#ചരിത്രം
കസേരകൾ.
ലോകത്തെവിടെയും ഏത് കാലത്തും അധികാരത്തിൻ്റെ പ്രതീകമാണ് കസേര.
കനക സിംഹാസനത്തിൽ കയറിയിരിക്കുന്നവൻ ശുംഭനായാലും ശുനക നായാലും വാഴ്‌ത്താനും വണങ്ങാനും ആളുകളുണ്ടാവും .
സ്വാതന്ത്ര്യത്തിനു മുൻപ് രാജ്യത്തെ ഏറ്റവും വലിയ പൊങ്ങച്ചങ്ങളിൽ ഒന്ന് രാജാവിൻ്റെ ഡർബാറിൽ പങ്കെടുക്കാൻ ഒരവസരം കിട്ടുക എന്നതായിരുന്നു. ക്ഷണം കിട്ടിയാൽ തന്നെ കസേരകളിൽ ഇരിക്കാൻ അനുവാദം പ്രമാണിമാർക്ക് മാത്രം.
ജനാധിപത്യം വന്നപ്പോഴും ഈ പൊങ്ങച്ചസംസ്കാരം തുടർന്നു. പ്രസിഡൻ്റും പ്രധാനമന്ത്രിയും ഗവർണറും മുഖ്യമന്ത്രിയുമെല്ലാം ജനങ്ങളുടെ ചിലവിൽ വിരുന്നുസൽക്കാരങ്ങൾ ഒരുക്കുന്നു. അവിടേക്ക് ക്ഷണംകിട്ടാൻ സമൂഹത്തിലെ എല്ലാ തുറയിലും പെട്ടവർ മത്സരിക്കുന്ന കാഴ്ചയാണ് ഇന്ന്.
ജനാധിപത്യത്തിൽ എല്ലാവരും സമന്മാരാണ്, പക്ഷേ ചിലർ കൂടുതൽ സമന്മാരാണ് എന്നതാണ് യാഥാർഥ്യം.
19ആം നൂറ്റാണ്ടിലെ ഒരു സർട്ടിഫിക്കറ്റ് കാണുക. ബ്രിട്ടീഷ് ഭരണകാലത്തെയാണ്.
ഭരണാധികാരികളായ സായിപ്പന്മാരുടെ മുന്നിൽ ഇരിക്കാൻ അർഹതയുള്ള ഇന്ത്യക്കാരായ ഉദ്യോഗസ്ഥന്മാർക്കും , നാട്ടുപ്രമാണിമാർക്കും മറ്റും കൊടുക്കുന്ന പ്രമാണപത്രം. ഒരു ജില്ലയിൽ രണ്ടു മൂന്നു പേർക്ക് മാത്രമാണ് ആ നിലവാരമുള്ളത്. കുർസി നാസിൻ എന്ന ഒരു വിശേഷണം തന്നെ നിഘണ്ടുവിൽ സ്ഥാനം നേടി. ആ ബഹുമതിക്കായി ആരെല്ലാം ആരുടെയെല്ലാം കാലു നക്കിയിട്ടുണ്ടാവും എന്ന് ചിന്തിക്കുന്നത് കൗതുകകരമാണ്.
മുഗൾ ചക്രവർത്തിമാരുടെയും നാട്ടുരാജാക്കന്മാരുടെയും പൈതൃകം ബ്രിട്ടീഷുകാരും പിൻതുടർന്നതാണ്.
അധികാരക്കസേര കൾക്ക് മുന്നിൽ
രണ്ടാംമുണ്ട് അഴിച്ചു അരയിൽ കെട്ടി ഓശ്ചാനിച്ച് നിൽക്കുന്നതായിരുന്നു മലയാളിയുടെ പാരമ്പര്യം.
സ്വാതന്ത്ര്യം കിട്ടിയിട്ടും ഈ സംസ്കാരം തുടർന്നു.
75 വർഷം കഴിഞ്ഞിട്ടും ഓരോ ആവശ്യങ്ങൾക്കായി സർക്കാർ ആപ്പീസുകളിൽ എത്തുന്ന സാധാരണക്കാരോട് ഇരിക്കാൻ പറയുന്ന ഉദ്യോഗസ്ഥർ കുറവാണ്.
പോലീസ് സ്റ്റേഷനുകളിലെ കാര്യം പറയുകയും വേണ്ട.
ഇന്നും മിക്ക മതനേതാക്കൾക്കും വിശ്വാസികളെ ഒപ്പമിരുത്താൻ മടിയാണ്. കത്തോലിക്കാ സഭയിൽ മെത്രാന്മാരുടെ അധികാര ചിഹ്നമായ മുദ്രമോതിരം മുട്ടുകുത്തി മുത്തുന്ന പാരമ്പര്യം അടുത്ത കാലം വരെയുണ്ടായിരുന്നു. ഹിന്ദു ആചാര്യന്മാർ മിക്കവരും സ്രാഷ്ടാംഗപ്രണാമം ഇഷ്ടപ്പെടുന്നവരാണ്.
അർഹതയില്ലാത്ത വേദികളിലും കയറി കസേരയിലിരിക്കാൻ ഒരു ഉളുപ്പുമില്ലാത്ത വർഗ്ഗം രാഷ്ട്രീയക്കാരാണ്.
കസേരകളുടെ നാറ്റക്കഥകൾ പറയാനാണെങ്കിൽ ഏറെയുണ്ട്.
അതൊക്കെ പറയാൻ ഒരു നമ്പ്യാരും , ഇ വി യും, സഞ്ജയനും, വി കെ എന്നും, തന്നെ വേണം.
– ജോയ് കള്ളിവയലിൽ.

