വീരശൃംഖല

#കേരളചരിത്രം

വീരശൃംഖല.

രാജ്യത്തിന് വേണ്ടി സേവനം ചെയ്ത പ്രമുഖരെ ആദരിക്കുന്ന പതിവ് മിക്ക രാജ്യങ്ങളിലുമുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ഉന്നതമായ പദവികൾ ഭാരത രത്നം, പത്മ വിഭൂഷൺ തുടങ്ങിയവയാണ്. സൈനിക ബഹുമതികളിൽ പരമൊന്നതമായത് പരമ വീര ചക്രയാണ്.
പക്ഷേ രാജാക്കന്മാർ നാടു ഭരിച്ചിരുന്ന കാലത്ത് ഇത്തരം പദവികൾ വിലയ്ക്ക് വാങ്ങിയ ചരിത്രം ധാരാളമുണ്ട്. പട്ടും വളയും കിട്ടുക എന്നതായിരുന്നു പണ്ടത്തെ ജന്മസാഫല്യം. ബ്രിട്ടിഷ് ഭരണകാലത്തും ഇത്തരം പുരസ്കാരങ്ങളും പദവികളും ധാരാളമായി നൽകിയിരുന്നു. അക്കൂട്ടത്തിൽ ശ്രദ്ധേയമായിരുന്നു കുമാരനാശാന് ലഭിച്ച പുരസ്ക്കാരം.

നാലു നൂറ്റാണ്ടുകൾക്കു മുൻപ് പോലും
ഖജനാവിലേക്ക് പണം സമ്പാദിക്കാനായി വീരശൃംഖല എന്ന പുരസ്കാരം യശ:പ്രാർത്ഥികളായ ധനവന്മാർക്ക് വിൽക്കുന്ന ഒരു പതിവുണ്ടായിരുന്നു. പലപ്പോഴും അവ, ഉദ്യോഗസ്ഥന്മാർ ബലമായി കെട്ടിയേൽപ്പിക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു.

1832 മുതൽ 1880 വരെ തിരുവിതാംകൂർ ഭരിച്ച ആയില്യം തിരുനാളിന്റെ കാലത്ത്, 1857 മുതൽ 15 വർഷം ദിവാനായിരുന്ന സർ ടി മാധവറാവുവാണ് വിവിധ വിഷയങ്ങളിൽ പ്രാഗല്ഭ്യം തെളിയിച്ചവർക്ക് വീരശൃംഖല സമ്മാനിക്കുന്ന പതിവ് തുടങ്ങിവെച്ചത്. 30 വയസിൽ ദിവാനായ മാധവറാവു 15 വർഷംകൊണ്ട് തിരുവിതാംകൂറിന് ഇന്ത്യയിലെ മാതൃകാരാജ്യമെന്ന അസുലഭപദവി നേടിക്കൊടുത്തിട്ടാണ് പിരിഞ്ഞത്.

150 വർഷം മുൻപ് വീരശൃംഖല സമ്മാനിക്കപ്പെട്ടവരിൽ ഒരാളാണ് കൊട്ടാരം വൈദ്യനും ആയുർവേദ, സംസ്‌കൃതപണ്ഡിതനും, ചരിത്രകാരനുമായിരുന്ന വൈക്കം പാച്ചു മൂത്തത് (1814-1883).
മനുഷ്യർക്ക്‌ മാത്രമല്ല മൃഗങ്ങൾക്കും ആയില്യം തിരുനാൾ വീരശൃംഖല സമ്മാനിക്കുകയുണ്ടായി. അവയിൽ മുമ്പൻ, വലിയ പദ്മനാഭൻ എന്ന പേരുകേട്ട ആനയാണ്.
രാജഭരണം പോയശേഷം ചില ക്ഷേത്രങ്ങൾ ഈ പുരസ്‌കാരദാന പരിപാടി ഏറ്റെടുത്തു. അവയിൽ പരാമർശം അർഹിക്കുന്ന ഒന്നാണ് 2003 ഡിസംബറിൽ കൊച്ചി ദേവസ്വം, കൂടിയാട്ട കുലപതിയായ അമ്മന്നൂർ മാധവചാക്യാർക്കു സമ്മാനിച്ച വീരശൃംഖല.

പണവും സ്വാധീനവുമുപയോഗിച്ച് അനർഹരും ഇക്കൂട്ടത്തിൽ കയറിപ്പറ്റിത്തുടങ്ങിയതോടെ
പുരസ്‌കാരങ്ങളുടെ ശോഭ നശിച്ചു എന്നതാണ് ചരിത്രം.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *