കാരൂർ നീലകണ്ഠ പിള്ള

#ഓർമ്മ
#literature

കാരൂർ നീലകണ്ഠപ്പിള്ള.

കാരൂരിന്റെ (1898-1975) ഓർമ്മദിവസമാണ്
സെപ്റ്റംബർ 30.

കഥാകാരൻ എന്ന നിലയിലും സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ സ്ഥാപകൻ എന്ന നിലയിലും മലയാള സാഹിത്യലോകത്തിനു മഹത്തായ സംഭാവനകൾ ചെയ്ത കാരൂർ, ഏറ്റുമാനൂരിലാണ് ജനിച്ചത്.
15 വയസ്സിൽ സർക്കാർ സ്കൂളിൽ അധ്യാപകനായി. 1928ൽ ശമ്പളക്കൂടുതലിനു വേണ്ടി നടത്തിയ സമരത്തിനു നേതൃത്വം നൽകിയതിനെത്തുടർന്നു പിരിച്ചുവിടപ്പെട്ടു.
ജീവിക്കാൻ വേണ്ടി നാളികേരക്കച്ചവടം ഉൾപ്പെടെ പല ജോലികളും ചെയ്ത കാരൂർ, അവസാനം അധ്യാപകവൃത്തിയിൽ ത്തന്നെ
തിരിച്ചെത്തി. 1930 മുതൽ കോട്ടയത്ത് സ്ഥിരതാമസമാക്കി.

1945 ഏപ്രിൽ 30ന് 12 പേർ അംഗങ്ങളായി, എം പി പോളിന്റെ നേതൃത്വത്തിൽ, സാഹിത്യ പ്രവർത്തക സഹരണ സംഘം (SPCS -എസ് പി സി എസ് ) രജിസ്റ്റർ ചെയ്യപ്പെട്ടു. അന്നുമുതൽ 1965വരെ 20വർഷം സംഘത്തിന്റെ സെക്രട്ടറിയെന്ന നിലയിൽ ലോകത്തിനുതന്നെ മാതൃകയായി സംഘത്തെ വളർത്തിയത് കാരൂരാണ്.

എം ഗോവിന്ദൻ എഴുതി :
“അശ്രദ്ധയും നിഷ്‌ക്രിയത്വവും പരമമായ ധിക്കാരവും ചിലർ പ്രകടിപ്പിക്കുമ്പോൾ പോലും സ്തോഭരഹിതനായി കാര്യങ്ങൾ ഇണക്കികൊണ്ടു പോകുന്നതിനുള്ള ഒരു ആന്തരികചോദനയും പ്രേരണാശക്തിയും അദ്ദേഹത്തിനുണ്ടായിരുന്നു.
………………….
….കോളിളകി മറിയുന്ന കടലിൽ, പുതുതായി ഇറക്കിയ ഒരു കപ്പലിനെ അതിന്റെ മുന്നോട്ടുള്ള ഗതി നിയന്ത്രിച്ചുകൊണ്ട് മഞ്ഞുമലകളെയും യാത്രക്കാരെ വീഴുങ്ങാൻ പാഞ്ഞുനടന്ന ക്ഷുർദ്ധാർത്ഥരായ കൂറ്റൻ കടൽജീവികളെയും ഒഴിവാക്കിക്കൊണ്ട് കപ്പിത്താനേപ്പോലെ നിലയുറപ്പിച്ചു നിൽക്കാൻ കാരൂരിനെപ്പോലെ ശേഷിയും ശേമുഷിയുമുള്ള ഒരാൾക്കേ സാധ്യമാകൂ. “

മലയാളത്തിലെ ഏറ്റവും മനോഹരമായ ചില കഥകൾ കാരൂരിന്റേതാണ്. ഉതുപ്പാന്റെ കിണർ, മരപ്പാവകൾ, പൊതിച്ചോറ് തുടങ്ങിയ കഥകൾ കണ്ണുനീരോടെയെ വായിക്കാൻ കഴിയൂ.
ഒരു സ്കൂൾവാധ്യാർക്ക് കൂലിപ്പണിക്കാരന്റെ വേതനം പോലും കിട്ടാത്ത, ദുരിതപൂർണമായ ഒരു കാലത്തിന്റെ നേർക്കാഴ്ചയാണ് കാരൂരിന്റെ അധ്യാപകകഥകൾ.
മകൾ ബി സരസ്വതി എഴുതിയ ജീവചരിത്രം കാരൂർ എന്ന വ്യക്തിയെ നമുക്ക് പരിചയപ്പെടുത്തുന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *