്തിന് കൈരളി അവരോടു കടപ്പെട്ടിരിക്കുന്നു.
ഒരു സങ്കടം, എന്നെ പുസ്തകങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയ കാഞ്ഞിരപ്പള്ളി സഹൃദയ ലൈബ്രറിയുടെ ഹെറിറ്റേജ് കെട്ടിടം പഞ്ചായത്ത് പൊളിച്ചുനീക്കി വലിയ കെട്ടിട സമുച്ചയം പണിയുന്നു എന്ന വാർത്തയാണ്.
– ജോയ് കള്ളിവയലിൽ.
https://shijualex.in/mannarkkad-kjtm-sahrudaya-library-digitization/?fbclid=IwAR0njp1zieO88F-WI22nz1II0ebSsIGg_ENPDyMRWWRapx_b8igzKGjjMbA







