#ഓർമ്മ
മാർഗരറ്റ് താച്ചർ.
ഉരുക്ക് വനിത എന്ന് വിളിക്കപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുടെ (1925-2013)
ജന്മവാർഷികദിനമാണ്
ഒക്ടോബർ 13.
1827നു ശേഷം ഏറ്റവും ദീർഘകാലം പ്രധാനമന്ത്രിയായ കൺസർവേറ്റീവ് നേതാവാണ് 1979 മുതൽ 1990ൽ രാജിവെക്കുന്നത് വരെ തുടർച്ചയായി മൂന്നുതവണ പ്രധാനമന്ത്രിയായ താച്ചർ. ചർച്ചിലിനുശേഷം ഏറ്റവും സ്വാധീനം ചെലുത്തിയ രാഷ്ട്രീയനേതാവും താച്ചർ തന്നെ.
ചെറുപ്പംമുതൽ തന്നെ രാഷ്ട്രീയത്തിൽ താൽപര്യമുണ്ടായിരുന്ന താച്ചർ ഓക്സ്ഫഡ് സർവകലാശാലയിലെ കൺസർവേറ്റീവ് അസോസിയേഷൻ്റെ ആദ്യത്തെ വനിതാ പ്രസിഡൻ്റായി. 1954ൽ ബാരിസ്റ്റർ പരീക്ഷ പാസായി വക്കീലായി പ്രാക്ടീസ് ആരംഭിച്ചു.
1950ലെ പാർലിമെൻ്റ് തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും 1959 മുതൽ തുടർച്ചയായി എം പി യായി. 1961ൽ ആദ്യമായി മന്ത്രിയായി.
1975ൽ കൺസർവേറ്റീവ് പാർട്ടി നേതാവായ താച്ചർ, 1979ൽ പാർട്ടിയെ വിജയത്തിലേക്ക് നയിച്ചു.
എല്ലാ എതിർപ്പുകളെയും നിഷ്കരുണം നേരിട്ട് ഉദാരവൽക്കരണം നടപ്പാക്കി ബ്രിട്ടനെ സാമ്പത്തിക പുരോഗതിയിലേക്ക് നയിച്ചതിൻ്റെ ഖ്യാതി താച്ചർക്ക് അവകാശപ്പെട്ടതാണ്.
വിമാനകമ്പനി, ഗ്യാസ്, സ്റ്റീൽ, ടിവി, റേഡിയോ തുടങ്ങി മിക്ക പൊതുമേഖലാ സംരഭങ്ങളും അവർ സ്വകാര്യമേഖലയിൽ കൊണ്ടുവന്നു . ഒറ്റ ആവശ്യം പോലും അംഗീകരിക്കാതെയാണ് 1984ലെ കൽക്കരിഖനി തൊഴിലാളികളുടെ സമരം അവർ അടിച്ചമർത്തിയത്.
1992 വരെ എം പിയായി തുടർന്ന താച്ചർ, പ്രഭ്വി പദവിയിൽ പ്രഭുസഭയിലേക്ക് ഉയർത്തപ്പെട്ടു.
ബ്രിട്ടൻ്റെ ഈ ഉരുക്കുവനിതയുടെ ജീവിതം നിരവധി പുസ്തകങ്ങൾക്കും സിനിമകൾക്കും വിഷയമായിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized