#ഓർമ്മ
#കേരളചരിത്രം
സ്വദേശാഭിമാനിയുടെ നാടുകടത്തൽ.
തിരുവിതാംകൂറിൻ്റെ ചരിത്രത്തിലെ ഏറ്റവും ഗർഹണിയമായ ഒരു സംഭവത്തിൻ്റെ ഓർമ്മദിവസമാണ് സെപ്റ്റംബർ 26.
സ്വദേശാഭിമാനി പത്രവും പ്രസ്സും പൂട്ടി മുദ്രവെച്ച്, പത്രാധിപർ രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവസമാണ് 1910 സെപ്റ്റംബർ 26 തിങ്കളാഴ്ച.
തിരുവനന്തപുരത്തെ പത്രവും പ്രസ്സും പൂട്ടി രാമകൃഷ്ണപിള്ളയെ തിരുവിതാംകൂർ അതിർത്തിയായ ആരുവാമൊഴി കടത്തി രാജ്യത്തിന് പുറത്താക്കുക യായിരുന്നു.
സംഭ്രമജനകമായ ആ ദിവസത്തിൻ്റെ വിവരങ്ങൾ ഭാര്യ ബി കല്യാണി അമ്മ എഴുതിയ വ്യാഴവട്ട സ്മരണകൾ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ആദ്യം മദ്രാസിലും അവസാനകാലം കണ്ണൂരിലുമാണ് സ്വദേശാഭിമാനി തൻ്റെ ശിഷ്ടദിനങ്ങൾ ചെലവഴിച്ചത് .
സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം കുമ്പളത്ത് ശങ്കു പിള്ളയുടെ നേതൃത്വത്തിൽ ചിതാഭസ്മം കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്ത് കൊണ്ടുവന്നു.
സ്മാരകത്തിന് സ്ഥലം അനുവദിക്കാൻ മടിച്ച മുഖ്യമന്ത്രി പട്ടം താണുപിള്ളക്ക് കുമ്പളം കൊടുത്ത മറുപടി “എൻ്റെ അച്ചിക്ക് മരച്ചീനി നടാനല്ല സ്ഥലം ചോദിച്ചത്” എന്നാണ്.
“സ്വാതന്ത്ര്യബോധമോ ജനാധിപത്യത്തെക്കുറിച്ചുള്ള ചിന്തയോ സാമാന്യജനങ്ങളിൽ എത്തിനോക്കുകപോലും ചെയ്തിട്ടില്ലാതിരുന്ന ഒരു കാലത്ത്
‘ രാജാധികാരം പ്രജകളാൽ ദത്ത’മാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് അഴിമതികൾക്കും ഭരണദുർന്നയങ്ങൾക്കും അധികാരദുർവിനിയോഗത്തിനുമെതിരെ നിർഭയം പടപൊരുതിയ” മഹാനാണ് മുപ്പതിൽ താഴെ മാത്രം പ്രായമുണ്ടായിരുന്ന രാമകൃഷ്ണപിള്ള.
“പൗരസ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം, ജനാധിപത്യം എന്നിവ എന്താണെന്ന് പൊതുജനത്തെ ബോധവാൻമാരാക്കുന്നതിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച സ്വദേശാഭിമാനിയുടെ ഉദ്ഘോഷണം എന്നത്തേക്കാളേറെ ഇന്നു പ്രസക്തമായിട്ടുണ്ടെന്ന് വ്യക്തമല്ലേ?
സ്വദേശഭിമാനിയുടെ മുദ്രാവാക്യം തന്നെ
“ഭയകൗടില്യലോഭങ്ങൾ
വളർക്കില്ലൊരു നാടിനെ.” എന്നതായിരുന്നു.
( അവലംബം – എൻ്റെ നാടുകടത്തൽ, കെ രാമകൃഷ്ണപിള്ള.)
സ്വദേശാഭിമാനി പത്രം.
ധീരദേശാഭിമാനിയായ വക്കം അബ്ദുൽ ഖാദർ മൗലവിയാണ് 1905 ജനുവരി 19ന് പത്രം തുടങ്ങിയത്. അഴിമതിയെ എതിർക്കാനും തിരുവിതാംകൂറിലെ ജനങ്ങളുടെ സ്വാതന്ത്ര്യ പോരാട്ടങ്ങൾക്ക് ശക്തി പകരാനുമായിട്ടാണ് വലിയതോതിൽ പണം ചെലവഴിച്ച് മൗലവി ആഴ്‌ച്ചതോറും പ്രസിദ്ധീകരിക്കുന്ന ഒരു പത്രം തുടങ്ങിയത്. അതിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഒരു പ്രസ്സ് അദ്ദേഹം ഇംഗ്ലണ്ടിൽനിന്നും നേരിട്ട് ഇറക്കുമതിചെയ്തു. ബ്രിട്ടീഷ്ഗവൺമെൻ്റിൻ്റെ നേരിട്ടുള്ള ഭരണത്തിലുള്ള അഞ്ചുതെങ്ങിലാണ് പ്രസ് സ്ഥാപിച്ചത്. സി പി ഗോവിന്ദപ്പിള്ളയായിരുന്നു ആദ്യ പത്രാധിപർ.
1906 ജനുവരിയിൽ രാമകൃഷ്ണപിള്ള പത്രാധിപസ്ഥാനം ഏറ്റെടുത്തു. അതിനായി അദ്ദേഹം കുടുംബസമേതം ചിറയിൻകീഴ് താലൂക്കിലെ വക്കത്തേക്ക് താമസം മാറ്റി. 1907 ജൂലായിൽ പത്രവും പ്രസ്സും തലസ്ഥാനമായ തിരുവനന്തപുരത്തേക്ക് മാറ്റി.
ഉടമ ആയിരുന്നെങ്കിലും പത്രത്തിൻ്റെ പൂർണ്ണ ചുമതല മൗലവി രാമകൃഷ്ണപിള്ളയെ ഏൽപിച്ചിരുന്നു.
ദിവാൻ രാജഗോപാലാചാരിയുടെയും സർക്കാരിൻ്റെയും രാജകുടുംബത്തിൻ്റെ തന്നെയും ദുഷ്ചെയ്തികളെ തുറന്നെതിർക്കാൻ രാമകൃഷ്ണപിള്ളക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. ഏല്ലാവിധ ഭീഷണികളും മറികടന്നു തൻ്റെ മടിശ്ശീല തുറന്നുവെച്ച് വക്കം മൗലവി പത്രാധിപർക്ക് പൂർണ പിന്തുണ നൽകി. വലിയ നഷ്ടങ്ങൾ ഉണ്ടായിട്ടും
പ്രസ്സ് വിട്ടുകിട്ടാനായി അദ്ദേഹം ആരുടെയും കാലുപിടിക്കാൻ പോയില്ല.
സ്വാതന്ത്ര്യം ലഭിക്കുന്നത് കാണാൻ നിൽക്കാതെ വക്കം മൗലവിയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും ലോകത്തോട് വിടപറഞ്ഞു.
1957ലെ ഇ എം എസ് മന്ത്രിസഭ വൈകിയാണെങ്കിലും പ്രസ്സ് മൗലവിയുടെ അനന്തരാവാശികൾക്ക് കൈമാറി.
– ജോയ് കള്ളിവയലിൽ.
Posted inUncategorized