#ഓർമ്മ
കെ. കേളപ്പൻ.
കേരളഗാന്ധി കെ കേളപ്പന്റെ (1889-1971) ചരമവാർഷികദിനമാണ് ഒക്ടോബർ 7.
കൊയിലാണ്ടിയിലെ മുച്ചിക്കുന്നിൽ ജനിച്ച കൊയപ്പള്ളി കേളപ്പൻ നായർ, മദ്രാസിൽനിന്ന് ബിരുദം നേടിയശേഷം ചങ്ങനാശ്ശേരി സെന്റ് ബെർക്മാൻസ് ഹൈസ്കൂളിൽ അധ്യാപകനായി.
നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ് എന്ന നിലയിലായിരുന്നു പൊതുജീവിതത്തിന്റെ തുടക്കം.
ഗാന്ധിജിയുടെ ആഹ്വാനം കേട്ട കേളപ്പൻ ജോലിയുപേക്ഷിച്ചു സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടി.
കേരളത്തിൽ ആദ്യമായി ജാതിവാൽ ഉപേക്ഷിച്ചവരിൽ ഒരാളാണ് കേളപ്പൻ.
1921ലെ മാപ്പിള ലഹളയെത്തുടർന്നുണ്ടായ സാമുദായികപ്രശ്നങ്ങൾ പരിഹരിക്കാൻ ആത്മാർത്ഥമായ പരിശ്രമം നടത്തിയ അദ്ദേഹം, ബ്രിട്ടീഷ് മലബാറിലെ കൊണ്ഗ്രസ്സ് പ്രവർത്തനങ്ങളുടെ നേതൃത്വം ഏറ്റെടുത്തു.
ഗാന്ധിജി തന്റെ വ്യക്തിഗത സത്യാഗ്രഹത്തിനായി തെരഞ്ഞെടുത്ത ആദ്യത്തെ കേരളീയൻ കേളപ്പജിയാണ്.
പയ്യന്നൂരിലും കോഴിക്കോടും നടത്തിയ ഉപ്പുസത്യാഗ്രഹ സമരങ്ങളുടെ നേതൃത്വം കേളപ്പനായിരുന്നു.
വൈക്കം സത്യാഗ്രഹത്തിന് അനുബന്ധമായി രൂപീകരിച്ച അയിത്തോച്ചടന സമിതിയുടെ കൺവീനറും മറ്റാരുമല്ലായിരുന്നു.
ഗുരുവായൂർ സത്യാഗ്രഹത്തിന്റെ നേതാവും കേളപ്പൻ എന്ന ഗാന്ധിയൻ തന്നെയായിരുന്നു.
മാതൃഭൂമി പത്രത്തിന്റെ സ്ഥാപകരിൽ ഒരാളായ കേളപ്പൻ, 1929ലും 1936ലും അതിന്റെ പത്രാധിപരായും പ്രവർത്തിച്ചു.
സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം കോൺഗ്രസിനെ ഗ്രസിച്ച ദുഷ്പ്രവണതകളെ എതിർത്തു പാർട്ടിവിടാനും അദ്ദേഹത്തിനു മടിയുണ്ടായില്ല.
കിസാൻ മസ്ദൂർ പ്രജാ പാർട്ടിയുടെ നേതാവായി 1952ൽ പൊന്നാനിയിൽനിന്ന് ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട കേളപ്പൻ, പിന്നീട് സജീവരാഷ്ട്രീയം ഉപേക്ഷിച്ചു സർവോദയ പ്രസ്ഥാനത്തിന്റെ പ്രയോക്താവായി മാറി.
സർവോദയ സംഘം, ഗാന്ധി സ്മാരക നിധി, ഗാന്ധി പീസ് ഫൌണ്ടേഷൻ തുടങ്ങി കേരളത്തിലെ ഗാന്ധിയൻ പ്രസ്ഥാനങ്ങളുടെയെല്ലാം അധ്യക്ഷൻ കെ കേളപ്പൻ തന്നെയായിരുന്നു.
തവനൂരിലെ കേളപ്പജി സ്മാരക റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോൾ കേളപ്പജി കോളേജ് ഓഫ് അഗ്രിക്കൽച്ചറൽ എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ആയി വളർന്ന് ഈ മഹാനായ ഗാന്ധിയന്റെ സ്മരണ നിലനിർത്തുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized