അന്നപൂർണ ദേവി

#ഓർമ്മ

അന്നപൂർണദേവി.

അന്നപൂർണദേവിയുടെ (1926 -2018) ഓർമ്മദിവസമാണ്
ഒക്ടോബർ 13.

സംഗീതലോകത്തിന് നഷ്ടപ്പെട്ട അസുലഭപ്രതിഭയാണ് അന്നപൂർണ.
അതുല്യനായ ഹിന്ദുസ്ഥാനി സംഗീതഞൻ ഉസ്താദ് അലാവുദ്ദീൻ ഖാൻ്റെ മകളായി ജനിച്ച രോഷനാരെയെ സംഗീതം പഠിപ്പിക്കാൻ പിതാവ് മെനക്കെട്ടില്ല.
പക്ഷേ ഒരു ദിവസം പിതാവ് കണ്ടത് ശിഷ്യനായ സഹോദരൻ അലി അക്ബർ ഖാൻ വരുത്തിയ ഒരു തെറ്റ് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സഹോദരി കണ്ടുപിടിച്ചു, മാത്രമല്ല ആ രാഗം ശരിയായി പാടി കേൾപ്പിക്കുകയും ചെയ്തു. മകളുടെ പ്രതിഭ തിരിച്ചറിഞ്ഞ
പിതാവു് മകളെ തൻ്റെ ശിഷ്യയാക്കി. പക്ഷെ 16 വയസ്സിൽ മറ്റൊരു ശിഷ്യനായ രവിശങ്കറുമായി അവൾ പ്രണയത്തിലായി. പിതാവിൻ്റെ അനുഗ്രഹത്തോടെ വിവാഹിതയായ രോഷനാര അന്നപൂർണദേവിയായി മാറി.
സിതാറിൻ്റെ പ്രാഗ് രൂപമായ സുർ ബാഹർ ആയിരുന്നു അവരുടെ നാദോപകരണം.
1950ൽ ദമ്പതികൾ ഒന്നിച്ചു ദില്ലിയിൽ നടത്തിയ ഒരു കച്ചേരി കഴിഞ്ഞയുടൻ കാണികൾ അന്നപൂർണദേവിയെ പൊതിഞ്ഞ് അഭിനന്ദങ്ങൾ കൊണ്ട് വീർപ്പുമുട്ടിച്ചു. രവിശങ്കറിനെ ആരും ശ്രദ്ധിച്ചില്ല. അവരുടെ ദാമ്പത്യബന്ധം പിന്നീട് ഒരിക്കലും നേരെയായില്ല.
കുടുംബം രക്ഷിക്കാനായി അന്നപൂർണ അവസാനക്കയ്യും നോക്കി.
പിതാവിൻ്റെ ചിത്രത്തിന് മുന്നിൽനിന്ന് അവർ പ്രതിജ്ഞ ചെയ്തു. ഇനി ഒരിക്കലും പൊതുവേദിയിൽ കച്ചേരി നടത്തില്ല.
എന്നിട്ടും 20 വർഷത്തെ ഒന്നിച്ചുള്ള ജീവിതം മതിയാക്കി 1956ൽ ദമ്പതികൾ വഴിപിരിഞ്ഞു.
സ്വകാര്യമായി റിയാസ് ചെയ്തും ശിഷ്യഗണങ്ങളെ പരിശീലിപ്പിച്ചും 92 വയസ്സിൽ അന്തരിക്കുന്നത് വരെ അവർ കഴിഞ്ഞു. മരണം വരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടില്ല.
പണ്ഡിറ്റ് ഹരിപ്രസാദ് ചൗരാസിയ ഉൾപ്പെടെയുള്ള ശിഷ്യപരമ്പരയിലൂടെ ഗുരു മാ എന്ന അന്നപൂർണദേവി ചിരഞ്ജീവിയായി മാറി.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *