#ഓർമ്മ
#films
കിഷോർ കുമാർ.
കിഷോർ കുമാറിൻ്റെ (1929-1989) ഓർമ്മദിവസമാണ്
ഒക്ടോബർ 13.
ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച ഗായകരിൽ ഒരാളാണ് അഭസ് കുമാർ ഗാംഗുലി എന്ന കിഷോർ കുമാർ.
സെൻട്രൽ പ്രോവിൻസിലെ ( ഇന്നത്തെ മധ്യപ്രദേശ്) ഖാൻഡ്വായിൽ ഒരു ബംഗാളി ബ്രാഹ്മണകുടുംബത്തിൽ ജനിച്ച അഭസ് കുമാർ ഗാംഗുലി സിനിമാനടനായ ജ്യേഷ്ഠൻ അശോക് കുമാറിനെ പിന്തുടർന്നാണ് ബോംബെയിൽ എത്തിയത്. അശോക് കുമാറിൻ്റെ വീട്ടിൽവെച്ച് അനുജൻ പാടുന്നത് കേട്ട എസ് ഡി ബർമ്മനാണ് കിഷോറിന് സിനിമയിൽ പിന്നണി പാടാൻ അവസരം ഉണ്ടാക്കിയത്. 1950കൾ മുതൽ 70കൾ വരെ ദേവ് ആനന്ദിൻ്റെ ശബ്ദമാകാൻ അവസരം കൊടുക്കുക മാത്രമല്ല ഗാനങ്ങൾ പാടാൻ പരിശീലനം നൽകുകകൂടി ചെയ്തു ബർമ്മൻ ദാ.
1970 ൽ ശക്തി സാമന്ത നിർമ്മിച്ച ആരാധന എന്ന ചിത്രമാണ് രാജേഷ് ഖന്ന എന്ന സൂപ്പർ താരത്തിനും അതിലെ ഗാനങ്ങൾ പാടി ഹിറ്റാക്കിയ കിഷോറിനും വഴിയൊരുക്കിയത്. രാജേഷ് ഖന്നക്ക് വേണ്ടി മാത്രം 246 ഗാനങ്ങൾ അദ്ദേഹം പാടി. എസ് ഡി ബർമ്മനും ആർ ഡി ബർമ്മനും വേണ്ടി മാത്രമല്ല സലിൽ ചൗധരി ഉൾപ്പെടെ മിക്ക സംഗീതസംവിധായകർക്കും വേണ്ടി കിഷോർ പാടി.
ഫിലിം ഫെയർ അവാർഡുകൾ മാത്രം നേടിയത് 8 എണ്ണമാണ്.
1946ൽ അശോക് കുമാർ നായകനായ ചിത്രത്തിൽ അഭിനയം തുടങ്ങിയ കിഷോർ പിന്നീട് വന്ന ദശകങ്ങളിൽ നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. 1962ൽ ഖുംറൂ എന്ന ചിത്രത്തിൽ അഭിനയിക്കുക മാത്രമല്ല സംഗീതസംവിധാനം കൂടി ചെയ്തു.
റുമ ഘോഷ് (1950), മധുബാല (1966), യോഗിത ബാലി (1976), ലീന ചന്ദ്രവർക്കർ (1980) എന്നിങ്ങനെ നാലുതവണ വിവാഹിതനായി കിഷോർ വ്യക്തിജീവിതത്തിലും റെക്കോർഡിട്ടു.
ബോംബെയിൽ വെച്ച് ജ്യേഷ്ഠൻ അശോക് കുമാറിൻ്റെ ജന്മദിനത്തിൽ കിഷോർ ഈ ലോകത്തോട് വിട പറഞ്ഞു.
– ജോയ് കള്ളിവയലിൽ.
https://youtu.be/wWkCj2iS9OU




