#കേരളചരിത്രം
#religion
വാഴക്കുളം കൊവേന്ത
സീറോ മലബാർ സഭയുടെ ചരിത്രത്തിൽ ഒരു സുപ്രധാന ഇടം വഹിക്കുന്ന ഒന്നാണ് മൂവാറ്റുപുഴക്കും തൊടുപുഴക്കും മദ്ധ്യേയുള്ള വാഴക്കുളം കൊവേന്ത എന്ന കാർമൽ ആശ്രമം.
സഭയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ സന്യാസസഭയായ സി എം ഐ യുടെ നാലാമത്തെ ആശ്രമമാണ് 1859ൽ സ്ഥാപിതമായ വാഴക്കുളം കോവേന്ത.
1831 മെയ് 11ന് കോട്ടയം ജില്ലയിലെ മാന്നാനത്ത് തോമസ് പാലയ്ക്കൽ, കുര്യാക്കോസ് ഏലിയാസ് ചാവറ, തോമസ് പോരൂക്കര എന്ന മൂന്നു കർമ്മലീത്ത വൈദികർ ചേർന്നാണ് ആദ്യത്തെ ആശ്രമം തുടങ്ങിയത്.
1855 ൽ മാർപാപ്പയുടെ അംഗീകാരം കിട്ടിയ സന്യാസസഭയുടെ ആദ്യത്തെ പ്രിയോർ ( തലവൻ) ഫാദർ ചാവറയായിരുന്നു. 16 വര്ഷം ചാവറ ഏലിയാസ് അച്ചൻ ആ സ്ഥാനത്ത് തുടർന്നു.
1860ൽ കർമ്മലീത്ത നിഷ്പാദുക മൂന്നാം സഭ ( TOCD) എന്ന പേര് സ്വീകരിച്ച സഭ 1958ൽ സി എം ഐ ( CMI) എന്ന് പേര് മാറ്റി.
വാഴക്കുളത്ത് ആശ്രമം സ്ഥാപിച്ചതിൻ്റെ ചരിത്രം പറയുന്ന അമൂല്യ രേഖയാണ്
” സ്വർണ്ണ ജൂബിലി” യോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക.
165 വര്ഷം മുൻപ് ആശ്രമം തുടങ്ങുന്ന സമയത്ത് സമീപപ്രദേശങ്ങളിൽ കത്തോലിക്കാസഭയുടെ കീഴിൽ ആരക്കുഴ , മൈലക്കൊമ്പ് എന്നീ രണ്ടു പള്ളികൾ മാത്രമാണ് ഉണ്ടായിരുന്നത്.
കൊവേന്ത സ്ഥാപനം സംബന്ധിച്ച ആകസ്മിക സംഭവങ്ങൾ രസകരമായി വിവരിക്കുന്ന ലേഖനം കാണുക. പൗരാണിക ശൈലിയിൽ നിർമ്മിച്ച പ്രൗഢഗംഭീരമായ ആശ്രമ ദേവാലയം ഇന്നും നിലനിൽക്കുന്നു.
ആശ്രമത്തോട് ചേര്ന്ന് സ്ഥാപിച്ച വിദ്യാലയം മൂവാറ്റുപുഴ, തൊടുപുഴ, കോതമംഗലം, കൂത്താട്ടുകളും പ്രദേശങ്ങളിലെ അനേകർക്ക് വിദ്യാഭ്യാസം നേടാൻ അവസരം നൽകി.
15 കിലോമീറ്റർ അകലെയുള്ള വടകരയിൽ നിന്ന് നടന്നു വന്ന് പഠിച്ചിരുന്ന കാര്യം ചങ്ങനാശ്ശേരി എസ് ബി കോളേജിലെ പ്രഗത്ഭനായ അധ്യാപകനായിരുന്ന പ്രൊഫസർ പി വി ഉലഹന്നാൻ മാപ്പിള വിവരിച്ചിട്ടുണ്ട്.
കേരളാ കോൺഗ്രസ് സ്ഥാപക നേതാവ് കെ എം ജോർജ് മുൻ വിദ്യാർഥിയാണ്. അദ്ദേഹത്തിൻ്റെ സഹപാഠിയും ഉറ്റ സുഹൃത്തുമായിരുന്നു തമിഴ്നാട് വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന എൻ്റെ ഭാര്യാപിതാവ് കെ എ ജോസഫ് കൊച്ചിക്കുന്നേൽ.
അന്ന് കുഗ്രാമമായിരുന്ന വാഴക്കുളം പൈനാപ്പിളിൻ്റെ രാജ്യത്തെ ഏറ്റവും വലിയ വിപണനകേന്ദ്രമെന്ന നിലയിൽ ഇന്ന് ഇന്ത്യ മുഴുവൻ പ്രശസ്തമാണ്.
– ജോയ് കള്ളിവയലിൽ.
ഡിജിറ്റൽ ചിത്രങ്ങൾ: gpura.org







