ഭഗത്ത് സിംഗ്

#ഓർമ്മ
#ചരിത്രം

ഭഗത്ത്‌ സിംഗ്.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ജ്വലിക്കുന്ന തീപ്പന്തമായിരുന്ന ധീരരക്തസാക്ഷി, ഭഗത്ത്‌ സിംഗിന്റെ (1907-1931) ജന്മവാർഷികദിനമാണ് സെപ്റ്റംബർ 28.

പഞ്ചാബിലെ ലില്യാൽപൂർ ഗ്രാമത്തിൽ ജനിച്ച ഭഗത്ത്‌ സിംഗ്, നന്നേ ചെറുപ്പത്തിൽത്തന്നെ സ്വാതന്ത്ര്യപോരാട്ടത്തിൽ പങ്കാളിയായി. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ച് ഒളിപ്രവർത്തനം നടത്തവേ, ലഹോറിൽവെച്ച് 1928 ഡിസംബറിൽ ഭഗത്ത്‌ സിംഗും കൂട്ടരും ജോൺ സാൻഡേഴ്‌സ് എന്നൊരു ബ്രിട്ടീഷ്‌ പോലീസ് ഓഫീസറെ വെടിവെച്ചുകൊന്നു. അവരെ പിന്തുടർന്ന ചമൻലാൽ എന്ന പോലീസുകാരനെ ചന്ദ്രശേഖർ ആസാദ് വെടിവെച്ചുകൊന്നു. സൈമൺ കമ്മീഷന് എതിരെ നടന്ന സമരത്തിൽ ക്രൂരമായ ലാത്തിചാർജിനെത്തുടർന്ന് മരണമടഞ്ഞ ലാലാ ലജ്പത് റായിയുടെ മരണത്തിനു പകരംചോദിക്കുക എന്നതായിരുന്നു ലക്ഷ്യം.
ഒളിവിൽ കഴിയവെ സെൻട്രൽ ലെജിസലേറ്റീവ് അസംബ്ലിയിൽ ലഘുലേഖകൾ വലിച്ചെറിഞ്ഞശേഷം ഭഗത്ത്‌ സിങ്ങും ബാതുകേശ്വര് ദത്തും കീഴടങ്ങി.
ലാഹോർ ഗൂഢാലോചന കേസിൽ ഭഗത്ത്‌ സിംഗ്, സുഖ്ദേവ്, രാജ്ഗുരു എന്നീ ധീരദേശാഭിമാനികൾ തൂക്കുകയറിന് വിധിക്കപ്പെട്ടു. കീഴടങ്ങാൻ തയാറാകാതിരുന്ന ചന്ദ്രശേഖർ ആസാദ്‌ സ്വയം വെടിവെച്ച് ജീവൻ വെടിഞ്ഞിരുന്നു . ജെയിലിൽ നിരാഹാരസമരം നടത്തി ജതിൻദാസ് ജീവത്യാഗം ചെയ്യുകയും ചെയ്തു.

1931 മാർച്ച് 23ന് ലാഹോർ ജെയിലിൽ തൂക്കിലേറ്റപ്പോൾ വെറും 23 വയസ്സ് മാത്രമായിരുന്നു ഭഗത്ത്‌ സിംഗിന്റെ പ്രായം.
സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധിയോടൊപ്പം ജനങ്ങളുടെ ആരാധനാപാത്രമായിരുന്നു ഭഗത്ത്‌ സിംഗ്. ‘ഇൻക്വിലാബ് സിന്ദാബാദ് ‘എന്ന മുദ്രാവാക്യത്തിനു രാജ്യത്താകെ പ്രചാരം നൽകിയത് ഈ യുവനേതാവാണ്. വർഗീയതയെ നഖശിഖാന്തം എതിർത്തിരുന്ന പോരാളിയായിരുന്നു ഭഗത്ത്‌ സിംഗ്.
രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ഈ ധീരദേശാഭിമാനികളുടെ ഓർമ്മക്കായി മാർച്ച്‌ 23 രക്തസാക്ഷിദിനമായി ആചരിക്കപ്പെടുന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *