ഫാദർ സ്റ്റാൻ സ്വാമിയും പ്രൊഫസർ സായിബാബയും

#ഓർമ്മ
#publicaffairs

ഫാദർ സ്റ്റാൻ സ്വാമിയും പ്രൊഫസർ സായിബാബയും.

ഭരണകൂട ഭീകരതക്ക് ഒരു രക്‌തസാക്ഷി കൂടി ഉണ്ടായിരിക്കുന്നു – പ്രൊഫസർ ജി എൻ സായിബാബ (1967-2024).

ഫാദർ സ്റ്റാൻ സ്വാമിയെപ്പോലെ ജെയിലിൽ കഴിയുമ്പോൾ മരണം സംഭവിച്ചില്ല എന്ന് മാത്രം. ജെയിലിലിൽ അനുഭവിച്ച പീഠനങ്ങളാണ് വർഷങ്ങളായി വീൽ ചെയറിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിൻ്റെ മരണത്തിലേക്ക് നയിച്ചത് എന്നതിൽ സംശയമില്ല.

മനുഷ്യാവകാശ പ്രവർത്തകർക്ക് എക്കാലവും ആവേശം ജനിപ്പിക്കുന്ന ദീപ്തനക്ഷത്രമായിരിക്കും
ഫാദർ സ്റ്റാൻ സ്വാമി. രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ കൂടാതെ ജെയിലിൽ അടക്കപ്പെട്ട ഏറ്റവും പ്രായമുള്ളയാളാണ് അദ്ദേഹം. ജെയിലിൽ അടിസ്ഥാനസൗകര്യങ്ങൾ പോലും നിഷേധിക്കപ്പെട്ടിട്ടും കോടതി കണ്ണടച്ചുനിന്നതു മൂലം മരണത്തിലേക്ക് തള്ളിവിടപ്പെട്ട സ്റ്റാൻ സ്വാമിയുടെ രക്തസാക്ഷിത്തിന് ഒരു വർഷം മുൻപ്
Reny Ayline എന്ന പത്രപ്രവർത്തകൻ എഴുതിയത് വായിക്കുക.

“പോപ്പുലർ ഫ്രണ്ട് നിരോധനത്തിന്റെ വസ്തുതാന്വേഷണവുമായി ബന്ധപ്പെട്ട് 2018ലാണ് ആദ്യമായി ഞാൻ ജാർഖണ്ഡിൽ പോകുന്നത്. പത്തുവർഷത്തിനിടെ പതിനാലു സംഘടനകളെ നിരോധിച്ച നാടാണ് ജാർഖണ്ഡ്. ഡൽഹിയിൽ വെച്ചുതന്നെ സുപ്രീംകോടതി അഭിഭാഷക വൃന്ദ ഗ്രോവർ അടക്കമുള്ള പലരും എന്നോട് പറഞ്ഞത് ഫാദർ സ്റ്റാൻസിനെ നിങ്ങൾ കാണണം. അവിടെ സർക്കാർ നടത്തുന്ന ഭീകരതകളെക്കുറിച്ചുള്ള കൃത്യമായ ചിത്രം അദ്ദേഹം തരും. സാധാരണ വൈദീകരെക്കുറിച്ചുള്ള ധാരണ ആകെ അട്ടിമറിക്കുന്ന ഒരു മനുഷ്യനാണ് ഫാദർ സ്റ്റാൻസ്. ജാർഖണ്ഡിൽ ആദിവാസികളുടെ ഭൂമിക്കുവേണ്ടി നടത്തുന്ന പോരാട്ടം എന്ന് പറയുന്നത് ഫലഭൂയിഷ്ടമായ ധാതുക്കൾ നിറഞ്ഞ മണ്ണിൽ കൂറ്റൻ യന്ത്രങ്ങളുടെ പല്ലുകൾ ആഴത്തിൽ കുത്തി നിലയുറപ്പിച്ചിരിക്കുന്ന അന്താരാഷ്ട്ര കുത്തകകളോടാണ് ഏറ്റുമുട്ടേണ്ടിവരുന്നത് എന്നോർക്കണം. മാവോയിസ്റ്റുകൾ എന്ന് മുദ്രകുത്തി ആദിവാസികളെ ജയിലിൽ അടക്കുന്നത് അന്നാട്ടിൽ ഒരു സാധാരണ സംഭവമാണ്.

എന്നാൽ ‘Deprived Rights Over Natural Resources, Impoverished Adivasis Get Prison ‘ എന്ന ഒരൊറ്റ പുസ്തകം മാത്രം മതി ഫാദർ സ്റ്റാൻസ് ആരാണെന്ന് മനസിലാക്കാൻ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജാർഖണ്ഡിലെ വിചാരണ തടവുകാരെക്കുറിച്ചുള്ള ഈ ഒരൊറ്റ റിപ്പോർട്ട് മാത്രം മതി അധികാരികൾക്ക് അദ്ദേഹത്തോട് പക തോന്നാൻ. കാരണം വസ്തുതകളും രേഖകളും നിരത്തിക്കൊണ്ട് സർക്കാർ ആദിവാസികൾക്ക് നേരെ നടത്തുന്ന മനുഷ്യവകാശലംഘനങ്ങൾ കൃത്യമായി വിവരിക്കുന്നു. ലാറ്റിൻ അമേരിക്കയിലോ ഫിലിപ്പീൻസിലോ ഒരു പക്ഷെ നമുക്ക് ഫാദർ സ്റ്റാൻസിനെ പോലുള്ളവരെ കാണാൻ സാധിക്കും എന്നാൽ ഇന്ത്യയിൽ അങ്ങനെയൊന്നു സംഭവിക്കുക അപൂർവമാണ്”.

മലയാളികൾ മറന്നുപോയ ഒരു സംഭവമുണ്ട്. സിസ്റ്റർ വത്സ ജോൺ എന്ന കന്യാസ്ത്രീയെ ഇതേ ജാർഖണ്ഡിൽ വച്ചാണ് ഖനി മാഫിയകൾ വകവരുത്തിയത്‌.

അത്തരം സംഭവങ്ങളുടെ പശ്ചാത്തലമുള്ള ഒരു സംസ്ഥാനത്തിരുന്നു കൊണ്ടു കത്തോലിക്കാസഭയിലെ ഒരു ജസ്യൂട്ട് വൈദികൻ സത്യം വിളിച്ചുപറയുന്നത് ഒട്ടും ലളിതമല്ല. സുഖലോലുപതയിൽ മതിമറന്നുകൊണ്ടു കൊലപാതകം മുതൽ ബലാത്സംഗം തുടങ്ങി ബാലപീഡനം വരെ മറയ്ക്കാനും അലക്കി വെളിപ്പിച്ചെടുക്കാനും പാടുപെടുന്ന കേരളത്തിൽ സ്റ്റാൻസിനെപ്പോലുള്ള ജസ്യൂട്ട് പാതിരി വായിക്കപ്പെടാതെ പോകുന്നത് അഥവാ ചർച്ച ചെയ്യപ്പെടാതിരിക്കുന്നത് മനപൂർവം തന്നെയാണ്. എല്ലാ വിശുദ്ധന്മാരുടെയും പേരിൽ പള്ളികളുള്ള നമ്മുടെ നാട്ടിൽ എന്തുകൊണ്ടാണ് സഭ വിശുദ്ധയായി പ്രഖ്യാപിച്ച ജോൻ ഓഫ് ആർക്ക്ന്റെ പേരിൽ ഒരു ദേവാലയം ഇല്ലാത്തത് എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. (ഇംഗ്ലീഷ് അധിനിവേശത്തിനു എതിരെ ഫ്രഞ്ച്കാരുടെ പട നയിച്ച ജോൻ ഓഫ് ആർക്ക് സായുധകലാപത്തിന് പ്രേരിപ്പിക്കും എന്ന് പേടിച്ചിട്ടാണോ …?)

ജസ്യൂട്ട് സഭ ഇന്ത്യയിലെ വിവിധയിടങ്ങളിൽ ഏറ്റവും മികച്ച സാമൂഹ്യശാസ്ത്ര പഠനകേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ബംഗ്ലൂരിലെ (ഐ എസ് ഐ) ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് അതുപോലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ യും ഫയളിയിലെയും പഠനകേന്ദ്രങ്ങൾ പോലെ തന്നെ വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ജാർഖണ്ഡിലെ ബഗേച്ച സോഷ്യൽ സെന്റർ. പ്രസ്തുത സ്ഥാപനത്തിന്റെ പേരിലാണ് ഈ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
129പേജ് വരുന്ന റിപ്പോർട്ടിൽ നാലായിരം വിചാരണത്തടവുകാരുടെ കാര്യമാണ് പ്രതിപാദിക്കുന്നത്.

2018ൽ അദ്ദേഹത്തെ കാണുമ്പോൾതന്നെ അവശത ധാരാളം ഉണ്ടായിരുന്നു. ഇന്ന് എണ്പത്തിമൂന്നാം വയസ്സിൽ ആ വൃദ്ധവൈദികൻ ഏത് സർക്കാരിനെ അട്ടിമറിക്കാനാണ് ഇറങ്ങി പുറപ്പെട്ടതെന്ന് മനസിലാകുന്നില്ല. അദ്ദേഹത്തിന്റെ മനുഷ്യാവകാശപ്രവർത്തനങ്ങൾ ഭരണകൂടത്തെ ശത്രുവാക്കിയെങ്കിൽ സഭ സംഘപരിവാറിനെതിരെ മൗനം പാലിക്കുന്നു എന്ന ഒരു ലേഖനം എഴുതിയത് സഭയുടെ അപ്രീതിക്ക് പാത്രമായി.
രാജ്യത്തെ അനീതികൾക്കെതിരെ ശബ്ദമുയർത്തിയ ചിന്തകരെയും, എഴുത്തുകാരെയും, ആക്റ്റിവിസ്റ്റുകളെയും, കോളേജ് അധ്യാപകരെയും നിശ്ശബ്ദരാക്കാൻ കിട്ടിയ ബ്രഹ്മാസ്ത്രമാണ് ‘ ഭീമ കോരേഗാവ് ‘ ഏറ്റവുമൊടുവിൽ അതിന് ഇരയായത് ഫാദർ സ്റ്റാൻസ്”. ‌

വിചാരണ കൂടാതെ വർഷങ്ങൾ ജെയിലിൽ ഇടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ് എന്ന് സുപ്രീം കോടതി ആവർത്തിക്കുന്നുണ്ട്.
ഏട്ടിലെ പശു പുല്ലു തിന്നില്ല എന്ന് നമുക്കറിയാം.
തടവറയിൽ നരകിക്കുന്ന മനുഷ്യാവകാശ പ്രവർത്തകരുടെ ജീവിതം വർത്തമാനകാല ഇന്ത്യയെ അടയാളപ്പെടുത്തുന്ന ഒന്നാണ്.

– ജോയ് കള്ളിവയലിൽ

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *