#ഓർമ്മ
#കേരളചരിത്രം
സർ സി പി രാമസ്വാമി അയ്യർ.
സർ സി പി യുടെ (1879-1966) ചരമവാർഷികദിനമാണ് സെപ്റ്റംബർ 26.
തിരുവിതാംകൂറിലെ സ്വാതന്ത്ര്യസമരത്തെ ചോരയിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച ക്രൂരനായ ഭരണാധികാരി എന്ന ചിത്രമാണ് കേരളത്തിലെ ഭൂരിഭാഗം ആളുകളുടെയും മനസ്സിലുള്ളത്. അതിൽ കാര്യമുണ്ട് താനും.
പക്ഷേ ഇന്ത്യ കണ്ട ഏറ്റവും വലിയ ബുദ്ധിരാക്ഷസൻമാരിൽ ഒരാളും, ക്രാന്തദർശിയായ ഭരണാധികാരിയുമാ യിരുന്നു സർ സി പി.
ഒരു ജഡ്ജിയുടെ മകനായി ജനിച്ച ചെട്പെട്ട് പട്ടാഭിരാമൻ രാമസ്വാമി അയ്യർ, അതിസമർത്ഥനായ വിദ്യാർഥിയായിരുന്നു. മദ്രാസ് ലോ കോളേജിൽനിന്ന് പാസായി
അതിപ്രഗത്ഭനായ അഭിഭാഷകൻ എന്ന ഖ്യാതി നേടി. ജഡ്ജി പദവി നിരസിച്ചയാൾ.
ആനി ബസന്തിൻ്റെ സഹപ്രവർത്തകനായ സി പി ഹോം റൂൾ ലീഗിൻ്റെ വൈസ് പ്രസിഡൻ്റായിരുന്നു. ഇൻഡ്യൻ നാഷണൽ കോൺഗ്രസിൽ സെക്രട്ടറിപദം വരെയെത്തിയ സി പി ഗാന്ധിജിയുമായുള്ള അഭിപ്രായവ്യത്യാസം മൂലം രാഷ്ട്രീയം വിട്ടു.
39 വയസിൽ (1920-23) മദ്രാസ് അഡ്വക്കേറ്റ് ജനറൽ. 1923 മുതൽ 1928 വരെ മദ്രാസ് ഗവർണറുടെ കൗൺസിൽ അംഗമെന്ന നിലയിൽ പൈക്കാര, മേട്ടൂർ അണക്കെട്ടുകൾ നിർമ്മിച്ചു. ദേവദാസി സമ്പ്രദായം നിർത്തലാക്കി.
1931 മുതൽ 36 വരെ, ഇന്നത്തെ കേന്ദ്രമന്ത്രിയേക്കാൾ അധികാരങ്ങളുള്ള വൈസ്രോയിയുടെ എക്സിക്യൂട്ടിവ് കൗൺസിൽ അംഗം.
1936 മുതൽ 1947ൽ വെട്ടേറ്റ് മടങ്ങുന്നതു വരെ തിരുവിതാംകൂർ ദിവാൻ.
തിരുവിതാംകൂർ നാട്ടുരാജ്യത്തിൻ്റെ സർവതോന്മുഖമായ പുരോഗതിക്ക് സർ സി പി നൽകിയ സംഭാവനകൾ എ ശ്രീധരമേനോൻ തൻ്റെ പുസ്തകത്തിൽ അക്കമിട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും നന്നായി ഭരിക്കപ്പെടുന്ന നാട്ടുരാജ്യം എന്ന ബഹുമതി അദ്ദേഹം നേടിത്തന്നു. കേരള സർവകലാശാലയുടെ സ്ഥാപകൻ ദിവാൻ സർ സി പി യാണ്.
വ്യവസായമേഖലയിൽ അദ്ദേഹം കൈവരിച്ച നേട്ടങ്ങൾ ആവർത്തിക്കാൻ പിന്നീട് ആർക്കും കഴിഞ്ഞിട്ടില്ല.
സ്വതന്ത്ര ഇന്ത്യയിൽ ഉത്തരവാദപ്പെട്ട സ്ഥാനങ്ങൾ ലഭിക്കുന്നതിന് തടസ്സമായത് സ്റ്റേറ്റ് കോൺഗ്രസ് , പുന്നപ്രവയലാർ സമരങ്ങൾ, അടിച്ചമർത്തിയതു
മൂലം കോൺഗ്രസിനുള്ളിൽ ഉണ്ടായിരുന്ന അതൃപ്തി അവഗണിക്കാൻ നെഹ്റുവിന് ആകുമായിരുന്നില്ല എന്നതാണ്.
അപ്രിയ തീരുമാനങ്ങൾ എടുക്കുന്നതിൽ രാജകുടുംബത്തിൻ്റെ ആജ്ഞകൾ ശിരസാ വഹിക്കുകയായിരുന്നു താനെന്നുള്ള
അദ്ദേഹത്തിൻ്റെ വാദം പക്ഷേ അധികമാരും വിശ്വസിച്ചിട്ടില്ല. എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന ഒരു ഏകാധിപതിയായിരുന്നു സി പി.
സർ സി പിയുടെ ലേഖനങ്ങളും പുസ്തകങ്ങളും അദ്ദേഹത്തിൻ്റെ അഗാധപാണ്ഡിത്യം വെളിപ്പെടുത്തുന്നവയാണ്. ലണ്ടനിൽ വെച്ചാണ് മരണമടഞ്ഞത്.
കേരളചരിത്രത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരേടാണ് സർ സി പിയുടെ ദിവാൻ ഭരണകാലം.
– ജോയ് കള്ളിവയലിൽ.
Posted inUncategorized