#ഓർമ്മ
നവാബ് രാജേന്ദ്രൻ.
നവാബ് രാജേന്ദ്രൻ്റെ ( 1950-2003) ഓർമ്മദിവസമാണ്
ഒക്ടോബർ 10.
കേരള സമൂഹത്തിലെ പുഴുക്കുത്തുകൾക്കെതിരെ ജീവിതാവസാനം വരെ പോരാടിയ ഒറ്റയാൾ പട്ടാളമായിരുന്നു നവാബ്.
പയ്യന്നൂരിൽ ജനിച്ച തെക്കേ അരങ്ങത്ത് രാജേന്ദ്രൻ നവാബ് രാജേന്ദ്രനായത് നവാബ് എന്ന ഒരു പ്രസിദ്ധീകരണം തുടങ്ങിയതോടെയാണ്.
രാജേന്ദ്രനെ പോരാളിയാക്കിയത് കെ കരുണാകരനാണ്. തൃശൂരിലെ തട്ടിൽ എസ്റ്റേറ്റ് മാനേജർക്ക് കരുണാകരൻ എഴുതിയ ഒരു കത്ത് അദ്ദേഹത്തിൻ്റെ രാഷ്ട്രീയഭാവിയെ തന്നെ ബാധിക്കും എന്ന് കരുതിയ കരുണാകരൻ, ഉന്നത പോലീസ് ഓഫീസറായ ജയറാം പടിക്കലിനോട് ഏത് വിധേനയും കത്ത് കൈക്കലാക്കാൻ ആവശ്യപ്പെട്ടു. പല്ലുകൾ അടിച്ചുകൊഴിച്ചിട്ടും നവാബ് രഹസ്യങ്ങൾ വെളിപ്പെടുത്തിയില്ല . സി പി എം നേതാവായ അഴീക്കോടൻ രാഘവനു കൈമാറി എന്നാണയാൾ പറഞ്ഞത്. അഴീക്കോടൻ കൊല്ലപ്പെടാനുള്ള കാരണം ഈ പ്രസ്താവനയാണ് എന്ന് കരുതുന്നവർ പലരുമുണ്ട്.
പിന്നീടുള്ള ഐതിഹാസിക ജീവചരിത്രം കമൽ റാം സജീവ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
നവാബിൻ്റെ നീളൻ കാവി ജുബ്ബ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിൻ്റെ പ്രതീകമായി മാറി.
ഒരു ചെറിയ പത്രവാർത്തയിൽ നിന്ന് പോലും പോരാട്ടത്തിൻ്റെ കനലുകൾ നവാബ് കണ്ടെത്തി.
നവാബ് രാജേന്ദ്രൻ, ഹൈക്കോടതി വരാന്ത, എന്ന മേൽവിലാസം നവാബിൻ്റെ മാത്രം സ്വന്തമാണ്.
റോട്ടറി പ്രസ്ഥാനം നൽകിയ വമ്പൻ പുരസ്കാരത്തുക പോലും എറണാകുളം ജനറൽ ആശുപത്രിയിൽ രാജൻ സ്മാരക വാർഡ് പണിയാനാണ് നവാബ് നൽകിയത്.
മരണശേഷം ശരീരം വൈദ്യശാസ്ത്ര പഠനത്തിന് നൽകണം എന്ന ആഗ്രഹം പോലും ഭരണകൂടം അട്ടിമറിച്ചു എന്നു കരുതപ്പെടുന്നു.
കേരളസമൂഹം ഇന്ന് അന്വേഷിക്കുന്നത് ഒരു നവാബ് എവിടെ എന്നാണ്.
– ജോയ് കള്ളിവയലിൽ.




