എം കെ കെ നായർ

#ഓർമ്മ

എം കെ കെ നായർ.

എം കെ കെ നായരുടെ ( 1920-1987) ഓർമ്മദിവസമാണ്
സെപ്റ്റംബർ 27.

കേന്ദ്ര കാബിനറ്റ് സെക്രട്ടറി വരെ ഉയരേണ്ട ഒരു ഐ എ എസ് ഉദ്യോഗസ്ഥനെ ആരോപണങ്ങളിൽ തളച്ച് നിശബ്ദനാക്കിയ ചരിത്രമാണ് ഈ മഹാനായ മലയാളിയുടേത്.
തിരുവനന്തപുരത്ത് ജനിച്ച കൃഷ്ണൻ ഒന്നാമനായി ബിരുദമെടുത്തശേഷം തിരുവിതാംകൂർ ടെലിഫോൺ വകുപ്പിൽ മാനേജരായിട്ടാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. 1949ൽ ഐ എ എസ് ലഭിച്ചതിനുശേഷം പുതുതായി ആരംഭിച്ച ഘനവ്യവസായമായ ഭീലായ് സ്റ്റീൽ പ്ലാൻ്റിൻ്റെ ചുമതല ലഭിച്ചത് തൻ്റെ അനന്യമായ കഴിവുകൾ പ്രദർശിപ്പിക്കാൻ എം കെ കെ നായർക്ക് അവസരമായി.
സർ സി പി രാമസ്വാമി അയ്യർ ആരംഭിച്ച ഫെർട്ടി ലൈസേർസ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ എന്ന വളം നിർമ്മാണശാലയുടെ ചുമതലക്കാരൻ എന്ന നിലയിൽ കേരളത്തിന് മറക്കാനാവാത്ത സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു . കൃഷിക്ക് രാസവളങ്ങൾ ഉപയോഗിച്ച് ഉത്പാദനം വർദ്ധിപ്പിക്കാൻ കഴിയും എന്ന് മലയാളിയെ പഠിപ്പിച്ചത് ഫാക്ക്ട് എന്ന കമ്പനിയാണ്.
പ്രകൃതിരമണീയമായ അമ്പലമേട്ടിലെ കൊച്ചി ഡിവിഷൻ പ്ലാൻ്റ് എം കെ കെ യുടെ ദീർഘവീക്ഷണത്തിൻ്റെ ഫലമാണ്.
കലകളുടെ പ്രോത്സാഹനത്തിന് ഇത്രയധികം സംഭാവന ചെയ്ത അധികം ആളുകളില്ല. ഗുരു ചെങ്ങന്നൂർ, ദേവൻ, ടി പദ്മനാഭൻ തുടങ്ങിയ കലാകാരന്മാർ ഫാക്റ്റിൻ്റെ പിന്തുണ കിട്ടിയവരാണ്.
കഥകളിയായിരുന്നു എം കെ കെ യുടെ ജീവൻ. കലാമണ്ഡലം ചെയർമാൻ ആയിരിക്കെ നിർമ്മിച്ച, കേരള ശിൽപ്പകലയുടെ മകുടോദാഹരണമായ കലാമണ്ഡലത്തിലെ കൂത്തമ്പലം മാത്രം മതി, എം കെ കെ യുടെ സ്മാരകമായി.
കേരളത്തിൽ ആദ്യമായി ഭാരതീയ കലാഭവൻ ശാഖ സ്ഥാപിച്ചത് എം കെ കെയാണ്.
അഴിമതിയാരോപണങ്ങളിൽ കുടുക്കി ധന്യമായ ആ വ്യക്തിയെ ഒതുക്കുകയായിരുന്നു.
കേസുകൾ നടത്തി നിരപരാധിത്വം തെളിയിക്കാൻ കഴിഞ്ഞെങ്കിലും നിസ്വനായി രോഗിയായി എറണാകുളം കാരിക്കാമുറിയിലെ വീട്ടിൽ ഏതാണ്ട് ഏകനായി അന്ത്യം കൈവരിക്കാനായിരുന്നു വിധി.
എം കെ കെ ക്കെതിരെ ഉയർന്ന എക ആക്ഷേപം അക്കാലത്ത് ഫാക്ക്‌റ്റ് സ്ഥാപനങ്ങളിൽ നിയമനം നേടിയവരിൽ ഭൂരിഭാഗവും നായർ സമുദായത്തിൽ പെട്ടവരാണ് എന്നതാണ്.
ആരോടും പരിഭവമില്ലാതെ എന്ന ആത്മകഥ ഓരോ മലയാളിയും വായിച്ചിരിക്കേണ്ട അനുഭവകഥനമാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *