#കേരളചരിത്രം
#ഓർമ്മ
ഏഷ്യാനെറ്റ്.
ഏഷ്യാനെറ്റ് ടി വി സ്ഥാപനദിനം ആഘോഷിക്കുന്ന ദിവസമാണ് സെപ്റ്റംബർ 30.
പത്രപ്രവർത്തകനായ ശശികുമാർ 29 കൊല്ലം മുൻപ് ഇന്ത്യയിലാദ്യമായി, പ്രാദേശികഭാഷയിൽ ഒരു ചാനൽ ആരംഭിക്കുമ്പോൾ ആത്മവിശ്വാസവും ചങ്കൂറ്റവും മാത്രമായിരുന്നു കൈമുതൽ. റഷ്യയിലേക്ക് കയറ്റുമതിചെയ്തു പണമുണ്ടാക്കിയ അമ്മാവനാണ് തുടക്കത്തിൽ മുതൽമുടക്ക് നടത്തിയത്. അവസാനം ശശികുമാറിന്റെ കയ്യിൽനിന്ന് ചാനൽതന്നെ അയാൾ കൈക്കലാക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് വഴി വിശ്വാസ്യതയാണ് ശശികുമാർ ലോകമെങ്ങുമുള്ള മലയാളികൾക്ക് നൽകിയ മഹത്തായ സംഭാവന.
പുതിയ ചാനലുകൾ വന്നപ്പോഴും ഏഷ്യാനെറ്റ് മലയാള ചാനലുകളിൽ മുൻപന്തിയിലായിരുന്നതിൽ അത്ഭുതമില്ല.
ഏഷ്യാനെറ്റിന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ചയാളാണ് അകാലത്തിൽ അന്തരിച്ച ടി എൻ ഗോപകുമാർ. അദ്ദേഹം അവതരിപ്പിച്ച കണ്ണാടി എന്ന പരിപാടി എണ്ണത്തിൽ ഒരുപക്ഷേ ലോകറെക്കോർഡ് ആയിരിക്കും.
കടുത്ത മോഡിഭക്തനും ബി ജെ പി മുൻമന്ത്രിയുമായ
രാജീവ് ചന്ദ്രശേഖരനാണ് ഇപ്പോൾ ഏഷ്യാനെറ്റിന്റെ മുതലാളി. അതോടെ എഡിറ്ററായിരുന്ന എം ജി രാധാകൃഷ്ണൻ സ്ഥാനമൊഴിഞ്ഞു.
തന്റെ വേറൊരു ചാനലായ റിപ്പബ്ലിക്ക് ടി വി പോലെ മലയാളം ചാനലിനെയും മാറ്റാൻ ശ്രമിക്കുമോ എന്നതാണ് അറിയേണ്ടത്. എന്തായാലും ഇടത് സർക്കാരിൻ്റെ പ്രതിപക്ഷത്താണ് ചാനൽ നിലയുറപ്പിച്ചിരിക്കുന്നത്.
ദേശീയ മാധ്യമങ്ങൾ മിക്കവയും ഇന്ന് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകളുടെ ഉടമസ്ഥതയിലായിക്കഴിഞ്ഞു. സംഘപരിവാറിന്റെ വിടുപണിക്കാരായി ഏഷ്യാനെറ്റ് മാറാതെ പ്രബുദ്ധരായ മലയാളികൾ ഉറപ്പ് വരുത്തും എന്നാണ് പ്രതീക്ഷ.
ചാനലുകളുടെ റേറ്റിങ്ങിനായുള്ള കിടമത്സരം വാർത്തകളുടെയും ചർച്ചകളുടെയും വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ട് എന്ന് കാണാതെ വയ്യ.
– ജോയ് കള്ളിവയലിൽ.
Posted inUncategorized