#കേരളചരിത്രം
യൂദന്മാരും കേരളവും.
ഇസ്രയേൽ പലസ്തീൻ ഭിന്നതയിൽ ഒരു നല്ല വിഭാഗം മലയാളികൾ ഇസ്രയേൽ പക്ഷത്ത് നിലുയുറപ്പിക്കുന്നതിൽ അത്ഭുതമില്ല.
യൂദന്മാരും മലയാളക്കരയും തമ്മിലുള്ള ബന്ധത്തിന് ഇസ്രയേൽ രാജാവ് സോളമൻ്റെ കാലത്തോളം പഴക്കമുണ്ട്.
2000 വർഷങ്ങൾ മുൻപ് ക്രിസ്തുമതം കേരളത്തിൽ എത്തുമ്പോൾ വ്യാപാരത്തിനായി എത്തിയ പരശതം യഹൂദന്മാർ ഇവിടെ സ്ഥിരതാമസമുണ്ടായിരുന്നു . കൊടുംഗല്ലൂർ, മാള, ചെന്ദമംഗലം, കൊച്ചി, മട്ടാഞ്ചേരി, ചേർത്തല തുടങ്ങിയ യഹൂദ ആവാസകേന്ദ്രങ്ങളുടെ അവശേഷിപ്പുകൾ ഇന്നും നിലനിൽക്കുന്നു. കണ്ണൂരിൽ പോലും ഒരു യൂദക്കുളം ഉണ്ട്.
ഒരു കാലത്ത് 8 സിനഗോഗുകൾ ആരാധനക്ക് ഉണ്ടായിരുന്ന സ്ഥലത്ത് ഇന്ന് എറണാകുളം കാവുംഭാഗം, മട്ടാഞ്ചേരി , ചേന്ദമംഗലം സിനഗോഗുകൾ മാത്രമാണ് അവശേഷിക്കുന്നത്. അവ തന്നെ ചരിത്ര സ്മാരകങ്ങൾ മാത്രമാണ്. ഏതാനും യഹൂദർ മാത്രമേ ഇനി കേരളത്തിൽ ബാക്കിയുള്ളു.
മലയാളികളായ യൂദന്മാർക്ക് തനതായ ഒരു സംസാരഭാഷ തന്നെ ഉണ്ടായിരുന്നു. സ്വന്തമായ വേഷവിധാനങ്ങളും ആചാരങ്ങളും അവരെ വ്യത്യസ്തരാക്കി. അവരിൽ തന്നെ കറുത്ത യൂദന്മാരും വെളുത്ത യൂദന്മാരും, മോരും മുതിരയും പോലെ, വ്യത്യസ്ത വർഗങ്ങളായി നിലകൊണ്ടു.
1951ലെ സെൻസസ് പ്രകാരം കേരളത്തിൽ 36000 യൂദന്മാർ ഉണ്ടായിരുന്നു. 1948ൽ ഇസ്രയേൽ രാജ്യം നിലവിൽ വന്നതോടെ അങ്ങോട്ട് വൻതോതിൽ കുടിയേറ്റം നടന്നു . കുറെ ആളുകൾ തെരഞ്ഞെടുത്തത് അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണ്.
ഇസ്രയേലിൽ ഇപ്പൊൾ 7000നും 8000നുമിടയിൽ മലബാറി യൂദന്മാർ ഉണ്ടെന്നാണ് കണക്ക്.
1961 ആയപ്പോഴേക്കും കേരളത്തിലെ യൂദന്മാരുടെ ജനംസംഖ്യ 370 ആയി കുറഞ്ഞു. 2000ൽ അത് വെറും 61 ആയി. 2023ൽ ബാക്കിഉണ്ടായിരുന്നത് വെറും 16 മാത്രം.
കൊച്ചിക്ക് മറക്കാൻ കഴിയാത്ത പേരാണ് എസ് കോഡർ എന്ന സാട്ടു കോഡർ. 1951ലെ വിവാഹ ഫോട്ടോയിൽ ഉള്ളത് ഗ്ലോറിയ ഏലിയാസ് കോഡറും ഇന്ത്യൻ നേവിയിൽ ലെഫ്ടെനെൻ്റ് ആയിരുന്ന നപ്താലി കോഡറുമാണ്.
എം ൽ സി ആയിരുന്ന എ ബി സേലം യൂദ ഗാന്ധി എന്നാണ് അറിയപ്പെട്ടിരുന്നത്.
1971ൽ പുറത്തുവന്ന ഒരു പെണ്ണിൻ്റെ കഥ ഉൾപ്പടെ നിരവധി സിനിമകൾക്ക് കഥ എഴുതിയത് എറണാകുളം ലോ കോളേജിൽ വയലാർ രവി ഉൾപ്പെടെയുള്ളവരുടെ സഹപാഠിയായിരുന്ന ഇ മോസസ് ആണ്.
മട്ടാഞ്ചേരി സിനഗോഗിൻ്റെ അവസാനത്തെ മേൽനോട്ടക്കാരനായിരുന്നു ജോസഫ് ഏലിയ ജോസഫായി. എൻ്റെ തലമുറക്ക് പരിചിതമായ കാഴ്ച്ചയായിരുന്നു അതിമനോഹരമായ ലെയ്സ് തൂവാലകൾ തയ്ച്ച് വിറ്റിരുന്ന സാറാ കോഹെൻ.
എൻജിനീയറിംഗ് കോളേജിൽ എൻ്റെ പ്രിയപ്പെട്ട അധ്യാപകനായിരുന്ന പ്രൊഫസർ പി എം ജുസ്സെ ( വലിയമ്മ യഹൂദ സ്ത്രീയായിരുന്നു) ഉൾപ്പെടെ നിരവധി ചരിത്രകാരന്മാർ കേരളത്തിലെ യഹൂദചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്നവരേക്കാൾ മരിച്ച യഹൂദന്മാരാണ് കൂടുതൽ എന്നതിൻ്റെ അടയാളങ്ങളായി വിവിധ സ്ഥലങ്ങളിൽ യൂദശ്മശാനങ്ങൾ മാത്രം അവശേഷിക്കുന്നു.
– ജോയ് കള്ളിവയലിൽ.
Saju Chelangad എഴുതുന്നു:
ഇന്നും ചേർത്തല താലൂക്കിലെ വിവിധ വില്ലേജ് ഓഫീസുകളിലെ തണ്ടപ്പേരുകൾ ഇസ്രായേലിലുള്ള ജൂതൻമാരുടേതാണ്. ആയിരം ഏക്കറിലധികം സ്ഥലങ്ങൾ ഇപ്പോഴും അവരുടെ പേരിലാണ്.
( ഡിജിറ്റൽ ഫോട്ടോകൾ : Thoufeek Zakriya )




















