#ഓർമ്മ
ജയപ്രകാശ് നാരായൺ.
ജയപ്രകാശ് നാരായൻ്റെ ( 1902-1979) ജന്മവാർഷിക ദിനമാണ് ഒക്ടോബർ 11.
യാതൊരു അധികാരസ്ഥാനവും കയ്യാളാതെ തന്നെ രാജ്യത്തെ ജനങ്ങൾ മുഴുവൻ ആദരപൂർവ്വം ലോക് നായക് ( ജന നായകൻ) എന്ന് വിളിച്ച ഇന്ത്യയുടെ വീരപുത്രനാണ് ജെ പി എന്ന് അനുയായികൾ സ്നേഹപൂർവ്വം വിളിച്ചിരുന്ന ജയപ്രകാശ് നാരായൺ.
ബീഹാറിലെ സരൺ ജില്ലയിൽ ജനിച്ച ജെ പി, ഡോക്ടർ രാജേന്ദ്ര പ്രസാദ് സ്ഥാപിച്ച ബിഹാർ വിദ്യാപീഠത്തിലാണ് പഠിച്ചത് .
1918 ഒക്ടോബറിൽ ഗാന്ധിജിയുടെ സബർമതി ആശ്രമത്തിലെ അന്തേവാസിയും പ്രമുഖ സ്വതന്ത്ര്യസമര സേനാനിയുടെ മകളുമായ പ്രഭാവതി ദേവിയുമായുള്ള വിവാഹം നടന്നു. ഗാന്ധിജി ചോദിച്ച സമ്മാനം ജീവിതകാലം മുഴുവൻ ബ്രഹ്മചര്യം പാലിക്കണം എന്നായിരുന്നു.
അമേരിക്കയിലെ വിസ്കോൺസിന്, ഒഹയോ, ബെർക്കിലി യൂണിവേഴ്സിറ്റികളിൽ ഉപരിപഠനം നടത്തിയ ജയപ്രകാശിനെ ഇന്ത്യയിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചത് അക്കാലത്ത് ഹാർവാർഡ് സർവകലാശാലയിലെ അധ്യാപകനായിരുന്ന ഡോക്ടർ കെ ബി മേനോനാണ്.
1929ൽ മടങ്ങിയെത്തി സ്വാതന്ത്യസമരത്തിൽ പങ്കാളിയായ ജെ പി ജെയിലിൽ വെച്ചാണ്, റാം മനോഹർ ലോഹ്യ, മിനു മസാനി, അച്ചുത് പട് വർധൻ, യൂസഫ് മെഹെറാലി തുടങ്ങിയ യുവനേതാക്കളെ പരിചയപ്പെടുന്നത്.
പുറത്ത് വന്നശേഷം രൂപീകരിക്കപ്പെട്ട കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ ആചാര്യ നരേന്ദ്ര ദേവ് പ്രസിഡൻ്റും ജയപ്രകാശ് ജനറൽ സെക്രട്ടറിയുമായി. ഈ എം എസ് ആയിരുന്നു ഒരു സെക്രട്ടറി.
സ്വാതന്ത്ര്യസമരത്തിൽ യുവജനങ്ങളുടെ ഹീറോ ആയിരുന്ന ജയപ്രകാശ് പ്രധാനമന്ത്രിയാകണം എന്ന് അഗ്രഹിച്ചവർ അനവധിയാണ്.
പക്ഷേ നെഹ്റു മന്ത്രിസഭയിൽ ഒരു മന്ത്രിയാകാൻ പോലും വിസമ്മതിച്ച ജയപ്രകാശ് പിന്നീട് രാഷ്ട്രീയം ഉപേക്ഷിച്ച് സർവോദയ പ്രസ്ഥാനത്തിൽ മുഴുകി.
ഇന്ദിരാഗാന്ധിയുടെ കാലത്ത് അഴിമതിയും സ്വജനപക്ഷപാതവും വർധിച്ചുവരുന്നത് ജെ പിയെ അസ്വസ്ഥനാക്കി. ബിഹാർ പ്രസ്ഥാനം ആരംഭിച്ച ജെ പി ഇന്ദിരയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ വിധി വന്നശേഷം ദില്ലിയിൽ നടത്തിയ കൂറ്റൻ റാലിയാണ് 1975ൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ ഇന്ദിരാഗാന്ധിയെ പ്രേരിപ്പിച്ചത് . ജെപിയടക്കം പ്രതിപക്ഷ നേതാക്കൾ മുഴുവൻ ജെയിലിൽ അടക്കപ്പെട്ടു.
1977 ൽ ജനതാ പാർട്ടി രൂപീകരിച്ച് ജെ പി ഇന്ദിരയെ അധികാരത്തിൽ നിന്ന് തൂത്തെറിഞ്ഞു.
പക്ഷേ ജെയിൽ ജീവിതം സമ്മാനിച്ച കടുത്ത വൃക്കരോഗം മൂലം 1979 ഒക്ടോബർ 8ന് പട്നയിൽ വെച്ച് ആ മഹനീയ ജീവിതം അസ്തമിച്ചു.
ചിതറിപ്പോയെങ്കിലും വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ രാഷ്ട്രീയകക്ഷികൾ ജെ പിയുടെ പൈതൃകം അവകാശപ്പെടുന്നവരാണ് .
– ജോയ് കള്ളിവയലിൽ.
Posted inUncategorized