#ഓർമ്മ
#ചരിത്രം
ഗാന്ധിജി എന്ന എഴുത്തുകാരൻ.
ഒക്ടോബർ 2 മഹാത്മാഗാന്ധിയുടെ ( 1869-1948) ജൻമവാർഷികദിനമാണ്.
ലോകവിസ്മയമാണ് ഗാന്ധിജി എന്ന എഴുത്തുകാരൻ. 21 വയസ്സിൽ 1981 ഫെബ്രുവരി 7ന് ലണ്ടനിലെ ‘ വെജിറ്റേറിയൻ ‘ മാസികയിൽ വന്ന ആദ്യലേഖനം മുതൽ 78 വയസ്സിൽ 1948 ജനുവരി 30ന് എഴുതി പൂർത്തിയാക്കിയ കോൺഗ്രസിനെ ലോകസേവാ സംഘമായി മാറ്റണം എന്ന ലേഖനം വരെ, 57 കൊല്ലത്തിനിടയിൽ ഗാന്ധിജി നിരന്തരം എഴുതി. ഗാന്ധിജിയുടെ സമ്പൂർണ്ണകൃതികൾ മാത്രം 90 വാല്യങ്ങൾ ഉണ്ട്. സമാഹരിക്കാത്തവ പ്രസിദ്ധീകരിക്കാൻ 1958 മുതൽ 1974 വരെ വേണ്ടിവന്നു.
നാല് പത്രങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. 1903 ജനുവരി മുതൽ, തെക്കേ ആഫ്രിക്കയിൽ
‘ ഇന്ത്യൻ ഒപ്പിനിയൻ ‘ ഇംഗ്ലീഷിലും ഗുജറാത്തിയിലും, ഇന്ത്യയിൽ എത്തിയശേഷം, 1919 ഒക്ടോബർ മുതൽ ഗുജറാത്തിയിൽ
‘ നവജീവൻ ‘, 1919 ഒക്ടോബർ മുതൽ ഇംഗ്ലീഷിൽ ‘ യങ്ങ് ഇന്ത്യ ‘, 1933 ഫെബ്രുവരി മുതൽ ഇംഗ്ലീഷിൽ ‘ ഹരിജൻ ‘ എന്നിവ.
മൂന്നു ഭാഷകളിൽ അദ്ദേഹം എഴുതി – ഗുജറാത്തി, ഹിന്ദി, ഇംഗ്ലീഷ്.
Simple, Precise and Clear എന്നാണ് ഗാന്ധിജിയുടെ എഴുത്ത് വിശേഷിപ്പിക്കപ്പെടുന്നത്.
എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന ആത്മകഥ, ഗുജറാത്തിയിൽ എഴുതി, നവജീവൻ വാരികയിൽ ഖണ്ടശ: പ്രസിദ്ധപ്പെടുത്തി. തുടർന്ന് മഹാദേവ് ദേശായിയുടെ ഇംഗ്ലീഷ് പരിഭാഷ, യങ്ങ് ഇന്ത്യയിലും പ്രസിദ്ധീകരിക്കപ്പെട്ടു. 50 വയസ്സ് വരെയുള്ള ജീവിതം മാത്രമേ ആത്മകഥയിലുള്ളു. 1927 ൽ ഒന്നാം ഭാഗവും 1929 ൽ രണ്ടാം ഭാഗവും പുസ്തകമായി ഇറങ്ങി.
ഫ്രെഡറിക് ഫിഷർ എഴുതി:
” ഏതൊരു കഥാഖ്യാനത്തെക്കാളും സമാകർഷകമാണീ ആത്മകഥ. മനുഷ്യാത്മാവിനെ ഇത്രകണ്ട് സത്യസന്ധമായി അനാവരണം ചെയ്യുന്ന മറ്റൊരു കൃതി ഞാൻ വായിച്ചിട്ടില്ല “.
തിരക്കുപിടിച്ച ജീവിതത്തിനിടയിൽ തനിക്ക് താല്പര്യമുള്ള വിഷയങ്ങളെ പറ്റി താനുദ്ദേശിക്കുന്ന രീതിയിൽ പാണ്ഡിത്യത്തിൻ്റെ പിൻബലത്തോടെ എഴുതാൻ ഗാന്ധിജിക്ക് സാധ്യമായിരുന്നില്ല. അനുഭവപാഠങ്ങളാണ് എഴുത്തുകാരനായ ഗാന്ധിയുടെ പ്രചോദനം . സഹജമായ ഞ്ജാനം സാമാന്യവിവേകവുമായി സന്ധിക്കുന്നിടത്തു നിന്നാണ് ഗാന്ധിയൻ സാഹിത്യം അതിൻ്റെ ശക്തിയും വൈവിധ്യവും സമാഹരിക്കുന്നത്. ഗ്രന്ഥകാരൻ എന്ന കീർത്തി നേടാൻവേണ്ടി അദ്ദേഹം ഒന്നും എഴുതിയിട്ടില്ല.
ഗാന്ധി സമാഹാരത്തിലെ മുഖ്യമായ ഒരിനമാണ് ഗാന്ധിജി എഴുതിയ ആയിരക്കണക്കിനുള്ള കത്തുകൾ. ലോകത്തിൻ്റെ നാനാഭാഗങ്ങളിലുമുള്ളവരുമായി അദ്ദേഹം നിരന്തരം കത്തിടപാടുകൾ നടത്തി. അവയിൽ പരാമർശിക്കാത്ത വിഷയങ്ങൾ ഒന്നുമില്ല. കാര്യങ്ങൾ വെട്ടിത്തുറന്നു പറയാൻ അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. ഭൂരിഭാഗം കത്തുകളും സ്വന്തം കൈപ്പടയിൽ എഴുതിയവയാണ്. 50 കത്തുകൾ വരെ എഴുതിയ ദിവസമുണ്ട്.
” എഴുതുന്ന സമയത്ത് എൻ്റെ ആന്തരചേതന എന്നെ ഏത് രീതിയിൽ നയിക്കുന്നുവോ ആ രീതിയിൽ ഞാൻ എഴുതുന്നു ” എന്നാണ് ഗാന്ധിജി പറഞ്ഞത്.
ഡോക്ടർ രാധാകൃഷ്ണൻ എഴുതിയത് പോലെ, ഗാന്ധിജിയുടെ ശബ്ദം ഇനി വരാനിരിക്കുന്ന യുഗത്തിൻ്റെതാണ്. ഈ ലോകത്ത് ഗാന്ധി സ്നേഹത്തിൻ്റെയും സഹാനുഭൂതിയുടെയും അനശ്വരപ്രതീകമാണ്. അദ്ദേഹം യുഗങ്ങളുടെ , ചരിത്രത്തിൻ്റെ സ്വത്താണ് .
( അവലംബം: ഗാന്ധിസാഹിത്യ സംഗ്രഹം.
സമ്പാദകൻ : കെ രാമചന്ദ്രൻ നായർ).
– ജോയ് കള്ളിവയലിൽ.
അടിക്കുറിപ്പ് :
1969ൽ ഗാന്ധിശതാബ്ദി വർഷത്തിൽ അച്ഛൻ സമ്മാനിച്ച എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ, എന്ന ആത്മകഥയും പ്രസംഗമത്സരത്തിൽ സമ്മാനമായി കിട്ടിയ കെ എൻ വാസു നമ്പീശൻ എഴുതിയ കുട്ടികളുടെ ഗാന്ധിസം എന്ന പുസ്തകവുമാണ് എന്നെ മഹാത്മാവായ ഗാന്ധിയുടെ ആരാധകനാക്കി മാറ്റിയത്.




