ഡോക്ടർ എ അച്യുതൻ

#ഓർമ്മ

ഡോ എ അച്യുതൻ.

പ്രൊഫസ്സർ ഡോക്ടർ എ അച്യുതൻ്റെ ( 1933-2022) ഓർമ്മ ദിവസമാണ് ഒക്ടോബർ 11.

കേരളത്തിലെ പരിസ്ഥിതിപ്രവർത്തകരിൽ അഗ്രഗണ്യനായിരുന്നു 1970കളിൽ കോഴിക്കോട് റീജനൽ എൻജിനീയറിംഗ് കോളേജിൽ എൻ്റെ പ്രിയപ്പെട്ട അധ്യാപകനായിരുന്ന അച്യുതൻ സാർ. പിന്നീട് കോഴിക്കോട് സർവകലാശാല അക്കാദമിക്ക് സ്റ്റാഫ് കോളെജ് ഡയറക്ടർ എന്ന നിലയിൽ എൻ്റെ ഭാര്യ സശികലയുടെയും അധ്യാപകനായി.

തൃശ്ശൂർ ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള അവിട്ടത്തൂരിൽ ജനിച്ച എ അച്യുതൻ
കേരള സർവകലാശാലയിൽ നിന്ന് സിവിൽ എൻജിനിയറിംഗിൽ ബിരുദവും അമേരിക്കയിലെ പ്രശസ്തമായ വിസ്കോൺസിൻ സർവകലാശാലയിൽ നിന്ന് ബിരുദാനന്തരബിരുദവും, മദ്രാസ് ഐഐടിയിൽ നിന്ന് പിഎച്ച് ഡിയും നേടി.

കേരള പൊതുമരാമത്ത് വകുപ്പിൽ എഞ്ചിനീയറായി ജീവിതം ആരംഭിച്ച എ അച്യുതൻ, തൃശ്ശൂർ, തിരുവനന്തപുരം ഗവ. എഞ്ചിനീയറിങ്ങ് കോളേജുകളിലും കോഴിക്കോട് റീജിയണൽ എഞ്ചിനീയറിങ്ങ് കോളേജിലും അധ്യാപകനായി. പിന്നീട്
കോഴിക്കോട് സർവകലാശാലയിൽ ഡീൻ ആയി ചുമതലയേറ്റു. തുടർന്ന് അക്കാദമിക് സ്റ്റാഫ് കോളേജ് ഡയറക്ടറായി. കേന്ദ്ര സർക്കാരിൻ്റെ ശാസ്ത്രസാങ്കേതിക വകുപ്പിൽ പ്രോജക്ട് ഡയറക്ടറായും ജോലിചെയ്തു.
യുജിസി, കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ്, കേരള സ്റ്റേറ്റ് പ്ലാനിങ്ങ് ബോർഡ് എന്നിവയുടെ വിദഗ്ധസമിതികളിലും വിവിധ സർവകലാശാലകളിൽ പഠനബോർഡ്, ഫാക്കൽറ്റി, അക്കാദമിക് കൗൺസിൽ, എന്നിവയിലും അംഗമായിരുന്നു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സംസ്കൃതേതര പഠന ഫാക്കൽറ്റിയുടെ ഡീനായും പ്രവർത്തിച്ചു.
ഇടക്ക് കോട്ടക്കൽ ആര്യ വൈദ്യശാലയുടെ ട്രസ്റ്റിയായും സേവനം ചെയ്തു.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ സ്ഥാപകരിൽ ഒരാളായ എ അച്യുതൻ സംസ്ഥാന സെക്രട്ടറിയായി തുടർച്ചയായി മൂന്നുതവണ പ്രവർത്തിച്ചിട്ടുണ്ട്. പരിഷത്തിൻ്റെ മാസികയായ ശാസ്ത്രഗതിയുടെയും, ഒരേ ഒരു ഭൂമിയുടെയും
പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്.
പരിസ്ഥിതിവിഷയങ്ങളിൽ ജീവിതകാലം മുഴുവൻ സജീവ സാന്നിധ്യമായിരുന്നു ഈ സിവിൽ എൻജിനീയർ.
1979ൽ ചാലിയർ മലിനീകരണത്തെക്കുറിച്ചു പഠിച്ച കമ്മറ്റിയിൽ ഡോക്ടർ അച്യുതൻ അംഗമായിരുന്നു. സൈലന്റ് വാലി സംരക്ഷണവിഷയത്തി
ൽ വിദ്യാർഥികൾ സജീവ പങ്കു വഹിച്ചതിന് ഒരു പ്രധാന കാരണക്കാരൻ സാറാണ്. പിൽക്കാലത്ത്
പ്ലാച്ചിമട ജനകീയ അന്വേഷണ കമ്മിഷൻ, എൻഡോസൾഫാൻ അന്വേഷണ കമ്മിഷൻ തുടങ്ങിയവയിൽ അംഗമായിരുന്നു.

പത്ത് പുസ്തകങ്ങളും നൂറിലധികം ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരിസ്ഥിതിപഠനത്തിന് ഒരാമുഖം എന്ന കൃതി കേരള സാഹിത്യ അക്കാദമിയുടെ 2014ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം, ശാസ്ത്ര,സാങ്കേതിക, പരിസ്ഥിതി കൗൺസിലിന്റെ പുരസ്കാരം, പവനൻ അവാർഡ് എന്നിവ നേടി.

സാർത്ഥകമായ ആ ജീവിതം 89 വയസിൽ കോഴിക്കോട്ട് അവസാനിച്ചു.
സാറിൻ്റെ ആഗ്രഹപ്രകാരം മരണാനന്തരം അചാരങ്ങളോ പൊതുദർശനമോ ഒന്നുമില്ലാതെ വിദ്യാർഥികളുടെ പഠനത്തിനായി മെഡിക്കൽ കോളേജിലേക്ക് ദേഹം കൈമാറുകയായിരുന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *