#ഓർമ്മ
ഡെസ്മണ്ട് ടുട്ടു.
ആർച്ച്ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിൻ്റെ (1931-2021) ജന്മവാർഷികദിനമാണ്
ഒക്ടോബർ 7.
മുഴുവൻ പേര് ഡെസ്മണ്ട് എമ്പിലോ ടുട്ടു. അച്ഛൻ സോസ ഗോത്രക്കാരൻ. അമ്മയുടെ ഗോത്രം സവാന. ഡോക്ടറാകണം എന്നായിരുന്നു ആഗ്രഹം. പക്ഷേ പഠിക്കാൻ പണമില്ല. 1957 മുതൽ രണ്ടുവർഷം ഒരു സ്കൂളിൽ പഠിപ്പിച്ചു. 1961ൽ ഇംഗ്ലണ്ടിലെത്തി ലണ്ടനിൽനിന്ന് എം എ പാസായി 1966ൽ തിരിച്ചെത്തി ആംഗ്ലിക്കൻ സഭയുടെ വൈദികനായി. 1972മുതൽ 75വരെ ലോക സഭകളുടെ കൗൺസിൽ (WCC ) ഡെപ്യൂട്ടി ഡയറക്ടറായി പ്രവർത്തിച്ചു. 76 മുതൽ 78 വരെ ലെസോത്തോ ബിഷപ്പ്. ദക്ഷിണ ആഫ്രിക്കൻ ബിഷപ്പ്സ് കൗൺസിൽ ജനറൽ സെക്രട്ടറിയായതോടെ വർണ്ണവിവേചനത്തിനെതിരെയുള്ള പ്രക്ഷോഭത്തിൽ സജീവപങ്കാളിയായി. 85ൽ ജോഹാനസ്ബർഗ് ബിഷപ്പ്. 86ൽ കേപ്പ് ടൗൺ ആർച്ച് ബിഷപ്പ് എന്ന നിലയിൽ ആഫ്രിക്കയിലെ 16 കോടി ആംഗ്ലിക്കൻ വിശ്വാസികളുടെ പരമാധ്യക്ഷനായി. സമാധാനത്തിനുള്ള 1984 ലെ നോബൽ സമ്മാനത്തിന് പുറമെ അമേരിക്കയുടെ പ്രസിഡെൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം (2009), ടെമ്പിൾടൻ പ്രൈസ് ( 2013), തുടങ്ങി അനേകം ബഹുമതികൾ ഈ മനുഷ്യാവകാശ പോരാളിയെ തേടിയെത്തി.
ദക്ഷിണ ആഫ്രിക്ക സ്വാതന്ത്ര്യം നേടിയപ്പോൾ പ്രസിഡൻ്റ് മണ്ടേല ടുട്ടുവിനെ സത്യത്തിനും അനുരജ്ഞനത്തിനും വേണ്ടിയുള്ള കമ്മീഷൻ്റെ തലവനായി നിയമിച്ചതാണ് ടുട്ടുവിനെ ലോകപ്രസിദ്ധനാക്കിയത്. വെള്ളക്കാർക്കെതിരെ അതിക്രമങ്ങൾ ഉണ്ടാകാതെ കാത്തത് ടുട്ടുവിൻ്റെ പ്രവർത്തനങ്ങളാണ്.
ടുട്ടുവിൻെറ പുസ്തകങ്ങൾ ഇന്നും സമാധാനത്തിൻ്റെ സന്ദേശം ലോകമെങ്ങും എത്തിക്കുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized