#ഓർമ്മ
ശങ്കർ ഗുഹ നിയോഗി.
ഇന്ത്യ കണ്ട ഏറ്റവും മഹാന്മാരായ ട്രേഡ് യൂണിയൻ നേതാക്കളിൽ ഒരാളായ ശങ്കർ ഗുഹ നിയോഗി (1943-1991) വീരമൃത്യു വരിച്ച ദിവസമാണ് സെപ്റ്റംബർ 28.
ബംഗാളിലെ ജൽപായ്ഗുരിയിൽ ജനിച്ച നിയോഗി, കൽക്കത്തയിലെ വിദ്യാഭ്യാസത്തിനുശേഷം ജോലിതേടിയാണ് ഭിലായ് സ്റ്റീൽ പ്ലാന്റിൽ എത്തിയത്.
പ്ലാന്റിലും, 22000 ഏക്കർ വരുന്ന ടൌൺഷിപ്പിലുമായി പതിനായിരക്കണക്കിന് തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. കൂടാതെ അനുബന്ധമേഖലകളായ മൈനുകളിൽ വേറെയും ആയിരക്കണക്കിന് പേർ. അക്കൂട്ടത്തിൽ കരാർ തൊഴിലാളികൾ നരകതുല്യമായ സാഹചര്യങ്ങളിലാണ് ജീവിതം തള്ളിനീക്കിയിരുന്നത്.
1967ൽ നിയോഗി ഭിലായിയുടെ ചരിത്രത്തിൽ ആദ്യമായി സമരം സംഘടിപ്പിച്ചു. നിയോഗിയെ പിരിച്ചുവിട്ടാണ് അധികാരികൾ പ്രതികാരം ചെയ്തത്.
തുടർന്ന് കുറെ വർഷങ്ങൾ നിയോഗി ഛത്തിസ്ഗറിലാകെ ചുറ്റിസഞ്ചരിച്ചു ജനജീവിതം നേരിൽ കണ്ടു.
1970കളിൽ ശങ്കർ എന്നൊരാൾ ദള്ളി എന്ന സ്ഥലത്തെ ചുണ്ണാമ്പ് ഖനിയിൽ ജോലിക്കാരനായി ചേർന്നു. ആശ എന്ന ഒരു ആദിവാസിയെ കല്യാണം കഴിച്ചു. 1975ൽ അടിയന്തിരാവസ്ഥക്കാലത്ത് പോലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് ഭാര്യ പോലും അത് നിയോഗിയായിരുന്നു എന്നറിയുന്നത്.
1977ൽ പുറത്തുവന്ന നിയോഗി, ഛത്തിസ്ഗർ മൈൻസ് ശ്രമിക് സംഘം (CMSS ) സംഘടിപ്പിച്ചു. തൊഴിലാളികളുടെയിടയിൽ അവരിലൊരാളായി ജീവിച്ച നിയോഗി നിരന്തരപോരാട്ടങ്ങളിലൂടെ കരാർ തൊഴിലാളികളുടെ ജീവിതനിലവാരം പതിന്മടങ്ങു മെച്ചപ്പെടുത്തി. ഛത്തിസ്ഗർ മുക്തി മോർച്ച എന്നൊരു രാഷ്ട്രീയപാർട്ടിയും നിയോഗി സ്ഥാപിച്ചു.
അനുബന്ധവ്യവസായങ്ങൾ നടത്തിയിരുന്ന വ്യവസായികൾ വെറുതെയിരുന്നില്ല.
1991 സെപ്റ്റംബർ 28ന് നിയോഗിയെ അവർ ഉറക്കത്തിൽ വെടിവെച്ചുകൊന്നു. 1997ൽ മധ്യപ്രദേശ് കോടതി രണ്ടു വ്യവസായികൾ ഉൾപ്പെടെ 5പേരെ ജീവപര്യന്തം തടവിനും, കൊലയാളിയെ മരണത്തിനും ശിക്ഷിച്ചു. പക്ഷേ 2005ൽ സുപ്രീംകോടതി കൊലയാളിയുടെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. മറ്റുള്ളവരെ വെറുതെ വിടുകയും ചെയ്തു.
കരാർ തൊഴിലാളികൾക്ക് യാതൊരു സൗകര്യങ്ങളുമില്ലാത്ത ഒരു കാലത്ത്, നിയോഗി ഗള്ളി എന്ന സ്ഥലത്ത് തുടങ്ങിയ ഡിസ്‌പെൻസറി ഇന്ന് 100 ബെഡ് ഉള്ള ഷഹീദ് ഹോസ്പിറ്റലാണ്.
നിയോഗിയുടെ അനുയായിയായിരുന്ന ബംഗാളിയിലെ പ്രശസ്ത നോവലിസ്റ്റ് മനോരഞ്ജൻ ബ്യാപാരി ആത്മകഥയായ ‘എന്റെ ചണ്ടാള ജീവിതം ‘ എന്ന കൃതിയിൽ നിയോഗിയുടെ കഥ ഹൃദയസ്പ്രുക്കായി വിവരിക്കുന്നുണ്ട്.
– ജോയ് കള്ളിവയലിൽ.


