#കേരളചരിത്രം
ടൈപ്പ് റൈറ്റിംഗ്.
80 കൊല്ലം മുൻപത്തെ ഒരു പരസ്യം കാണുക.
തിരുവിതാംകൂറിലെ ഏറ്റവും വലിയ ഒരു വിദ്യാഭ്യാസ സ്ഥാപനം എന്നാണ് ടൈപ്പ്റൈറ്റിങ്, ഷോർട്ട് ഹാൻഡ്, അക്കൗണ്ടൻസി തുടങ്ങിയവ പഠിപ്പിക്കുന്ന കോട്ടയത്തെ സ്ഥാപനത്തിൻ്റെ പരസ്യം. 400 വിദ്യാർഥികൾ പഠിക്കുന്നു എന്നു് പറയുമ്പോൾ ഒരു വലിയ കോളെജ് തന്നെ. കൂട്ടത്തിൽ ഡിഗ്രി മുതൽ ഹോമിയോപ്പതി വരെ പഠിക്കാനുള്ള അവസരവുമുണ്ട്. ടൈപ്പ്റൈറ്റർ നന്നാക്കാനുള്ള വർക്ക്ഷോപ്പ് തന്നെയുണ്ട് എന്നാണ് പരസ്യത്തിൽ പറയുന്നത്. ടൈപ്പ് റൈറ്റർ കാലം അവസാനിക്കുന്നത് വരെ സാധാരണക്കാരന് കോപ്പികൾ എടുക്കാൻ ആശ്രയം ഇത്തരം ടൈപ്പ്റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ തന്നെയായിരുന്നു.
ഇന്ന് ബോംബെ, കൽക്കത്ത, മദ്രാസ് , ഡൽഹി തുടങ്ങിയ പട്ടണങ്ങളിൽ ജീവിക്കുന്ന ലക്ഷക്കണക്കിന് മലയാളികളുടെ മുൻതലമുറ ടൈപ്പും ഷോർട്ട് ഹാൻഡും പഠിച്ച് അവിടങ്ങളിലെ സ്ഥാപനങ്ങളിൽ ജോലിക്ക് കയറിയ സാധാരണക്കാരാണ്.
അവരിൽ പ്രമുഖനാണ് സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം നാട്ടുരാജ്യങ്ങളെ ഇന്ത്യാ രാജ്യത്തോട് ചേർക്കാൻ സർദാർ പട്ടേലിൻ്റെ വലംകൈയായി പ്രവർത്തിച്ച ഇന്ത്യയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റ്സ് പദവി വരെ ഉയർന്ന വി പി മേനോൻ. സ്കൂളിൽ പഠിക്കുമ്പോൾ വീട്ടിൽ നിന്ന് ഒളിച്ചോടിയ വി പി മേനോൻ ജീവിക്കാൻ കണ്ടെത്തിയ മാർഗമായിരുന്നു അത്.
60 വര്ഷം മുൻപ് എൻ്റെ ചെറുപ്പകാലത്ത് സാധാരണക്കാരനായ ഒരു വിദ്യാർഥിയുടെ അഭിലാഷം എസ് എസ് എൽ സി കഴിഞ്ഞ്
ടൈപ്പും ഷോർട്ട് ഹാൻ്റും പഠിച്ച് ഒരു ജോലി സമ്പാദിക്കുക എന്നതായിരുന്നു. ചെറുപട്ടണങ്ങളിൽ പോലും അതിനുള്ള ഇൻസ്റ്റിറ്റ്യൂട്ടുകൾ സാധാരണമായിരുന്നു.
എൻ്റെ കുട്ടിക്കാലത്തെ ഒരു അത്ഭുതം ഒന്നാന്തരം ഇംഗ്ലീഷിൽ ടൈപ്പ് ചെയ്ത് മുത്തശ്ശൻ ജേക്കബ് ചെറിയാൻ എൻ്റെ അമ്മക്ക് അയച്ചിരുന്ന എഴുത്തുകളാണ്.
കമ്പ്യൂട്ടറിൻ്റെ വരവോടെ ടൈപ്പ്റൈറ്റർ അപ്രത്യക്ഷമായി. ഓഫീസുകളിൽ നിരന്തരം ശബ്ദായമയമായി പ്രവർത്തിച്ചിരുന്ന ടൈപ്പ്റൈറ്ററുകൾ ഗതകാല ഓർമ്മകൾ മാത്രമായി. കോപ്പികൾ വേണമെങ്കിൽ ടൈപ്പ്റൈറ്ററിൽ കാർബൺ വെച്ച് കോപ്പി എടുക്കണം. പിന്നീട് സൈക്ലോസ്റ്റൈൽ മെഷീൻ വന്നു. അതിനുശേഷം വന്ന ഫോട്ടോകോപ്പി മെഷീനും പോയി കമ്പ്യൂട്ടർ പ്രിൻ്ററുകൾ വന്നു. അതിലും ഇങ്ക് പ്രിൻ്ററുകൾ പോയി ലേസർ പ്രിൻ്റിംഗ് – വേണമെങ്കിൽ കളറിൽ – ആയി.
ഇന്ന് കമ്പ്യൂട്ടർ മാത്രമല്ല മൊബൈൽ ഫോണും, ടാബും ടൈപ്പ്റൈറ്ററുകളാണ്. പുതിയ തലമുറ അവിടെയും കഴിഞ്ഞ് വോയ്സ് മെയിലുകളുടെ ലോകത്ത് പ്രവേശിച്ചുകഴിഞ്ഞു.
ഇതൊക്കെയാണെങ്കിലും 40 കൊല്ലം മുൻപ് എൻജിനീയറായി ജോലികിട്ടിയ ഉടനെ ബോംബെയിൽ വെച്ച് വാങ്ങിയ ഇറ്റാലിയൻ പോർട്ടബിൾ ടൈപ്പ് റൈറ്റർ എൻ്റെ പ്രിയപ്പെട്ട ഓർമ്മയാണ്. എൻ്റെ ഭാര്യാപിതാവിൻ്റെ പോർട്ടബിൾ ടൈപ്പ്റൈറ്റർ ഇപ്പോഴും അലമാരയിൽ വിശ്രമിക്കുന്നു.
– ജോയ് കള്ളിവയലിൽ.
അടിക്കുറിപ്പ്:
എസ് എസ് എൽ സി കഴിഞ്ഞപ്പോൾ ഞാനും വാങ്ങി ഒരു പിറ്റ്മാൻസ് ഷോർട്ട് ഹാൻഡ് പുസ്തകം. ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി പഠിക്കാൻ പറ്റാഞ്ഞത് കൊണ്ട് രണ്ടു വിരലുകൾ മാത്രം ഉപയോഗിച്ചായിരുന്നു ടൈപ്പിംഗ്. ഇപ്പൊൾ മൊബൈലിൽ ഒറ്റ വിരൽ കൊണ്ടാണ് എഴുത്ത്. ടാബിൽ എഴുതാൻ പ്രത്യേകമായി ഒരു തരം പെൻസിൽ തന്നെയുണ്ട്.
– ജെ. എ.
ഡിജിറ്റൽ ഫോട്ടോ: gpura.org.


