ബാലാമണി അമ്മ

#ഓർമ്മ

ബാലാമണി അമ്മ.

ബാലാമണി അമ്മയുടെ (1909-2004) ഓർമ്മദിവസമാണ്
സെപ്റ്റംബർ 29.

മാതൃത്വത്തിൻ്റെ കവി എന്നാണ് ബാലാമണി അമ്മ വിശേഷിപ്പിക്കപ്പെടുന്നത്.
പുന്നയൂർക്കുളത്തെ നാലപ്പാട്ട് തറവാട്ടിൽ ജനിച്ച കവി, അമ്മാവൻ നാലപ്പാട്ട് നാരായണമേനോൻ്റെ ശിക്ഷണത്തിലാണ് വളർന്നത്. ചെറുപ്പം മുതൽ കവിതയെഴുതാൻ പ്രചോദനമായത് നാലപ്പാടൻ്റെ സുഹൃത്തായ മഹാകവി വള്ളത്തോളാണ്.
19 വയസ്സിൽ, ഒരു ബ്രിട്ടീഷ് കമ്പനിയിൽ ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന വി എം നായരെ വിവാഹം ചെയ്തു കൽക്കത്തയിലെത്തി. വി എം നായർ പിന്നീട് മാതൃഭൂമിയുടെ മാനേജിങ് ഡയറക്ടറായപ്പോഴാണ് കേരളത്തിൽ മടങ്ങിയെത്തിയത്.
1930ൽ ആദ്യത്തെ കവിത പ്രസിദ്ധപ്പെടുത്തിയ ബാലാമണി അമ്മ, പിന്നീട് തുടർച്ചയായി കവിതകൾ എഴുതി. അവരുടെ ജീവിതകഥ നാം അറിയുന്നത് മകൾ മാധവിക്കുട്ടി എഴുതിയ ഓർമ്മക്കുറിപ്പുകളിലൂടെയാണ്. കർക്കശക്കാരനായ അച്ഛൻ പക്ഷേ, അമ്മയെ അവരുടെ വായനയുടെയും എഴുത്തിൻ്റെയും ലോകത്ത് സ്വച്ഛമായി ജീവിക്കാൻ അനുവദിച്ചു.
അമ്മ (1934), മുത്തശി (1962), മഴുവിൻ്റെ കഥ ( 1966) തുടങ്ങിയവയാണ് പ്രധാന കവിതാസമാഹാരങ്ങൾ. കേരള, കേന്ദ്ര, സാഹിത്യ അക്കാദമി അവാർഡുകൾ, സരസ്വതി സമ്മാൻ, വള്ളത്തോൾ പുരസ്കാരം, പദ്മഭൂഷൺ എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ നേടിയ അവർ ഓർമ്മകളുടെ ലോകത്തുനിന്നു വിടപറഞ്ഞു 5 വര്ഷം കഴിഞ്ഞശേഷം ഇഹലോകവാസം വെടിഞ്ഞു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *