#ചരിത്രം
#books
അന്ധവിശ്വാസവും കൊലപാതകവും.
വിശ്വാസത്തിൻ്റെ പേരിൽ നടത്തുന്ന കൊലപാതകങ്ങൾ ഇന്ത്യയിൽ ഇന്നും സാധാരണമാണ്.
അന്ധവിശ്വാസങ്ങൾ ക്ക് വേരോട്ടമില്ലാത്ത പുരോഗമന സംസ്ഥാനമാണ് കേരളം എന്നാണ് നമ്മൾ അഭിമാണിക്കുന്നത്. എന്നാല് രണ്ടുവർഷം മുൻപ്
ഇലന്തൂരിൽ മൂന്ന് അന്ധവിശ്വാസികൾ
( ഒരാൾക്ക് താൻ ഒരു സിദ്ധനാണ് എന്ന് ആ ദമ്പതികളെ വിശ്വസിപ്പിക്കാൻ സാധിച്ചു എന്നതാണ് സങ്കടം) ചേർന്ന് നടത്തിയ മൃഗീയമായ ഇരട്ടക്കൊലപാതകങ്ങൾ മലയാളികളുടെ ആത്മാഭിമാനത്തിന് ഏൽപ്പിച്ച ക്ഷതം വളരെ വലുതാണ്.
നൂറ്റാണ്ടുകളായി നമ്മുടെ നാട്ടിൽ നിലനിൽക്കുകയും ആചരിക്കുകയും ചെയ്യുന്ന, ബ്രാഹ്മണവാദത്തിലും ജാതിചിന്തയിലും അധിക്ഷ്ടിതമായ വിശ്വാസങ്ങളും ആചാരങ്ങളുമാണ്, ഇതിൻ്റെ അടിസ്ഥാനകാരണം എന്ന് അംഗീകരിക്കാൻ നമുക്കു മടിയാണ്.
ഇക്കൂട്ടത്തിൽ പെടുത്താവുന്ന ഒരു അന്ധവിശ്വാസിയായിരുന്നു ഗാന്ധിജിയുടെ കൊലപാതകിയായ നാഥുറാം ഗോഡ്സെ എന്നത് മിക്കവർക്കും പുതിയ അറിവായിരിക്കും.
അന്ധവിശ്വാസികൾ നിറഞ്ഞ ഒരു ബ്രാഹ്മണകുടുംബത്തിലാണ് ഗോഡ്സെ ജനിച്ചത്. 1901, 1904 , 1907 വർഷങ്ങളിൽ ജനിച്ച മൂന്ന് ആൺകുട്ടികൾ മരിച്ചതോടെ നാലാമനായ രാമചന്ദ്രനെ പെൺകുട്ടിയായിട്ടാണ് മാതാപിതാക്കൾ വളർത്തിയത്. മൂക്കുത്തി ( നാഥ്) ധരിച്ചിരുന്ന അവനെ എല്ലാവരും നാഥുറാം എന്ന് വിളിച്ചതിൽ അത്ഭുതമില്ല. ഉള്ളിൽ അപകർഷതാബോധം നിറഞ്ഞ നാഥുറാം സഹപാഠികളിൽ നിന്നകന്ന് പൂജാമുറിയിലാണ് ബാല്യം അധികവും ചെലവഴിച്ചത്. സഹോദരി മതുരയുടെ അസുഖം ഒരു അത്ഭുതംവഴി താൻ ഭേദമാക്കി എന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ അയാൾക്ക് സാധിച്ചു. നാട്ടുകാർ അയാളെ ഒരു സിദ്ധനായിട്ടാണ് കണക്കാക്കിയിരുന്നത് .
വളർന്നപ്പോൾ തൻ്റെ പുരുഷത്വം തെളിയിക്കാനുള്ള ഒരു അവസരമായിട്ടാണ് നാഥുറാം വിനായക് ഗോഡ്സെ ഗാന്ധിവധത്തെ കണ്ടത്. ബാല്യകാലം വിസ്മരിക്കാൻ അയാൾ ആഗ്രഹിച്ചു. കോടതിയിൽ ഹാജരാക്കിയ 32 പേജുള്ള സ്റ്റേറ്റ്മെൻ്റിൽ വെറും രണ്ടു പേജാണ് തൻ്റെ ബാല്യകാലം വിവരിക്കാൻ അയാൾ വിനിയോഗിച്ചത്. 38വയസ്സുള്ള ഗോഡ്സെ പോലീസിനോട് പറഞ്ഞത് തനിക്ക് 25വയസ്സ് മാത്രമാണ് പ്രായം എന്നാണ്.
വിദ്യാർഥികളും അധ്യാപകരും യുവാക്കളും പോലും ശാസ്ത്രബോധമില്ലാത്ത, അന്ധവിശ്വാസവും അനാചാരങ്ങളും നയിക്കുന്ന, ഒരു തലമുറയായി വളരുന്ന ഇന്നത്തെ കേരളസമൂഹം വായിക്കേണ്ട ഒരു പുസ്തകമാണ് ധീരേന്ദ്ര ഝാ എഴുതിയ ഗാന്ധിയുടെ ഘാതകൻ ( Gandhi’s Assassin).
– ജോയ് കള്ളിവയലിൽ.




