എൻ ഈ ബാലകൃഷ്ണ മാരാർ

#ഓർമ്മ

എൻ ഇ ബാലകൃഷ്ണമാരാർ

എൻ ഈ ബാലകൃഷ്ണമാരാരുടെ (1933-2022) ജന്മവാർഷികദിനമാണ് ഒക്ടോബർ 14.

കോഴിക്കോട്ട് പ്രൊഫഷനൽ വിദ്യാഭ്യാസം നിർവഹിച്ച വിദ്യാർഥികൾക്ക് സുപരിചിതമായ ഒരു സ്ഥാപനമുണ്ട്. പ്രത്യേകിച്ച് 50 വര്ഷം മുൻപ് എൻജിനീയറിംഗ് പഠനം നടത്തിയ എന്നേപ്പോലെയുള്ളവർക്ക്. മിഠായിത്തെരുവിലെ ടൂറിംഗ് ബുക്ക് സ്റ്റാൾ.
ഏത് പുസ്തകവും തപ്പിയെടുത്ത് ഒരു പുഞ്ചിരിയോടെ നമ്മളെ ഏൽപ്പിക്കുന്ന അതിൻ്റെ ഉടമ ബാലകൃഷ്ണമാരാരെ ആർക്കും മറക്കാൻ കഴിയില്ല. വിദ്യാർഥികൾ പകുതിപ്പേർക്കുപോലും പ്രൊഫഷനൽ ടെക്സ്റ്റ്ബുക്കുകൾ പണം കൊടുത്തു വാങ്ങാൻ ധനശേഷിയില്ലാത്ത ഒരു കാലം.
അവരുടെ വേദന നന്നായി അറിയാവുന്നയാളാണ് മാരാർ.
തഞ്ചാവൂരിൽ ഹോട്ടൽ ജോലിയും പെട്ടിക്കടയും നടത്തിയിട്ടാണ് മാരാർ ജീവിക്കാൻ മാർഗംതേടി കോഴിക്കോട്ട് എത്തുന്നത്. അമ്മയുടെ കമ്മൽ വിറ്റു കിട്ടിയ കാശുകൊണ്ട് ഒരു സൈക്കിൾ വാങ്ങി പത്രവിതരണം തുടങ്ങി. പിന്നീട് പുസ്തക വിതരണമായി. ബുക്ക്സ്റ്റാൾ തുടങ്ങിയപ്പോൾ പഴയ ഓർമ്മ നിലനിർത്താൻ ടൂറിംഗ് ബുക്ക് സ്റ്റാൾ എന്ന് പേരിട്ടു. അത് ഇന്ന് ടി ബി എസ് എന്ന വലിയ പ്രസ്ഥാനമാണ്. കൂടാതെ പൂർണ്ണ എന്ന പേരിൽ പുസ്തക പ്രസാധക സ്ഥാപനവും തുടങ്ങി.
കോഴിക്കോട് വിട്ടശേഷം ഞാൻ മാരാരെ കാണുന്നത് 1986ൽ എറണാകുളത്ത് റോട്ടറി ഇൻ്റർനാഷണലിൻ്റെ ഒരു പരിശീലന പരിപാടിയിലാണ്. മാരാർ കോഴിക്കോട് മിഡ് ടൗൺ റോട്ടറി ക്ലബ്ബ് സെക്രട്ടറി. ഞാൻ മൂവാറ്റുപുഴ റോട്ടറി ക്ലബ്ബ് സെക്രട്ടറി. അന്ന് അദ്ദേഹം പ്രകടിപ്പിച്ച സ്നേഹം ഇന്നും മനസ്സിലുണ്ട് .
ബാലകൃഷ്ണ മാരാർ എന്ന മഹാൻ ആരാണ് എന്ന് അറിയാൻ അദ്ദേഹം എഴുതിയ ആത്മകഥയുടെ പേര് മാത്രം മതിയാകും – “കണ്ണീരിൻ്റെ മധുരം”.
പ്രഥമ ബാലകൃഷ്ണ മാരാർ പുരസ്കാരത്തിന് അർഹനായത് ഡോക്ടർ ശശി തരൂരാണ്.
കോഴിക്കോട്ട് എല്ലാ വർഷവും ഒക്ടോബറിൽ നടക്കുന്ന പൂർണ്ണ കൾച്ചറൽ ഫെസ്റ്റിവൽ ഈ അക്ഷരസ്‌നേഹിക്കുള്ള ഉചിതമായ സ്മാരകമാണ്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *