#ഓർമ്മ
#കേരളചരിത്രം
ഡോക്ടർ എ അച്ചുതനും കോട്ടക്കൽ ആര്യവൈദ്യശാലയും.
1972-76 കാലത്ത് കോഴിക്കോട് റീജണൽ എൻജിനീയറിംഗ് കോളേജിൽ എൻ്റെ അധ്യാപകനായിരുന്നു ഡോക്ടർ എ അച്യുതൻ. പിൽക്കാലത്ത്
കാലിക്കട്ട് യൂണിവേഴ്സിറ്റി അക്കാദമിക്ക് സ്റ്റഡീസ് ഡീൻ ആയിരിക്കെ എൻ്റെ ഭാര്യ ശശികലയുടെയും ഗുരുവായി, സാർ.
ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ സ്ഥാപകരിൽ ഒരാളായ അച്യുതൻ സാർ പ്രമുഖ പരിസ്ഥിതിപ്രവർത്തകൻ എന്ന നിലയിലാണ് എല്ലാവർക്കും പരിചയം.
ജാതിവാൽ മുറിച്ചുകളഞ്ഞ സാർ വാര്യർ സമുദായാംഗമാണ് എന്ന് പോലും ഞങ്ങൾക്ക് അറിയില്ലായിരുന്നു.
ഡോക്ടർ എ അച്ചുതനും അന്താരാഷ്ട്ര പ്രശസ്തമായ കോട്ടക്കൽ ആര്യവൈദ്യശാലയുമായുള്ള അടുത്ത ബന്ധം മനസ്സിലായത്
ഡോക്ടർ പി കെ വാര്യരുടെ ആത്മകഥയായ സ്മൃതിപർവ്വം വായിച്ചപ്പോഴാണ്:
“… 73 മുതൽ എൻ്റെ മരുമകൻ രാമൻകുട്ടിയും ഡോക്ടർ പി എ രവീന്ദ്രനും ട്രസ്റ്റികളായി. ……
അദ്ദേഹം ഗവ. സർവീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ കോട്ടക്കൽ ആയുർവേദ കോളേജിൻ്റെ പ്രിൻസിപ്പൽ ആയി ജോലി ചെയ്യുയായിരുന്നു. ഡെപ്യൂട്ടേഷൻ അവസാനിച്ചു സർക്കാർ സർവീസിലേക്ക് തിരിച്ചുപോയതോടെ 1980 മുതൽ ആ സ്ഥാനത്ത് കോഴിക്കോട് സർവകലാശാലയിലെ പ്രൊഫസറായിരുന്ന ഡോക്ടർ എ അച്ചുതനെ നോമിനേറ്റ് ചെയ്തു. നാരായണിക്കുട്ടി ഒപ്പോളുടെ മകൾ സുലോചനയുടെ ഭർത്താവാണ് ഡോ. അച്ചുതൻ.”
പരിസ്ഥിതിപ്രവർത്തനമാണ് തൻ്റെ തട്ടകം എന്നറിയാമായിരുന്ന അച്ചുതൻ സാർ 1991ൽ ട്രസ്റ്റി സ്ഥാനം രാജിവെച്ച് തൻ്റെ മുഴുവൻ സമയവും പരിസ്ഥിതി ഗവേഷണത്തിനും പരിസ്ഥിതി പ്രചാരണത്തിനുമായി മാറ്റിവെച്ചു . മരണംവരെ ആ മഹാഗുരു കേരളത്തിലെ പരിസ്ഥിതി സംരക്ഷണത്തിനായി തൻ്റെ ജീവിതം ഉഴിഞ്ഞുവെച്ചു.
സാർത്ഥകമായ ഒരു ജീവിതമായിരുന്നു തൻ്റേത് എന്ന ആത്മസംതൃപ്തിയോടെ തൻ്റെ ശരീരം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിന് വിട്ടുകൊടുത്തുകൊണ്ട് അദ്ദേഹം ലോകത്തോട് വിടപറഞ്ഞു .
– ജോയ് കള്ളിവയലിൽ.
Posted inUncategorized