എം എൻ വിജയൻ

#ഓർമ്മ
#philosophy

എം എൻ വിജയൻ

എം എൻ വിജയൻ മാഷിന്റെ ( 1930 – 2007 )ഓർമ്മദിവസമാണ് ഒക്ടോബർ 3.

തെളിഞ്ഞ ചിന്തകൊണ്ട് മലയാളിയുടെ മനംകവർന്ന വിജയൻ മാഷ്, പണ്ഡിതൻ, അധ്യാപകൻ, പ്രഭാഷകൻ, ബുദ്ധിജീവി, പത്രാധിപർ എന്നിങ്ങനെ താൻ വ്യാപരിച്ച സമസ്തമേഖലകളിലും പ്രതിഭ തെളിയിച്ച മഹാനാണ് പ്രൊഫസർ എം എൻ വിജയൻ.
കൊടുങ്ങല്ലൂരിലെ ഒരു ഗ്രാമത്തിൽ ജനിച്ച വിജയൻ മലയാളത്തിലും നിയമത്തിലും ബിരുദാനന്തര ബിരുദം നേടി.
1960 മുതൽ 1985ൽ വിരമിക്കുന്നതുവരെ തലശേരി ബ്രണ്ണൻ കോളേജ് അധ്യാപകൻ എന്ന നിലയിൽ ആയിരങ്ങളുടെ ഗുരുവാണ്.
മലയാളത്തിലെ പ്രമുഖനായ ഈ വിമർശകന്റെ വൈലോപ്പള്ളി, ബഷീർ, ചങ്ങമ്പുഴ മുതലായവരെപ്പറ്റിയുള്ള പഠനങ്ങൾ ശ്രദ്ധേയമാണ്. 1982ൽ ചിതയിലെ വെളിച്ചം എന്ന കൃതി കേരള സാഹിത്യ അക്കാഡമി അവാർഡ് നേടി.
പുരോഗമന കലാ സാഹിത്യ സംഘം പ്രസിഡന്റ്‌, ദേശാഭിമാനി എഡിറ്റർ എന്ന നിലയിലും പ്രവർത്തിച്ചു.

ആൾക്കൂട്ടത്തിൽ ഒരാളായി നിൽക്കാൻ തയ്യാറാകാതെ നയവ്യതിയാനങ്ങളെ , അത് പാർട്ടിയായാലും സമൂഹമായാലും, പരസ്യമായി എതിർക്കാൻ തയ്യാറായ വിജയൻ അവസാനം വരെ സ്വന്തം മനസാക്ഷിയോടു കൂറ് പുലർത്തിയ ആളാണ് പ്രൊഫസർ എം എൻ വിജയൻ.
അന്ധമായ അനുസരണം ചീഞ്ഞ മുട്ടയിലെ കോഴിക്കുഞ്ഞ് ആണ് എന്ന് അദ്ദേഹം പറഞ്ഞു.
വാക്കും പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസം എങ്ങോട്ടാണ് നമ്മെ കൊണ്ടുപോകുന്നത് എന്ന് മാഷ് നേരത്തെതന്നെ ചൂണ്ടിക്കാട്ടി – അവസാനം പാർട്ടി ഉണ്ടാവും, ജനങ്ങൾ ഉണ്ടാവില്ല.
വാതിലുകൾ തുറന്നിടുക , കാറ്റും വെളിച്ചവും കടന്നുവരട്ടെ എന്നാണ് വിജയൻമാഷിനു പറയാനുണ്ടായിരുന്നത്. ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസിനു പുറത്താക്കിയാലും ചോദ്യം പിന്നെയും അവശേഷിക്കും എന്ന അദ്ദേഹം എല്ലാവരെയും ഓർമ്മിപ്പിച്ചു.
തീ പടർത്തുന്നതിന് ഉപയോഗിച്ച കമ്പോ കൊള്ളിയോ കത്തിതീർന്നാലും, തീ പിന്നെയും പടർന്നുകൊണ്ടിരിക്കും എന്ന് വിജയൻമാഷ് തന്റെ ജീവിതവും എഴുത്തും കൊണ്ട് മലയാളിയെ ഓർമ്മപ്പെടുത്തി
കൊണ്ടിരിക്കുന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *