#ഓർമ്മ
#ചരിത്രം
സിഗരറ്റ് എന്ന ലഹരി.
സിഗരറ്റ് വലി ആരോഗ്യത്തിന് ഹാനികരമാണെന്ന് എന്ന് ഇന്ന് എല്ലാവരും സമ്മതിക്കുന്നു.
പക്ഷെ സിഗരറ്റ് വലിക്കുന്നത് പുരുഷത്തത്തിൻ്റെ ലക്ഷണമാണ് എന്ന് കരുതിയിരുന്ന കാലത്താണ് ഞാൻ വളർന്നത്. പത്രമാധ്യമങ്ങളിൽ സിഗരറ്റ് പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത് അന്ന് സാധാരണമാണ്. എൻ്റെ അമ്മാവൻ വരുത്തിയിരുന്ന ടൈം മാസികയുടെ പുറംപേജിൽ വന്നിരുന്ന മാൾബറോ, ഡൺഹിൽ, സ്റ്റേറ്റ് എക്സ്പ്രസ് തുടങ്ങിയ വിദേശ ബ്രാൻഡുകളുടെ പരസ്യങ്ങൾ ഇന്നും ഓർമ്മയിലുണ്ട്.
എൻ്റെ കുട്ടിക്കാലത്ത്
സിഗരറ്റ് ധനികരുടെ കുത്തകയാണ്. സാധാരണക്കർക്ക് ബീഡിയാണ് ശരണം. ഗ്രാമത്തിൽ തന്നെ ബീഡി തെറുക്കുന്ന ആളുകളുണ്ട്. പിന്നീട് ഗണേഷ്, ദിനേഷ്, കാജാ, തുടങ്ങിയ കമ്പനികൾ പാക്ക്ചെയ്ത ബീഡി വിൽക്കുന്ന രീതി വന്നു.
സിഗരറ്റിൽ അന്ന് കേമൻ ഗോൾഡ് ഫ്ലേക്ക് ആണ്. സ്റ്റേറ്റ് എക്സ്പ്രസ്സ് തുടങ്ങിയ വിദേശബ്രാൻഡുകൾ ഉപയോഗിക്കുന്ന അതിസമ്പന്നരുമുണ്ട്. അതിലും ഉയർന്ന മുതലാളിമാർ ചുരുട്ടും പൈപ്പും വലിക്കുന്നവർ. എൻ്റെ മുത്തശ്ശൻ ജേക്കബ് ചെറിയാൻ ചുരുട്ട് അതിൻ്റെ ഒരറ്റം മുറിച്ച് കത്തിച്ച് ചുറ്റിൽ മോതിരം പോലുള്ള സ്വർണക്കടലാസ് വിരലിൽ അണിയിക്കുമ്പോൾ സ്വർഗം കിട്ടിയ പ്രതീതിയായിരുന്നു. വല്യമ്മാവൻ ചാക്കോ എ കള്ളിവയലിൽ ( കുഞ്ഞാപ്പു)
പൈപ്പിൽ പുകയില നിറക്കുമ്പോൾ പൗച്ചിൽ നിന്നുയരുന്ന സുഗന്ധം ഇന്നും മനസ്സിലുണ്ട്.
ഗോൾഡ് ഫ്ലേക്കിൻ്റെ ടിൻ കയ്യിൽപിടിച്ചുള്ള വേറൊരു അമ്മാവൻ്റെ നിൽപ്പ് ഓർമ്മയുണ്ട്.
ഗോൾഡ് ഫ്ലേക്കും വിൽസും കഴിഞ്ഞാൽ പനാമയാണ് താരം. കൂടിൻ്റെ മുകൾഭാഗം കീറി വേണം സിഗരറ്റ് ഏടുക്കാൻ. അതിലും ജനപ്രീതി സിസേർസ് സിഗരറ്റിന് ഉണ്ടായിരുന്നു എന്ന് തോന്നുന്നു.
യുവാക്കൾക്ക് താങ്ങാവുന്ന വിലയ്ക്ക് ബർക്കിലിയും ചാർമിനാറും മാത്രമേ കിട്ടൂ. അതിലും താഴെയുള്ള പാസിംഗ് ഷോ അത്ര ജനപ്രീതിയുള്ളതായിരുന്നില്ല .
ഞാൻ ആകെ വലിച്ചത് കൂൾ എന്ന പേരുള്ള ഒരു ഫിൽട്ടർ സിഗരറ്റ് ആണ്. അതും സ്കൂളിൽ വെച്ച്. വേഗം തന്നെ ആ പണി നിർത്തുകയും ചെയ്തു.
സിഗരറ്റ് വലി ആരോഗ്യത്തിന് ഹാനികരമാണ്. അതിലും വിനാശകരമാണ് മാരകമായ മയക്കുമരുന്നുകൾ.
ഇപ്പോൾ കേരളത്തിലെ യുവാക്കളുടെ ലഹരി മയക്കുമരുന്നുകളാണ്.
60 വര്ഷം മുൻപ് എൻ്റെ തലമുറക്ക് അത് കഞ്ചാവ് ആയിരുന്നു. അതിനുമുൻപ് കറപ്പ് ആയിരുന്നു ലഹരി. കറപ്പ് നിരോധിച്ചപ്പോൾ സ്ഥിരം ഉപയോഗിച്ചിരുന്നവർക്ക് സര്ക്കാർ ക്വോട്ട അനുവദിച്ച് വിതരണം ചെയ്തിരുന്നു
ചില വിദേശരാജ്യങ്ങളിൽ കഞ്ചാവ് നിയമവിധേയമാക്കി ക്കഴിഞ്ഞു. വലിയ ഉപദ്രവമില്ല, കൂടാതെ വേദനസംഹാരിയെന്ന നിലയിൽ പ്രയോജനവുമുണ്ട് എന്നാണ് ന്യായീകരണം.
– ജോയ് കള്ളിവയലിൽ.
അടിക്കുറിപ്പ്:
60 വര്ഷം മുൻപ് എൻ്റെ കുട്ടിക്കാലത്ത് സദ്യ നടക്കുന്ന പന്തലിൽ അതിഥികൾക്കായി ഒരു തളികയിൽ സിഗരറ്റ്, ബീഡി, മുറുക്കാൻ, പിന്നെ തീപ്പെട്ടിയും, വയ്ക്കുമായിരുന്നു.
Posted inUncategorized