#ഓർമ്മ
രാജാ രവിവർമ്മ.
രാജാ രവിവർമ്മയുടെ (1848-1906) ചരമവാർഷിക ദിനമാണ് ഒക്ടോബർ 2.
രാജാക്കന്മാരിലെ ചിത്രകാരനും ചിത്രകാരന്മാരുടെയിടയിലെ രാജാവുമായിരുന്നു രവിവർമ്മ.
കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ച രവിവർമ്മ ചെറുപ്പത്തിൽ തന്നെ കലാകാരൻ എന്ന നിലയിൽ ശ്രദ്ധേയനായി.
ഇന്ത്യയിലെ രാജാക്കന്മാർ എല്ലാവരും തങ്ങളുടെ എണ്ണഛായാ ചിത്രങ്ങൾ വരക്കാൻ രവിവർമ്മയെ സമീപിച്ചു.
ബക്കിങ്ഹാം പ്രഭുവിൻ്റെ ഒരു ചിത്രം പ്രശസ്തമായതോടെ വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ ചിത്രപ്രദർശനങ്ങൾ നടത്താൻ രവിവർമ്മക്ക് അവസരം കിട്ടി. 1873ലെ വിയന്ന 1893ലെ ചിക്കാഗോ പ്രദർശങ്ങളിൽ രവിവർമ്മ ചിത്രങ്ങൾ പുരസ്കാരങ്ങൾ നേടി.
ഹിന്ദു ദൈവങ്ങൾക്ക് രവിവർമ്മ നൽകിയ മുഖങ്ങളാണ് ഇന്നും ജനങ്ങളുടെ മനസിൽ. കലണ്ടർ ചിത്രങ്ങളായി രാജ്യത്തെങ്ങും ഇന്നും അവ ആരാധിക്കപ്പെടുന്നു.
ശകുന്തള, ദമയന്തി, ജടായു തുടങ്ങി മഹാഭാരതത്തിലെയും രാമായണത്തിലെയും കഥാപാത്രങ്ങൾ രവിവർമ്മ ചിത്രങ്ങളിലൂടെ ജീവിക്കുന്നു. പരുമല തിരുമേനിയുടെ ചിത്രം ഏറെ പ്രശസ്തമാണ്.
ഏറ്റവുമധികം പ്രോത്സാഹനം നൽകിയതു് ബറോഡ മഹാരാജാവാണ്.
തൻ്റെ ചിത്രങ്ങൾ വിൽക്കാനായി 1894ൽ ബോംബെയിലെ ഘാട്ട്കോപ്പറിൽ ഒരു ലിത്തോഗ്രാഫി പ്രസ് സ്ഥാപിച്ചു. 1899ൽ പ്രസ് ലോണാവലയിലേക്ക് മാറ്റി സ്ഥാപിച്ചു.
ബോംബെയിൽ മാരകമായ പ്ലേഗ് ബാധ ഉണ്ടായതോടെ കേരളത്തിൽ തിരിച്ചെത്തി. ആറ്റിങ്ങൽ കൊട്ടാരത്തിൽ വെച്ചായിരുന്നു അന്ത്യം.
– ജോയ് കള്ളിവയലിൽ.
Posted inUncategorized