#publicaffairs
#books
ശശി തരൂരും കൃഷ്ണമേനോനും.
വിശ്വ പൗരനായി വളർന്ന ആദ്യത്തെ മലയാളിയാണ് വി കെ കൃഷ്ണമേനോൻ. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടാനായി ഒരു പുരുഷായുസ് മുഴുവൻ അധ്വാനിച്ച ആ മഹാന് പക്ഷേ 1962ലെ ഇന്ത്യാ ചൈനാ യുദ്ധത്തിലെ പരാജയം വലിയ ദുഷ്‌ക്കീർത്തിയായി ഭവിച്ചു. കോൺഗ്രസ് ഒതുക്കിയ മേനോന് പിന്നീട് രണ്ടു തവണ പാർലിമെൻ്റിൽ എത്താൻ സഹായിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടികളാണ്.
രാജ്യം പതിയെ കൃഷ്ണമേനോനെ മറന്നു.
കൃഷ്ണ മേനോന് ശേഷം വിശ്വ പൗരൻ എന്ന പദവി അവക്കശപ്പെടാൻ അർഹതയുള്ള മലയാളി ഐക്യ രാഷ്ട്ര സഭയുടെ അണ്ടർ സെക്രട്ടറി ജനറൽ പദവി വരെ ഉയർന്ന നിരവധി ശ്രദ്ധേയനായ പുസ്തകങ്ങൾ എഴുതിയ ശശി തരൂർ മാത്രമാണ്.
അധികാരം നഷ്ടപ്പെട്ടതോടെ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിടുന്നതാണ് നാം കണ്ടത്. പത്ത്
മുൻമുഖ്യമന്ത്രിമാരും നിരവധി കേന്ദ്ര ,സംസ്ഥാന മന്ത്രിമാരുമുൾപ്പെടെ നൂറുകണക്കിന് കോൺഗ്രസ് നേതാക്കളുടെ ബി ജെ പി യിലേക്കുള്ള ഒഴുക്കു തടയാൻ പതിറ്റാണ്ടുകളായി പാർട്ടിയെ നിയന്ത്രിക്കുന്ന സോണിയാ ഗാന്ധിക്കും കുടുംബത്തിനും കഴിഞ്ഞില്ല.
അനേകവർഷങ്ങൾ കഴിഞ്ഞിട്ടും കോൺഗ്രസിനെ തിരിയെ അധികാരത്തിൽ കൊണ്ടുവരാനുള്ള കഴിവ് തനിക്കുണ്ട് എന്ന് രാഹുൽ ഗാന്ധിക്ക് തെളിയിക്കാൻ കഴിയുന്നില്ല.
പാർട്ടിക്ക് ഇനി ഒരു ഉയർത്തെഴുനേൽപ്പു സാധ്യമാണെങ്കിൽ അതിന് നേതൃത്വം കൊടുക്കാൻ കഴിവുള്ള നേതാവാണ് ശശി തരൂർ എന്നതിൽ സംശയമില്ല.
തരൂരിൻ്റെ അസാമാന്യമായ ബൗദ്ധികകഴിവുകളാണ് പല കോൺഗ്രസ് നേതാക്കൾക്കും സഹിക്കാൻ കഴിയാത്തത്. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ പദവിയിലേക്ക് മത്സരിക്കാൻ യോഗ്യത നേടിയ ഏക ഇന്ത്യക്കാരനാണ് തരൂർ എന്നത് അസൂയ ഉളവാക്കിയില്ലെങ്കിലെ അത്ഭുതമുള്ളു.
ആരുടെയും മാനസപുത്രൻ അല്ലാഞ്ഞിട്ടും തിരുവനന്തപുരത്ത് നിന്ന് തുടർച്ചയായി എം പിയായ തരൂരിന് ജനങ്ങളുമായി ബന്ധമില്ല എന്ന വിവരക്കേട് പറയുന്നത് ചില കോണ്ഗ്രസ് നേതാക്കൾ തന്നെയാണ്.
തരൂർ എന്ന വിശ്വപൗരനെ മനസ്സിലാക്കാൻ വി കെ കൃഷ്ണമേനോൻ എന്ന വിശ്വപൗരൻ്റെ, A Chequered Brilliance എന്ന ജയറാം രമേഷ് എഴുതിയ ജീവചരിത്രം ഉപകരിക്കും .
കശ്മീർ പ്രശ്നം സംബന്ധിച്ച് ഐക്യരാഷ്ട്രസഭയിൽ മേനോൻ നടത്തിയ 12 മണിക്കൂർ പ്രസംഗം ഐക്യ രാഷ്ട്ര സഭയുടെ ചരിത്രത്തിൻ്റെ ഭാഗമാണ്.
കശ്മീർ പ്രശ്നം മാത്രമല്ല സൂയസ് കനാൽ പ്രശ്നത്തിൽ കൃഷ്ണമേനോൻ നടത്തിയ പ്രസംഗത്തിലെ നിർദേശങ്ങൾ അപ്പാടെ അംഗീകരിച്ചാണ് യു എൻ സെക്രട്ടറി ജനറൽ ആ രാജ്യാന്തര പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തിയത് എന്ന് എത്രപേർക്ക് അറിയാം?. സൈപ്രസ് രാജ്യം നിലവിൽ വന്നതും മേനോൻ്റെ നിർദേശങ്ങൾ അനുസരിച്ചാണ്. വിവിധ രാജ്യാന്തരവിഷയങ്ങൾ സംബന്ധിച്ച് വി കെ കൃഷ്ണമേനോൻ നടത്തിയ പ്രസംഗങ്ങൾ അവലംബിച്ചു പ്രബന്ധങ്ങൾ തയാറാക്കി ഡോക്ക്ടറേറ്റ് നേടിയ നിരവധി ഉദാഹരണങ്ങൾ ജയറാം രമേഷ് തൻ്റെ ജീവചരിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്.
കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റ തരൂരിന് വർക്കിംഗ് കമ്മറ്റി സ്ഥാനം നൽകിയെങ്കിലും കോൺഗ്രസിൻ്റെ അകത്തളങ്ങളിൽ അദ്ദേഹത്തിന് ഒരു സ്ഥാനവുമില്ല. പാർലിമെൻ്റിൽ തരൂർ നടത്തുന്ന പ്രസംഗങ്ങൾ പോലെ ആധികാരികമായി സംസാരിക്കാൻ കഴിവുള്ളവർ അധികമില്ല.
രാഷ്ട്രീയം ഉപജീവന മാർഗ്ഗമല്ലാത്ത ചുരുക്കം നേതാക്കളിൽ ഒരാളാണ് ശശി തരൂർ.
തരൂരിൻ്റെ പുസ്തകങ്ങളും പ്രസംഗങ്ങളും അടിസ്ഥാനമാക്കി ഭാവിയിൽ പലരും പി എച്ച് ഡി നേടും എന്ന കാര്യത്തിൽ സംശയമില്ല.
– ജോയ് കള്ളിവയലിൽ.
Posted inUncategorized