#books
സഖാവ് പി കൃഷ്ണപിള്ള, സമ്പൂർണ കൃതികൾ,
ആർ കെ ബിജുരാജ്.
സഖാവ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു നോതാവേ കേരളത്തിൽ ഉള്ളു. സഖാവ് പി കൃഷ്ണപിള്ള. സ്വാതന്ത്ര്യ സമരസേനാനിയായി സമരം ചെയ്യുന്ന കാലത്താണ് കൃഷ്ണപിള്ളയും സഖാക്കളും കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഒന്നാമത്തെ പാർട്ടിയായി വളർന്നതിന്റ പിന്നിൽ കൃഷ്ണപിള്ളയുടെ അതുല്യമായ സംഘടനാപാടവമുണ്ട്.
തന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ആനുകാലികങ്ങളിൽ അദ്ദേഹം നിരന്തരം എഴുതിയിരുന്നു. അവ സമാഹരിച്ചു പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച ആർ കെ ബിജുരാജ് അഭിനന്ദനങ്ങൾ അർഹിക്കുന്നു.
കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ആധികാരിക ചരിത്രം- നക്സൽ ദിനങ്ങൾ എന്ന പുസ്തകത്തിലൂടെയാണ് പത്രപ്രവർത്തകനായ ബിജുരാജ് ശ്രദ്ധേയനായത്. കേരളത്തിന്റെ രാഷ്ട്രീയചരിത്രം എന്ന കനപ്പെട്ട രചനയും ശ്രദ്ധിക്കപ്പെട്ടു.
– ജോയ് കള്ളിവയലിൽ.
………….
ജയിൽവാസം.
” അന്നത്തെ അറസ്റ്റിൽ ഞാനും പെട്ടു. ഞങ്ങളെ ഒമ്പതു മാസം ശിക്ഷിച്ചു. അവിടെ ക്വറന്റൈനിൽ കോണകവും തൊപ്പിയുമായി ഞങ്ങളും കാലുറയുടുപ്പും തൊപ്പിയുമായി അബ്ദുൽ റഹിമാനും ഒന്നിച്ചിരുന്നു ചകിരി തല്ലിയിരുന്ന ചിത്രം ഇപ്പോഴും എന്റെ കൺമുന്നിൽ, ഇന്നലെ നടന്ന സംഭവം പോലെ പ്രത്യക്ഷപ്പെടുന്നുണ്ട്. ജെയിലിൽ ഞങ്ങളെ ഒറ്റ മുറിയിലാണ് അടച്ചിരുന്നത്. എങ്കിലും ജോലിസമയത്ത് കമ്പിളിനൂൽ നൂൽക്കുമ്പോൾ ഞങ്ങൾ ഒന്നിച്ചുകൂടും. ഞങ്ങൾക്ക് അടുത്തിരുന്നു സംസാരിക്കാൻ അവസരം കിട്ടും. ഒരു ദിവസം സംസാരിക്കുന്നതിനിടയിൽ ഞാൻ നൂൽ നൂൽക്കാൻ മറന്നു. ആ സമയത്ത് പെട്ടെന്നുവന്ന ജയിൽ സൂപ്രണ്ട് നൂൽക്കാത്തതിന് എന്നെ ശകാരിച്ചു. ഞാൻ അങ്ങോട്ട് മറുപടി യും പറഞ്ഞു. അതിന് എനിക്ക് കിട്ടിയ ശിക്ഷ തൂക്കാൻ വിധിച്ചവരെ ഇടുന്ന മുറിയിലേക്ക് മാറ്റ മായിരുന്നു; കാലിൽ ചങ്ങലയും…. ¡¡”
കുറിപ്പ് :
1930 മെയ് 12ന് കോഴിക്കോട് കടപ്പുറത്ത് നിയമം ലംഘിച്ച് ഉപ്പു കുറുക്കിയ കുറ്റത്തിന് ഒമ്പതുമാസം കഠിനതടവിനു ശിക്ഷിക്കപ്പെട്ട കൃഷ്ണപിള്ള എഴുതിയ കുറിപ്പിൽ നിന്നുള്ളതാണ് ഈ ഭാഗം. ആണ്ടലാട്ടിന്റെ പുസ്തകത്തിലും ജീവചരിത്രങ്ങളിലും ഈ ഭാഗം ഉദ്ധരിക്കപ്പെടുന്നുണ്ടെങ്കിലും യഥാർത്ഥ ലേഖനം കണ്ടെടുക്കാനായിട്ടില്ല.
