കെ മാധവൻ നായർ

#ഓർമ്മ

കെ മാധവൻ നായർ.

കെ മാധവൻ നായരുടെ (1882-1933) ഓർമ്മദിവസമാണ് സെപ്റ്റംബർ 28.

മലബാർ കലാപം സംബന്ധിച്ച് ആദ്യമായി പുസ്തകം എഴുതിയയാൾ എന്ന പേരിൽ മാത്രമായിരിക്കും പുതിയ തലമുറ ഈ സ്വാതന്ത്ര്യസമരസേനാനിയെ ഓർക്കുക.
1920 കളിൽ കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യത്തെ സെക്രട്ടറി , പിന്നീട് ആദ്യത്തെ പ്രസിഡൻ്റ് , ഉജ്വലവാഗ്മി, സ്വതന്ത്ര്യസമരത്തിൻ്റെ മുന്നണിപോരാളി, മാതൃഭൂമി പത്രത്തിൻ്റെ സ്ഥാപക മാനേജിംഗ് ഡയറക്ടർ എന്നിങ്ങനെ വിവിധ മേഖലകളിൽ നിസ്തുല സേവനം ചെയ്താണ് ഈ രാജ്യസ്നേഹി ചരിത്രത്തിൽ ഇടംപിടിച്ചത്.
മലപ്പുറത്തെ ഒരിടത്തരം കുടുംബത്തിൽ ജനിച്ച മാധവൻ നായർ, 8വയസിൽ അമ്മ മരിച്ചതുകൊണ്ട് അമ്മാവൻ കെ കണ്ണൻനായരുടെ സംരക്ഷണയിലാണ് വളർന്നത്. കണ്ണൻനായർ ചങ്ങനാശേരിയിൽ അധ്യാപകനായതോടെ കോട്ടയം സി എം എസ് കോളേജിൽ ചേർന്ന് എഫ് എ പരീക്ഷ ജയിച്ചു. ഒരു കൊല്ലം തിരുവല്ലയിൽ അധ്യാപകൻ. പിന്നീട് തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് ബി എ. 1909ൽ ബി എൽ പാസായി മലപ്പുറത്ത് പ്രാക്ടീസ് ആരംഭിച്ചു. 1919ൽ കോഴിക്കോട്ടേക്ക് മാറി.
ഹോംലീഗ് പ്രസ്ഥാനത്തിൽ സജീവമായ മാധവൻനായരുടെ നേതൃത്വത്തിൽ കെ പി കേശവമേനോൻ തുടങ്ങിയ വക്കീലന്മാരെ കൂട്ടി കോൺഗ്രസ്സ് പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു.
1920ലെ നാഗ്പൂർ കോൺഗ്രസ് സമ്മേളനമാണ് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവ ചേർത്ത് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചത്.
1921 ജനുവരി 30ന് കോഴിക്കോട് ചേർന്ന സമ്മേളനം കെ മാധവൻ നായരെ ആദ്യത്തെ കെ പി സി സി സെക്രട്ടറിയായി തെരഞ്ഞെടുത്തു. പിന്നീട് 1930ൽ പ്രസിഡൻ്റ് സ്ഥാനം കൊണ്ടുവന്നപ്പോൾ ആദ്യത്തെ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടതും മാധവൻ നായർ തന്നെ.
ദേശീയപ്രസ്ഥാനത്തിനു കരുത്തുകൂട്ടാനായി 1922 ഫെബ്രുവരി 15ന് മാതൃഭൂമി കമ്പനി തുടങ്ങിയപ്പോൾ മാധവൻ നായർ ആദ്യത്തെ മാനേജിംഗ് ഡയറക്ടറായി.
ജെയിൽജീവിതം സമ്മാനിച്ച ഗുരുതരരോഗം മൂലം 1933 സെപ്റ്റംബർ 28ന് ദിവംഗതനായി.
മലബാർ കലാപം എന്ന ചരിത്രപുസ്തകം പ്രസിദ്ധീകരിച്ചത് മരണശേഷമാണ്.
1934 ജനുവരി 13ന് കോഴിക്കോട് ടൗൺഹാളിലും പിറ്റേന്ന് മാതൃഭൂമിയിലും മാധവൻ നായരുടെ ചിത്രം അനാശ്ചാദനം ചെയ്തത് മഹാത്മാഗാന്ധിയാണ്.
ഗാന്ധിജി പറഞ്ഞു:
” …. എന്നെ ആകർഷിച്ച മുഖ്യസംഗതി അദ്ദേഹത്തിൽ തെളിഞ്ഞുകാണുന്ന കുലീനതയും വിനയവുമാകുന്നു…….
. മാധവൻനായരുടെ അനാഡംബര സ്വഭാവത്തെക്കുറിച്ച് പ്രത്യേകം പറയേണ്ടിയിരിക്കുന്നു …….. മാധവൻനായരുടെ വിനയം , തെളിഞ്ഞുകാണുന്ന ആത്മാർത്ഥത, മിതഭാഷിത്വം, സ്വന്തം പ്രാപ്തിയുടെ പരിമിതികളെക്കുറിച്ചുള്ള ബോധം, ഈ ഗുണങ്ങൾ ഉളളവർ അധികമില്ല……”
– ജോയ് കള്ളിവയലിൽ

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *