#ഓർമ്മ
വി കെ കൃഷ്ണമേനോൻ.
വി കെ കൃഷ്ണമേനോൻ (1896-1974) എന്ന, ലോകം കണ്ട ഏറ്റവും പ്രശസ്തനായ മലയാളിയുടെ ചരമവാർഷികദിനമാണ്
ഒക്ടോബർ 6.
പതിനായിരക്കണക്കിന് ഏക്കർ ഭൂമിയുടെ ഉടമയായ കൂടാലി നായരുടെ കൊച്ചുമകനായി കോഴിക്കോട്ട് ജനിച്ച കൃഷ്ണമേനോൻ, 1924ൽ നിയമം പഠിക്കാനാണ് ലണ്ടനിൽ എത്തിയത്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ഹരോൾഡ് ലാസ്കിയുടെ ശിഷ്യനായ മേനോൻ, പത്തുകൊല്ലം കഴിഞ്ഞാണ് നിയമബിരുദം ഏടുത്തത്. കാരണം ഇക്കാലം മുഴുവൻ ഇന്ത്യൻ സ്വാതന്ത്രസമരത്തിന്റെ ഇംഗ്ലണ്ടിലെ മുന്നണിപ്പോരാളിയായിരുന്നു കൃഷ്ണമേനോൻ. വെള്ളക്കാരനെ അവന്റെ സ്ഥാനം കാണിച്ചുകൊടുത്തയാൾ എന്നാണ് മേനോൻ വിശേഷിപ്പിക്കപ്പെടുന്നത്.
പെൻഗ്വിൻ ബുക്സിന്റെ പെലിക്കൻ ശാഖയുടെ പ്രഥമ പത്രാധിപരായും പ്രവർത്തിച്ചു.
സ്വാതന്ത്ര്യപ്രാപ്തിയോടെ ഇന്ത്യയിൽ മടങ്ങിയെത്തിയ നെഹ്രുവിന്റെ ഈ വിശ്വസ്‌തസ്നേഹിതൻ, 1947 മുതൽ 1952 വരെ ലണ്ടനിൽ ഇന്ത്യൻ ഹൈക്കമ്മീഷണറായി പ്രവർത്തിച്ചു. 1952 മുതൽ 1957 വരെ യു എന്നിൽ അംബാസഡർ. അവിടെ കശ്മീർ പ്രശ്നത്തെ അധികരിച്ച് നടത്തിയ 8 മണിക്കൂർ പ്രസംഗം ചരിത്രപ്രസിദ്ധമാണ്.
1953 മുതൽ 1956 വരെ രാജ്യസഭ എം പി, 1957 മുതൽ മരണംവരെ ലോക്സഭയിൽ.
നെഹ്റുമന്ത്രിസഭയിൽ അംഗമായിരുന്ന മേനോനാണ് ചേരിചേരാനയത്തിന്റെ യഥാർത്ഥശില്പി. 1930കൾ മുതൽ നെഹ്റുവിൻെറ മനസാക്ഷി സൂക്ഷിപ്പുകാരനായാണ് മേനോൻ അറിയപ്പെട്ടിരുന്നത്.
1960ൽ ബോംബെയിൽനിന്നു പാർലിമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട മേനോൻ ആചാര്യ കൃപലാനിയുമായി നടത്തിയ പോരാട്ടം ചരിത്രം സൃഷ്ടിച്ചു.
1962 ൽ ടൈം മാസികയുടെ കവറിൽ ഇടം നേടി. പക്ഷേ 1962ലെ ഇന്ത്യ ചൈന യുദ്ധം ഇന്ത്യയുടെ പരാജയത്തിലും പ്രതിരോധമന്ത്രി മേനോന്റെ രാജിയിലുമാണ് കലാശിച്ചത്.
പിന്നീട് ബംഗാളിലെ മിഡ്നാപ്പൂരിൽ നിന്നും തിരുവനന്തപുരത്തു നിന്നും എം പിയാകാൻ ഇടതുപക്ഷമാണ് പിന്തുണച്ചത്.
അനന്യമായ പ്രസംഗശൈലിയുടെ ഉടമയായിരുന്ന മേനോന് പക്ഷേ, ആളുകളെ വെറുപ്പിക്കാൻ ഒരു മടിയുമുണ്ടായിരുന്നില്ല. മിത്രങ്ങളെക്കാൾ ശത്രുക്കളായിരുന്നു കൂടുതൽ. നിരന്തരം ചായ മാത്രം കുടിച്ച് ദിവസം മുഴുവൻ പണിയെടുക്കാൻ മേനോന് കഴിയുമായിരുന്നു.
ഇംഗ്ലീഷിലും മലയാളത്തിലും നിരവധി ജീവചരിത്രങ്ങൾ ഉണ്ടായിട്ടുള്ളതിൽ ഒന്ന് സന്തത സഹചാരിയായിരുന്ന വി കെ മാധവൻകുട്ടി എഴുതിയതാണ്. വേറൊന്ന് ടി ജെ എസ് ജോർജും.
2020 ൽ പുറത്തുവന്ന, ജയറാം രമേഷ് എഴുതിയ A Chequered Brilliance എന്ന പുസ്തകം, വി കെ കൃഷ്ണമേനോൻ എന്ന ജീനിയസിനെ ഇതുവരെ നാം അറിയാത്ത ഒരു പുതിയ കാഴ്ചപ്പാടിൽ അവതരിപ്പിക്കുന്നു. പുസ്തകം വായിച്ചുകഴിയുമ്പോൾ നെഹ്‌റുവിനെ രക്ഷിക്കാൻ മേനോൻ സ്വയം ബലിയാട് ആവുകയായിരുന്നോ എന്ന സംശയം ബാക്കിനിൽക്കുന്നു.
വി കെ കൃഷ്ണമേനോൻ എന്ന വിശ്വപൗരൻ നമ്മുടെ കൂടുതൽ ആദരം അർഹിക്കുന്നു എന്ന കാര്യത്തിൽ സംശയമില്ല.
– ജോയ് കള്ളിവയലിൽ.
![](https://joykallivayalil.com/wp-content/uploads/2024/10/FB_IMG_1728191243937.jpg)
![](https://joykallivayalil.com/wp-content/uploads/2024/10/FB_IMG_1728191234185.jpg)
![](https://joykallivayalil.com/wp-content/uploads/2024/10/FB_IMG_1728191231264.jpg)
![](https://joykallivayalil.com/wp-content/uploads/2024/10/FB_IMG_1728191237138.jpg)
![](https://joykallivayalil.com/wp-content/uploads/2024/10/FB_IMG_1728191240335.jpg)
![](https://joykallivayalil.com/wp-content/uploads/2024/10/FB_IMG_1728191246770.jpg)
![](https://joykallivayalil.com/wp-content/uploads/2024/10/FB_IMG_1728191250833.jpg)
![](https://joykallivayalil.com/wp-content/uploads/2024/10/FB_IMG_1728191254152.jpg)