#ചരിത്രം
#books
നെഹ്രുവും കൃഷ്ണമേനോനും.
ലോകം കണ്ട ഏറ്റവും പ്രശസ്തനായ മലയാളിയാണ് വി കെ കൃഷ്ണമേനോൻ.
ഒരപൂർവ്വ സൗഹൃദമായിരുന്നു നെഹ്രുവും മേനോനും തമ്മിൽ.
ബാരിസ്റ്ററായി തിളങ്ങേണ്ട മേനോനെ ഇന്തയുടെ സ്വാതന്ത്ര്യത്തിനായി ജീവിതം ഉഴിഞ്ഞു വെക്കാനുള്ള തീരുമാനത്തിന് പിന്നിലെ പ്രധാന പ്രേരകശക്തി നെഹ്റുവായിരുന്നു.
സ്വതന്ത്ര ഇന്ത്യയിൽ പ്രധാനമന്ത്രി നെഹ്റു കഴിഞ്ഞാൽ ഏറ്റവും ശക്തനായ നേതാവായിരുന്നു കൃഷ്ണമേനോൻ. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനായി ഇംഗ്ലണ്ടിൽ ഊണും ഉറക്കവും ഇല്ലാതെ പട്ടിണികിടന്നു ഈ ബാരിസ്റ്റർ നടത്തിയ പോരാട്ടങ്ങൾ പുതിയ തലമുറക്ക് അറിവുണ്ടാകില്ല.
അപാരമായ ബുദ്ധിശക്തികൊണ്ട് അനുഗ്രഹീതനായ മേനോന് പക്ഷേ വാക്കുകൾ കൊണ്ട് ആരെയും മുറിവേൽപ്പിക്കാൻ ഒരു മടിയുമുണ്ടായിരുന്നില്ല.
സ്വാഭാവികമായും രാജ്യത്തിനകത്തും പുറത്തും ശത്രുക്കളെ അദ്ദേഹം ഉണ്ടാക്കി. അമേരിക്ക അദ്ദേഹത്തെ അവരുടെ ശത്രുവായി കണ്ടതിൻ്റെ കാരണം കൃഷ്ണമേനോൻ എല്ലാ സാമ്രാജ്യത്ത ശക്തികൾക്കും എതിരായിരുന്നു എന്നതാണ്.
മേനോൻ്റെ നാട്ടിലെ എതിരാളികളിൽ മുൻപന്മാർ സഹപ്രവർത്തകരായ മലയാളികൾ ആയതിൽ അത്ഭുതമുണ്ടോ?
മന്ത്രിയായ കൃഷ്ണമേനോനും സെക്രട്ടറി ഓഫ് സ്റ്റേറ്റ് വി പി മേനോനും, വിദേശകാര്യ സെക്രട്ടറി കെ പി എസ് മേനോനും തമ്മിൽ ഉണ്ടായിരുന്ന ശത്രുത പ്രസിദ്ധമാണ് .
ബർട്രണ്ട് റസ്സൽ ഉൾപ്പെടെയുള്ള ബുദ്ധിജീവികൾ ആയിരുന്നു നെഹ്റുവിൻ്റെ ഈ ആത്മമിത്രത്തിൻ്റെ ലണ്ടനിലെ കൂട്ടുകാർ. പെൻഗ്വിൻ പ്രസാധക കമ്പനിയുടെ ഈ സ്ഥാപകൻ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ക്ലാസിക്ക് പുസ്തകങ്ങൾ അദ്ദേഹത്തിൻ്റെ പ്രതിഭ വ്യക്തമാക്കുന്നവയാണ്.
ബ്രിട്ടീഷ് നിയമങ്ങൾ പകർത്തുകയല്ല ഇന്ത്യ സ്വതന്ത്രമായ ഒരു ഭരണഘടനാ നിർമ്മാണസഭ ഉണ്ടാക്കുകയാണ് വേണ്ടത് എന്ന് ആദ്യം നിർദേശിച്ചത് കൃഷ്ണമേനോനാണ്. നെഹ്റുവിൻ്റെ ചേരിചേരാനയത്തിൻ്റെ ശിൽപിയും മേനോൻ ആയിരുന്നു .
നിർഭാഗ്യവശാൽ 1962ലെ ചൈന യുദ്ധം തോറ്റതിൻ്റെ മുഴുവൻ ഉത്തരവാദിത്തവും പ്രതിരോധമന്ത്രി കൃഷ്ണമേനോൻ്റെ തലയിൽ കെട്ടിവെക്കപ്പെട്ടു. കോൺഗ്രസ് പാർട്ടി തഴഞ്ഞ ഈ വിശ്വപൗരനെ തെരഞ്ഞെടുത്തു പാർലിമെൻ്റിൽ അയച്ച തിരുവനന്തപുരത്തുകാർക്ക് അഭിമാനിക്കാം.
ടി ജെ എസ് ജോർജും , വി കെ മാധവൻകുട്ടിയും ജീവചരിത്രം എഴുതിയിട്ടുണ്ടെങ്കിലും ജയറാം രമേശ് എഴുതിയ A Chequered Brilliance പുറത്തുവന്നശേഷം മാത്രമാണ് കോഴിക്കോട്ട് ജനിച്ച വെങ്ങാലിൽ കൃഷ്ണൻ കൃഷ്ണമേനോൻ എന്ന മഹാൻ ആരായിരുന്നു എന്ന് സ്വന്തം നാട്ടുകാർപോലും തിരിച്ചറിഞ്ഞത്.
– ജോയ് കള്ളിവയലിൽ





