#ഓർമ്മ
പ്രൊഫ. ജോൺ സി ജേക്കബ്.
പ്രൊഫസ്സർ ജോൺ സി ജേക്കബിൻ്റെ ( 1936-2008) ചരമവാർഷികദിനമാണ് ഒക്ടോബർ 11.
കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനത്തിന് തുടക്കം കുറിച്ചയാൾ എന്ന് വിശേഷിപ്പിക്കാവുന്ന പ്രകൃതി സ്നേഹിയാണ് ജോൺ സി . 1972ൽ പയ്യന്നൂർ കോളേജിൽ അദ്ദേഹം തുടങ്ങിയ സുവോളജി ക്ലബിലെ കുട്ടികളാണ് പിന്നീട് സൈലൻ്റ് വാലി പ്രക്ഷോഭം ഉൾപ്പെടെയുള്ള ബഹുജന പ്രസ്ഥാനങ്ങളുടെ ജീവനാഡിയായി മാറിയത്.
കോട്ടയത്ത് സി എം എസ് വിശ്വാസികളുടെ കുടുംബത്തിൽ ജനിച്ച ജോൺ ക്രിസ്റ്റഫർ ജേക്കബ്, മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ജന്തുശാസ്ത്രത്തിൽ ബിരുദവുമായി 1960ൽ കോഴിക്കോട് ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജിൽ അദ്ധ്യാപകനായി ചേർന്നു. 1972ൽ പയ്യന്നൂർ കോളേജിൽ അദ്ധ്യാപകനായി. 1992ൽ വകുപ്പ് തലവനായി വിരമിച്ചു.
പരിസ്ഥിതി സംരക്ഷണത്തിനായി സൊസൈറ്റി ഫോർ എൻവിറോൺമെൻ്റൽ എജ്യുക്കേഷൻ കേരള ( SEEK) എന്ന സംഘടനയും സൂചിമുഖി എന്ന മാസികയും അദ്ദേഹം സ്ഥാപിച്ചു. പ്രകൃതി – നിരീക്ഷണവും വ്യാഖ്യാനവും, ഉൾപ്പെടെ നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
ഹരിതം, വനമിത്ര തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയ ജോൺ സിയുടെ ഓർമ്മക്കായി കണ്ണൂർ സർവകലാശാല എല്ലാ വർഷവും സ്മാരക പ്രഭാഷണവും സംഘടിപ്പിക്കുന്നുണ്ട്.
– ജോയ് കള്ളിവയലിൽ.



