ലിസിയിലെ വിശുദ്ധ തെരേസ

#ഓർമ്മ

ലിസ്സിയിലെ വിശുദ്ധ തെരേസ.

ലിസ്സിയിലെ വിശുദ്ധ തെരേസയുടെ (1873-1897)
തിരുനാളായി ആഗോളകത്തോലിക്കാസഭ ആചരിക്കുന്ന ദിവസമാണ്
ഒക്ടോബർ 1.

വെറും 24 വയസ്സ് മാത്രം ജീവിച്ച ഈ പുണ്യവതി ഇന്ന് ലോകമാസകലമുള്ള യുവാക്കളുടെ മാർഗദീപമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ വിശുദ്ധ എന്നാണ് അവർ വിശേഷിപ്പിക്കപ്പെടുന്നത്.
15 വയസ്സിൽ തെരേസ മാർട്ടിൻ, ഫ്രാൻസിലെ ലിസ്സിയിലുള്ള ക്ലോയിസ്റ്റർഡ് കോൺവെന്റിൽ പ്രവേശിച്ചു. മിണ്ടാമഠം എന്ന് മലയാളത്തിൽ അറിയപ്പെടുന്ന ഈ സമൂഹത്തിൽ ചേരുന്നവർ ജീവിതകാലം മുഴുവൻ മഠത്തിന്റെ നാലു ചുവരുകൾക്കുള്ളിൽ പ്രാർഥനയിൽ കഴിയുന്നു.
വേദപാരംഗതയായ ആവിലയിലെ വിശുദ്ധ തെരേസയുമായി തിരിച്ചറിയാൻ, കൊച്ചുത്രേസ്യ എന്നാണ് വിളിക്കപ്പെടുന്നത്. യേശുവിന്റെ ചെറുപുഷ്പം എന്നാണ് അവർ സ്വയം വിശേഷിപ്പിച്ചിരുന്നത്. ‘ഒരു ആത്മാവിന്റെ കഥ’ എന്ന ആത്മകഥ കൊച്ചുത്രേസ്യയുടെ പ്രശസ്തി ലോകമെങ്ങും പരത്തി.
1925 മാർച്ച്‌ 17ന് കൊച്ചുത്രേസ്യ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു.
2015 ൽ ആ മഹതിയുടെ മാതാപിതാക്കളായ സെലിഗുറിനും ലൂയി മാർട്ടിനും വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടു എന്നതാണ് ഒരു സവിശേഷത.

എന്റെ വളർച്ചയിൽ നിർണ്ണായകസ്വാധീനം ചെലുത്തിയ സംഘടനയാണ് കൊച്ചുത്രേസ്യയുടെ നാമത്തിൽ സ്ഥാപിക്കപ്പെട്ട ചെറുപുഷ്പ മിഷൻ ലീഗ്.
പ്രസംഗം, എഴുത്ത്, അഭിനയം, നേതൃത്വപരിശീലനം എന്നിവയിലെല്ലാം ആദ്യപാഠങ്ങൾ, ഒരു കുഗ്രമത്തിൽ വളർന്ന ഞാൻ പഠിച്ചത് ആ സംഘടനയിലൂടെയാണ്. സംസ്ഥാനക്യാമ്പുകൾ വഴി നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കുട്ടികളെ പരിചയപ്പെടാനും സുഹൃദ്ബന്ധങ്ങൾ സ്ഥാപിക്കാനും സി എം എൽ അവസരം നൽകി.
ഉൽപ്പന്നപിരിവിനായി വീടുകൾ കയറിയിറങ്ങി ചേറ്റുതോട് ഗ്രാമത്തിലെ മുഴുവൻ വീട്ടുകാരുമായി പരിചയപ്പെടാൻ കഴിഞ്ഞത് തിരിഞ്ഞുനോക്കുമ്പോൾ വലിയഭാഗ്യമായി തോന്നുന്നു.
കുന്നും മലയും കയറിയിറങ്ങി തിരിച്ചെത്തി എല്ലാവരും ചേർന്നു കപ്പ പുഴുങ്ങി കഴിക്കുന്നത് സാഹോദര്യത്തിന്റെയും സഹവർത്തിത്തിന്റെയും ബാലപാഠങ്ങൾ ആയിരുന്നു.
ജീവിതം മുഴുവൻ വർഗീയതയെയും വിഭാഗീയതയെയും എതിർക്കാൻ ശക്തിനൽകിയത് ചെറുപ്പത്തിൽ പഠിച്ച ഈ പരിശീലനമാണ് എന്നതിൽ അഭിമാനമുണ്ട്.
അടുത്ത കാലത്ത് കൊച്ചു ത്രേസ്യയുടെ മാതാപിതാക്കളും വിശുദ്ധരായി പ്രഖ്യാഖിക്കപ്പെട്ടു.
2013 ഏപ്രിലിൽ ഭാര്യ ശശികലയുമൊത്ത് ഫ്രാൻസിലെ ലിസിയിലുള്ള മൂന്നു വിശുദ്ധരുടെയും കബറിടങ്ങളും കോൺവെൻ്റും സന്ദർശിക്കാൻ അവസരം ലഭിച്ചത് വലിയ ഭാഗ്യമായി കരുതുന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *