#കേരളചരിത്രം
പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂർ
1838 മുതൽ 1861 വരെ തെക്കൻ തിരുവിതാംകൂറിലെ നെയ്യൂർ ഗ്രാമത്തിൽ മിഷനറി പ്രവർത്തനം നടത്തിയ ബ്രിട്ടീഷുകാരനാണ് റവ. ജോൺ ആബ്സ്. ബ്രിട്ടനിൽ തിരിച്ചെത്തിയശേഷം അദ്ദേഹം എഴുതിയ Twenty two years Missionary experience in Travancore
( പ്രസിദ്ധീകരണം 1870 ) എന്ന പുസ്തകം പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിൻ്റെ ഒരു ചിത്രം നമുക്ക് വെളിവാക്കുന്ന ഓർമ്മക്കുറിപ്പാണ്.
വ്യത്യസ്ത മതവിഭാഗങ്ങളുടെ മൂന്ന് ആരാധനാലയങ്ങളുടെ വിവരണം ശ്രദ്ധേയമാണ്.
പള്ളി.
…. “ഡിസ്ട്രിക്റ്റിലെ ഏറ്റവും മികച്ചവയിൽ ഒന്നും ഗ്രാമത്തിലെ പ്രധാന കെട്ടിടവുമായ അവിടത്തെ കൊച്ചുപളളി അതിൻ്റെ നിർമ്മാണരീതിയിൽ തികച്ചും പ്രാകൃതാവസ്ഥയിലുള്ള ഒന്നായിരുന്നു. ചുവരുകൾ വെയിലത്ത് ഉണക്കിയെടുത്ത ഇഷ്ടികകൾക്ക് പുറത്ത് പ്ലാസ്റ്ററിംഗിനായി കുമ്മായം തേച്ചിരിക്കുന്നു. കരിമ്പനയുടെ മടലുകളാൽ നിർമ്മിതമായ മേൽക്കൂര.
ജനാലകളുടെ സ്ഥാനത്ത് പനമടലുകൾ ആണിയടിച്ച് ഉറപ്പിച്ചിരിക്കുന്നു . ഉൾവശത്ത് ഇരിപ്പിടങ്ങളോ ഡെസ്ക്കുകളോ പ്രസംഗവേദിയോ ഇല്ല. മുൻവാതിലും ഒരോ വശത്തുമുള്ള വാതിലുകളും പ്രവേശനകവാടത്തെ സൂചിപ്പിക്കുന്നു. കെട്ടിടത്തിനുള്ളിൽ ആറടിയോളം ഉയരത്തിൽ നിർമ്മിച്ചിട്ടുള്ള ഇടനാഴിയുടെ ഒരറ്റത്ത് ഓഫീസ് ആവശ്യത്തിനായി വേർതിരിച്ചിട്ടുള്ള ചെറിയൊരു ഇടമുണ്ട്. ആ ഇടത്തെ ലഘുഭക്ഷണപാനീയങ്ങൾ കഴിക്കാനും മിഷനറിമാരുടെ കിടപ്പുമുറിയായും കൂടി ഉപയോഗിക്കുന്നു. തൻ്റെ സന്ദർശനവേളകളിൽ പലപ്പോഴും ഇവിടെ കിടന്നുറങ്ങിയിട്ടുണ്ടെന്നും ചുറ്റുവട്ടത്ത് കണ്ടമാനം എലികളും പാമ്പുകളുമുണ്ടെന്നും അവയൊന്നും ഒരിക്കലും തൻ്റെ വിശ്രമത്തിന് തടസ്സമായിട്ടില്ലെന്നും മി. മില്ലർ എന്നോട് പറയുകയുണ്ടായി.”
………..
ക്ഷേത്രം.
…….… ” യാത്രാമധ്യേ ഞങ്ങൾ നിരവധി ചെറിയ പഗോഡകൾ ( ചെറിയ ഹൈന്ദവക്ഷേത്രം) കാണുകയും അവയിൽ ഒന്നിനെ സൂക്ഷ്മമായി പരിശോധിക്കാൻ അവസരം ലഭിക്കുകയുമുണ്ടായി. പരുക്കൻ മട്ടിൽ ഇഷ്ടികയോ കല്ലോ കൊണ്ട് നിർമ്മിച്ചിട്ടുള്ള ഈ ചെറിയ കെട്ടിടങ്ങൾക്ക് അടച്ചുറപ്പില്ലാത്ത ഒരു മുൻവാതിലുണ്ട്. അവയുടെ ചുമരുകൾക്ക് പുറത്ത് ദേവീദേവന്മാരുടെ ധീരകൃത്യങ്ങളെ പ്രതിനിധീകരിക്കുന്ന അനാകർഷകമായ ചിത്രങ്ങളുണ്ട്. അവക്കുള്ളിലാകട്ടെ പ്രത്യേക മൂർത്തികളുടെ വിഗ്രഹങ്ങൾ സ്ഥാപിച്ചിരിക്കുന്നു. ആ മൂർത്തികളിൽ തന്നെ ഏറ്റവും സാധാരണമായിട്ടുള്ളത് ത്രിമൂർത്തികളുടെയും കാളിയുടെയും വിഗ്രഹങ്ങളുമാണ്……
….. എല്ലാ ദിശകളിലും ബ്രാഹ്മണഭവനങ്ങളോട് ചേർന്ന് ഹൈന്ദവ ക്ഷേത്രങ്ങൾ കണ്ടെത്താനാവും”. ……
മോസ്ക്ക്.
………….” വളരെ വിസ്താരമുള്ള മുറ്റമാണ് പള്ളിക്കുണ്ടായിരുന്നത്. അതിനു ചുറ്റുമായി മിക്ക ബ്രാഹ്മണഗൃഹങ്ങളുടെയും ആരാധനാലയങ്ങൾക്കുള്ളതുപോലെ ഉയരമേറിയ മതിൽക്കെട്ടും അതിന് ഉണ്ടായിരുന്നു. മോസ്ക്കിനുള്ളിൽ പ്രവേശിക്കാൻ ഞങ്ങൾക്ക് അനുവാദം ലഭിച്ചില്ലെങ്കിലും അവിശ്വാസികൾക്ക് നിയമപരമായി അനുവദിച്ചിട്ടുള്ളതുപോലെ പ്രവേശനകവാടത്തിനും വളരെ അടുത്തായിട്ടാണ് ഞങ്ങളുടെ ഇരിപ്പിടങ്ങൾ സ്ഥാപിച്ചത്. ഞങ്ങൾക്ക് കാണാവുന്നിടത്തോളം അതിൻ്റെ ഉൾഭാഗം വൃത്തിയും വിസ്താരമുള്ളതും ചുവരുകൾ കട്ടിയുള്ളവയും നിലം മനോഹരമായി മിനുസപ്പെടുത്തിയതുമാണെങ്കിലും അവിടെ വിഗ്രഹങ്ങളോ ചിത്രങ്ങളോ വർണ്ണപ്പൊലിമയുള്ള അലങ്കാരങ്ങളോ ഉണ്ടായിരുന്നില്ല. അക്കാലത്തെ തിരുവിതാംകൂറിലെ മിക്ക ആരാധനാലയങ്ങളെയും പോലെ ഇവിടെയും ഇരിപ്പിടങ്ങളോ വായനക്കുള്ള ഡെസ്ക്കുകളോ പ്രസംഗവേദിയോ ഉണ്ടായിരുന്നില്ല. അയഞ്ഞ വസ്ത്രങ്ങൾ ധരിച്ച അരഡസനോളം ഉദ്യോഗസ്ഥർ നിലത്തിരിക്കുന്നുണ്ടായിരുന്നു. അവർക്ക് മുൻപിൽ കത്തിച്ച വിളക്കുകളും വിശ്വാസികൾ സംഭാവനയായി നൽകിയ പണത്തിൻ്റെ ചെറിയ ഒരു കൂമ്പാരവുമുണ്ടായിരുന്നു . അതിൽ രാജ്യത്തെ മൂല്യംകുറഞ്ഞ നാണയത്തുട്ടുകൾ കുറവായിരുന്നു…….
………… പളളിമുറ്റത്ത് ഒന്നിച്ചുകൂടി നിൽക്കുന്ന ആളുകൾ രാജ്യത്തിൻ്റെ വ്യത്യസ്തഭാഗങ്ങളിൽ നിന്നും വന്നവരും വ്യത്യസ്തഭാഷകൾ സംസാരിക്കുന്നവരുമായിരുന്നു . അവർ വിഭിന്നമായ വർഗങ്ങളിൽപെട്ടവരുമായിരുന്നു . അവരിൽ നിരവധി പേർ ഹിന്ദുസ്ഥാനിയും കുറച്ചു പേർ മലയാളവും മറ്റുള്ളവർ തെലുങ്കുമാണ് സംസാരിച്ചത്.”…………
( പരിഭാഷ – എ ഡബ്ല്യൂ ഗിഫ്റ്റ്സൺ).
– ജോയ് കള്ളിവയലിൽ.
Posted inUncategorized