#ഓർമ്മ
ജയപ്രകാശ് നാരായൺ.
ജയപ്രകാശ് നാരായൻ്റെ (1902-1979) ഓർമ്മദിവസമാണ്
ഒക്ടോബർ 8.
ബീഹാറിലെ സസ്രാം ഗ്രാമത്തിൽ ജനിച്ച ജെ പി, ചെറുപ്പത്തിൽതന്നെ ഗാന്ധിജിയുടെ പ്രഭാവലയത്തിൽ പെട്ടു.
ഗാന്ധിജിയുടെ ആശ്രമത്തിലെ അന്തേവാസിയായ പ്രഭാവതിയെ വിവാഹംചെയ്യാൻ മഹാത്മാവ് വെച്ച നിബന്ധന ദമ്പതികൾ മരണം വരെ ബ്രഹ്മചര്യം അനുഷ്ഠിക്കണം എന്നാണു്. 1920ൽ വിവാഹിതരായ യുവ ദമ്പതികൾ അത് പാലിക്കുകയും ചെയ്തു.
1922ൽ ഉപരിപഠനത്തിനായി ജയപ്രകാശ് അമേരിക്കയിലേക്ക് പോയി. 1929ൽ തിരിച്ചെത്തി സ്വാതന്ത്ര്യസമരത്തിൽ സജീവമായി.
1932ൽ ജെയിലിൽവെച്ചാണ് റാം മനോഹർ ലോഹ്യ, നരേന്ദ്ര ദേവ, അച്ചുത് പട് വർഥൻ, യൂസുഫ് മെഹറാലി, മിനു മസാനി തുടങ്ങിയ യുവനേതാക്കളെ പരിചയപ്പെട്ടത്. പുരോഗമനചിന്താഗതിക്കാരായ അവർ കോൺഗ്രസിനുള്ളിൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചു. ജെ പി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
ക്വിറ്റ് ഇന്ത്യാ സമരം മുൻനിരയിൽ നിന്ന് നയിച്ച ജെ പി, 1943 മുതൽ 1946 വരെ ജെയിലിലടക്കപ്പെട്ടു.
രാജ്യം സ്വാതന്ത്ര്യം നേടുമ്പോൾ നായകനായി നെഹ്റുവിനെയാണ് ഗാന്ധിജി തെരഞ്ഞെടുത്തത്. നെഹ്റുവിൻ്റെ പിൻഗാമി ജയപ്രകാശ് ആകണം എന്നായിരുന്നു എല്ലാവരുടെയും ആഗ്രഹം.
പക്ഷേ ഭരണം കിട്ടിയശേഷം കോൺഗ്രസിനുണ്ടായ അപചയത്തിൽ മനംനൊന്ത് കോൺഗ്രസ്സ് വിട്ട ജെ പി, 1952ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കാൻ മുൻകൈയെടുത്തു.
പിന്നീട് രാഷ്ട്രീയം ഉപേക്ഷിച്ച ജയപ്രകാശ്, സർവോദയ പ്രസ്ഥാനത്തിൽ സജീവമായി.
പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ പ്രവണതകളെ എതിർക്കാൻ 1974ൽ Citizens For Democracy, 1976ൽ PUCL എന്നീ സംഘടനകൾ രൂപീകരിച്ച ജെ പി, രാഷ്ട്രീയരംഗം സംശുദ്ധമാക്കാൻ ബിഹാർ പ്രസ്ഥാനവുമായി രംഗത്തുവന്നു.
സമ്പൂർണ വിപ്ലവം എന്ന ജെപിയുടെ ആഹ്വാനം ഇന്ദിരയെ വിറളിപിടിപ്പിച്ചു.
1975ൽ ഇന്ദിര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ജെ പി അടക്കമുള്ള നേതാക്കളെ ജെയിലിലടച്ചു.
1977ൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രതിപക്ഷപാർട്ടികളുടെ ഐക്യനിര ഉണ്ടാക്കാൻ ജെ പിക്കായി. ജനതാപാർട്ടി വൻഭൂരിപക്ഷത്തിൽ അധികാരം പിടിച്ചു. ജെ പി ലോക് നായക് ( ജനനായകൻ) എന്ന് വാഴ്ത്തപ്പെട്ടു.
ജെയിലിൽ വെച്ച് കടുത്ത വൃക്കരോഗിയായി മാറിയിരുന്ന ജെ പി, 1979ൽ മരണമടഞ്ഞതോടെ ജനതാ പാർട്ടി തകർന്നു.
സോഷ്യലിസം സംബന്ധിച്ച് നിരവധി പുസ്തകങ്ങൾ രചിച്ച ജയപ്രകാശ് നാരായൺ ഇന്നും രാജ്യത്തിൻ്റെ നന്മ ആഗ്രഹിക്കുന്ന ജനലക്ഷങ്ങളുടെ മാർഗ്ഗദീപമാണ് .
– ജോയ് കള്ളിവയലിൽ.
Posted inUncategorized