#ഓർമ്മ
ഡോക്ടർ റാം മനോഹർ ലോഹ്യ.
ഡോക്ടർ ലോഹ്യയുടെ
( 1910- 1967) ചരമവാർഷികദിനമാണ്
ഒക്ടോബർ 12.
സ്വതന്ത്ര ഇന്ത്യയിൽ ഭരണത്തിൽ പങ്കാളികളായിരുന്നെങ്കിൽ രാജ്യത്തിൻ്റെ ഭാഗധേയം തന്നെ മാറിയേനെ എന്ന് കരുതപ്പെടുന്ന രണ്ടു നേതാക്കളാണ് ജയപ്രകാശ് നാരായനും, റാം മനോഹർ ലോഹ്യയും. രണ്ടുപേരും പ്രധാനമന്ത്രി നെഹ്റുവിൻ്റെ പോക്കിൽ കലഹിച്ച് മന്ത്രിസഭകളിൽ അംഗമാകാൻ വിസമ്മതിച്ചു. കോൺഗ്രസ് വിട്ട് സോഷ്യലിസ്റ്റ് ചേരിയിലായി.
1933ൽ ജർമനിയിലെ ബെർലിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടർ ബിരുദവുമായി ലോഹ്യ തിരിച്ചെത്തിയത് ഇന്ത്യക്ക് സ്വന്തമായി ഒരു വികസനസിദ്ധാന്തം രൂപപ്പെടുത്തേണ്ടതുണ്ട് എന്ന ഉറച്ച വിശ്വാസവുമായാണ്. യൂറോപ്പിലെയും, സോവിയറ്റ് യൂണിയനിലെയും, അമേരിക്കയിലെയും, ഭരണരീതികൾ ഇന്ത്യക്ക് പറ്റിയതല്ല എന്ന് ദീർഘനാളത്തെ പഠനങ്ങളിലൂടെ അദ്ദേഹം തിരിച്ചറിഞ്ഞു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജെയിലിൽ വെച്ചാണ് സമാന ചിന്താഗതിക്കാരായ മറ്റ് യുവ നേതാക്കളെ പരിചയപ്പെടുന്നത്. ജെയിലിൽ നിന്ന് പുറത്ത് വന്ന ശേഷം
1934ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കാൻ നരേന്ദ്ര ദേവ, സമ്പൂർണാനന്ത്, അചുത് പട്വർഥൻ, ജയപ്രകാശ് നാരായൺ, യൂസഫ് മെഹറാലി , മിനു മസാനി, ഇ എം എസ് നമ്പൂതിരിപ്പാട്, തുടങ്ങിയവരുടെയൊപ്പം യുവാവായ ലോഹിയയും ഉണ്ടായിരുന്നു. ഇടതുപക്ഷവും വലതുപക്ഷവും അദ്ദേഹത്തിന് സ്വീകാര്യമല്ലായിരുന്നു. സ്വാതന്ത്ര്യസമരത്തിൽ ഗാന്ധിജിയുടെ സവിശേഷസ്ഥാനം അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു.
ഇന്ത്യ വിഭജിക്കാനുള്ള മൗണ്ട് ബാറ്റൺ പ്ലാനിനെ ഗാന്ധിജിയുടെ കൂടെ നിന്നു് കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയിൽ എതിർക്കാൻ, ഘാൻ അബ്ദുൽ ഗാഫർ ഖാൻ, ജയപ്രകാശ് നാരായൺ, ഡോക്ടർ ലോഹിയ എന്നിവർ മാത്രമാണ് ഉണ്ടായിരുന്നത്.
കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് വിട്ടുപോയതു പോലെ സോഷ്യലിസ്റ്റ് ഗ്രൂപ്പും കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു.
സ്വതന്ത്ര ഇന്ത്യയിൽ പക്ഷേ സോഷ്യലിസ്റ്റുകൾ തമ്മിൽ തമ്മിൽ പോരടിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അധികാരത്തിനു വേണ്ടി, വോട്ടിനു വേണ്ടി, തൻ്റെ ആദർശം കളഞ്ഞുകുളിക്കാൻ ഇല്ല എന്ന നിലപാട് ലോഹ്യയെ പലപ്പോഴും ഒറ്റയാനാക്കി.
പാർലമെൻ്റിനകത്തും പുറത്തും പ്രധാനമന്ത്രി
നെഹ്റുവിൻ്റെ ഏറ്റവും കടുത്ത വിമർശകനായി ലോഹിയ മാറി.
8 വർഷം മൂപ്പുള്ള ജയപ്രകാശ് നാരായൺ രാഷ്ട്രീയം ഉപേക്ഷിച്ചതോടെ ലോഹ്യ ഫലത്തിൽ ഇന്ത്യയുടെ പ്രതിപക്ഷനേതാവായി മാറി.
സ്വന്തം കാലിൽ നിന്ന് ശക്തിയാർജിച്ചാൽ മാത്രമേ ചൈനയെ നേരിടാൻ കഴിയൂ എന്ന് 1962 ലെ യുദ്ധത്തിന് വളരെ മുൻപേ 1960ൽ പ്രഖ്യാപിച്ച ദീർഘദർശിയാണ് ഡോക്റ്റർ ലോഹ്യ.
പട്ടിണി, നിരക്ഷരത, സ്ത്രീകളുടെ അടിമത്തം, ഇവയാണ് രാജ്യത്തിൻ്റെ അടിസ്ഥാനപ്രശ്നങ്ങൾ എന്ന് മനസ്സിലാക്കിയ ലോഹിയ, അന്ത്യം വരെ ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥിതിക്കായി പോരാടി.
ഇന്നും വിവിധ പാർട്ടികളിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ സോഷ്യലിസ്റ്റ് വിശ്വാസികൾ ലോഹ്യയെ തങ്ങളുടെ മാർഗ്ഗദീപമായി കരുതുന്നതും അതുകൊണ്ടുതന്നെയാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized