#ചരിത്രം
#ഓർമ്മ
കാപ്പി ദിനം.
ഒക്ടോബർ 1 അന്താരാഷ്ട്ര കാപ്പി ദിനമാണ്.
ആഫ്രിക്കയിൽ എത്യോപ്പിയയിലാണ് കാപ്പി ഒരു പാനീയമായി കുടിച്ചു തുടങ്ങിയത് എന്നാണ് ചരിത്രം. ചുവന്ന കടൽ കടന്ന് കാപ്പി യെമനിൽ എത്തി. അവിടത്തെ അറബിയ പ്രദേശത്ത് വളർന്ന കാപ്പിക്കുരു വളരെ പ്രശസ്തമായി.16ആം നൂറ്റാണ്ടായതോടെ പേർഷ്യ , ഈജിപ്ത്, സിറിയ, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ കാപ്പി എത്തി.
മക്കയിൽ എത്തിയിരുന്ന തീർഥാടകരാണ് ‘അറബി വീഞ്ഞ് ‘ എന്നപേരിൽ പ്രസിദ്ധമായ കാപ്പി ലോകത്തിൻ്റെ വിവിധഭാഗങ്ങളിൽ എത്തിച്ചത് . യൂറോപ്പിൽ ആദ്യമെത്തിയത് 17 അം നൂറ്റാണ്ടിൽ ഇറ്റലിയിലാണ്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽനിന്ന് ഇംഗ്ലണ്ടിൽ എത്തിച്ചു. 1670 ൽ അമേരിക്കയിലെ ആദ്യത്തെ കാപ്പിക്കട തുറന്നു. 18അം നൂറ്റാണ്ടിൽ ലത്തീൻ അമേരിക്കൻ രാജ്യങ്ങളിൽ എത്തി. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്നത് ബ്രസീൽ ആണ്.
എൻ്റെ ചെറുപ്പത്തിൽ വീടുകളിൽ ചായ ഇല്ല. കാപ്പിയാണ്. 60 വര്ഷം മുൻപ് ചേറ്റുതോട് എന്ന ഗ്രാമത്തിലെ എൻ്റെ വീടിനു ചുറ്റും അറബിക്ക ഇനം കാപ്പിച്ചെടികളാണ്. കാപ്പിക്കുരു ഉണങ്ങി, കുത്തി, പൊടിച്ച് എടുക്കും . സ്റ്റീൽ തട്ടുകളിൽ ഊർന്നിറങ്ങിയ ഡിക്കോക്ഷൻ കാപ്പിയുടെ രുചി ഇന്നും നാവിലുണ്ട്.
പാവപ്പെട്ടവർക്ക് ശരണം കാപ്പിക്കുരു കുത്തിയശേഷമുള്ള തൊണ്ട് ആണ്. അത് വെന്ത് അവർ കാപ്പി ഉണ്ടാക്കും.
രാജ്യത്ത് കാപ്പി കുടി വർദ്ധിപ്പിക്കാൻ അക്കാലത്ത് കോഫീ ബോർഡ് സജീവമായി പ്രവർത്തിച്ചിരുന്നു. ( എൻ്റെ അമ്മാവൻ കോഫീ ബോർഡ് വൈസ് ചെയർമാൻ ആയിരുന്ന ചാക്കോ കള്ളിവയലിലിന് കേരളത്തിന് പുറമെ കർണാടകത്തിലെ ചിക്കമംഗളൂരിലും കാപ്പി എസ്റ്റേറ്റുകൾ ഉണ്ടായിരുന്നു.)
കാപ്പി ഉൽപാദകർക്ക് സ്വതന്ത്രമായി വിൽക്കാൻ അനുവാദമുണ്ടായിരുന്നില്ല. പൂളിങ് സമ്പ്രദായത്തിൽ കോഫീ ബോർഡിന് അവർ നിശ്ചയിക്കുന്ന വിലയ്ക്ക് വിൽക്കണം.
കാലാവസ്ഥ മാറിയതോടെ കാപ്പിത്തോട്ടങ്ങൾ ഉയർന്ന മലയോരപ്രദേശങ്ങളിൽ മാത്രമായി ചുരുങ്ങി. കാപ്പികൃഷി ഇന്നും കാലാവസ്ഥയനുസരിച്ച് ലാഭനഷ്ടങ്ങൾ നിശ്ചയിക്കപ്പെടുന്ന തോട്ട വ്യവസായമാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized