#ഓർമ്മ
സെൻ്റ് ഫ്രാൻസിസ് അസീസി.
രണ്ടാം ക്രിസ്തു എന്ന് വിശേഷിപ്പിക്കപ്പെടുന്ന സെൻ്റ് ഫ്രാൻസിസ് അസീസിയുടെ (1182-1226) ചരമവാർഷികദിനമാണ് ഒക്ടോബർ 3.
ലോകത്ത് ഏറ്റവുമധികം അനുയായികളുള്ള സന്യാസസമൂഹമാണ് 1209ൽ ഫ്രാൻസിസ് സ്ഥാപിച്ച ഫ്രാൻസിസ്ക്കൻ സമൂഹം (OFM). ഫ്രാൻസീസിനെ പിന്തുടർന്ന് സെൻ്റ് ക്ലാര 1251ൽ ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹം (FCC) സ്ഥാപിച്ചു.
ചെറുപ്പത്തിൽ സുഖലോലുപമായ ജീവിതം നയിച്ചിരുന്ന ഫ്രാൻസിസ് പട്ടാളത്തിൽ ചേർന്നു. യുദ്ധത്തടവുകാരനായി ഒരു വർഷം കഴിഞ്ഞശേഷം തിരിച്ചെത്തിയത് പുതിയ മനുഷ്യനായിട്ടാണ്. സ്വത്ത് എല്ലാം ഉപേക്ഷിച്ച് ചാക്കുവസ്ത്രങ്ങൾ ധരിച്ച് സന്യാസിയായി. അസീസിയിലെ തകർന്ന ദേവാലയങ്ങൾ പുനരുദ്ധരിക്കുകയാണ് ആദ്യം ചെയ്തത്. അതിൽ പോർസുങ്കില എന്ന ചെറിയ പള്ളിയിലാണ് ജീവിതത്തിൽ ഏറിയഭാഗവും ചെലവിട്ടത്. 1220 കാലഘട്ടത്തിൽ റോം, ഈജിപ്റ്റ്, വിശുദ്ധനാടുകൾ മുതലായ രാജ്യങ്ങളിൽ ചുറ്റിസഞ്ചരിച്ചു.
വിശുദ്ധിയുടെ അടയാളമായ പഞ്ചക്ഷതങ്ങൾ ആദ്യമായി ലഭിച്ചത് വിശുദ്ധ ഫ്രാൻസിസ് അസീസിക്കാണ്.
ആദ്യത്തെ ഇറ്റാലിയൻ കവി എന്നാണ് ഫ്രാൻസിസ് വിശേഷിപ്പിക്കപ്പെടുന്നത്. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളെയും ഫ്രാൻസിസ് ഒരുപോലെ സ്നേഹിച്ചു . ദൈവമേ എന്നെ സമാധാനത്തിൻ്റെ പാത്രമാക്കണമേ എന്ന് തുടങ്ങുന്ന
ഫ്രാൻസിസ് അസീസിയുടെ പ്രാർത്ഥന പോലെ മനോഹരമായ ഒന്ന് വേറെയില്ല.
ഫ്രാൻസിസിൻ്റെ വിശുദ്ധി അനുകരിക്കാൻ സാധ്യമല്ല എന്ന് കരുതിയ മാർപാപ്പമാർ ആ പേര് സ്വീകരിക്കാൻ വിസമ്മതിച്ചു. ആദ്യമായി ഫ്രാൻസിസ് എന്ന നാമധേയം സ്വീകരിച്ചത് ഇപ്പോഴത്തെ ഫ്രാൻസിസ് മാർപാപ്പയാണ്.
– ജോയ് കള്ളിവയലിൽ.
അടിക്കുറിപ്പ്:
2023 ഏപ്രിലിൽ ശശികലയുമൊത്ത് അസീസിയിലെത്തി വിശുദ്ധ ഫ്രാൻസീസും വിശുദ്ധ ക്ളാരയുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളും പള്ളികളും സന്ദർശിക്കാനും പ്രാർത്ഥിക്കാനും സാധിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതുന്നു.
Posted inUncategorized