#ഓർമ്മ
പട്ടിക്കാംതൊടി രാമുണ്ണിമേനോൻ
കഥകളി ആശാൻ എന്ന് കേട്ടാൽ ആദ്യം ഓർമ്മവരുന്ന പേര് പട്ടിക്കാംതൊടി (1880-1948) എന്നായിരിക്കും.
അതുല്യപ്രതിഭയായ കലാമണ്ഡലം കൃഷ്ണൻ നായർ തൻ്റെ ഗുരുവിനെപ്പറ്റി ആത്മകഥയിൽ വിശദമായി പറയുന്നുണ്ട്. ഗുരുനാഥൻ എന്നല്ലാതെ ഒരിക്കൽപോലും പേര് ഉച്ചരിക്കാൻ കഴിയാത്ത വിധത്തിലുള്ള ഗുരുഭക്തിയും ആദരവുമാണ് കൃഷ്ണൻനായർക്ക് മരണം വരെ ഉണ്ടായിരുന്നത്.
ബ്രിട്ടീഷ് മലബാറിൽ ഇപ്പോഴത്തെ പാലക്കാടു ജില്ലയിൽ, വെള്ളിനേഴിയ്ക്കടുത്ത ചെത്തല്ലൂർ ഗ്രാമത്തിലാണ് ജനനം. രാമന്‍ തൃക്കോവില്‍ എന്ന ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്ന മാധവന്‍ എമ്പ്രാന്തിരിയായിരുന്നു പിതാവ്. മാതാവ് നാരായണി. മാതാപിതാക്കള്‍ അകാലത്തില്‍ മൃത്യുവിനിരയാകുമ്പോള്‍ രാമുണ്ണി ശൈശവം പിന്നിട്ടിരുന്നില്ല. ബാല്യകാലം ദുഃഖപൂര്‍ണ്ണമായിരുന്നു. മഠത്തില്‍ ഗോപാലന്‍നായരില്‍ നിന്നു അഞ്ചുവയസ്സു മുതല്‍ അക്ഷരാഭ്യാസം തുടങ്ങി. മൂന്നാംക്ലാസ്സിൽ വിദ്യാഭ്യാസം നിലച്ചു.
പത്താം വയസ്സു മുതല്‍ ഒളപ്പമണ്ണ മനയുടെ മേല്‍നോട്ടത്തിലുള്ള കളരിയില കഥകളി അഭ്യാസം തുടങ്ങി. ഇട്ടിരാരിച്ച മേനോൻ ആയിരുന്നു ഗുരുനാഥൻ. അക്കാലത്തെ പഠനത്തെക്കുറിച്ച് രാമുണ്ണിമേനോന്‍ അനുസ്മരിക്കുന്നതിങ്ങനെയാണ്:
“കാലത്തു മൂന്നുമണിക്കു മുമ്പായി എഴുന്നേറ്റ് കാല്‍സാധകം. പിന്നെ ഇരട്ടിവട്ടം കൂടി കഴിഞ്ഞാല്‍ കളരി അടിച്ചുവാരി തളിച്ച് മെഴുകീട്ട്, മെയ്യുറപ്പടവ്, തോടയം പുറപ്പാട് എന്നിവ ചെയ്യും. ഉഴിച്ചില്‍ കഴിഞ്ഞ് പത്തുമണിക്ക് കുളിക്കാന്‍ പോകും. പന്ത്രണ്ടുമണിക്കു വീണ്ടും വന്ന് കണ്ണുസാധകം, പുരികം തുടങ്ങി മുഖത്തുള്ള അംഗങ്ങള്‍ ഇളക്കി സ്വാധീനത്തിലാക്കല്‍ എന്നിങ്ങനെ. അതുകഴിഞ്ഞ് അഞ്ചര വരെ ചൊല്ലിയാട്ടം. ആറരമണിക്ക് താളങ്ങള്‍ പിടിച്ചുറപ്പിക്കുക. പത്തുമണിക്ക് ഉറങ്ങാന്‍ കിടക്കും.”
1892ലായിരുന്നു അരങ്ങേറ്റം. 1897 മുതല്‍ ആദ്യവസാന വേഷങ്ങള്‍ കെട്ടിത്തുടങ്ങി. 1902ല്‍ ഗുരുനാഥന്റെ മരണശേഷം രാമുണ്ണിമേനോന്‍ ആശാനായി നിരവധി കുട്ടികളെ കഥകളി പഠിപ്പിച്ചു. കൊടുങ്ങല്ലൂര്‍ മഹാകവി ചെറിയ കൊച്ചുണ്ണിത്തമ്പുരാന്റെയും ഭാഗവതര്‍ കുഞ്ഞുണ്ണി തമ്പുരാന്റെയും അടുക്കൽനിന്ന് നാട്യശാസ്ത്രത്തെക്കുറിച്ച് അവഗാഹം നേടി.
1928ല്‍ ഒളപ്പമണ്ണ തറവാട്ടിൽ വെച്ച് വീരശൃംഖല സമ്മാനിക്കപ്പെട്ടു. 1933ല്‍ വള്ളത്തോൾ പട്ടിക്കാംതൊടിയെ കലാമണ്ഡലത്തിലെ പ്രധാന ആശാനായി നിയമിച്ചു. ഗുരുനാഥന്‍ ഇട്ടിരാരിച്ച മേനോനില്‍ നിന്ന് അഭ്യസിച്ച കല്ലുവഴിച്ചിട്ട ഇന്നുകാണുന്ന വിധത്തില് ചിട്ടപ്രകാരമായത് മേനോന്റെ പരിശ്രമഫലമായാണ്. കോട്ടയത്ത് തമ്പുരാൻ്റെ കഥകളിരചനകൾ ചിട്ടപ്പെടുത്തിയത് പട്ടിക്കാംതൊടി ആശാനാണ്.
അരങ്ങില്‍ തന്റെ സ്വന്തം കളിക്കോപ്പുകള്‍ മാത്രമേ ഉപയോഗിക്കുകയു ള്ളൂ എന്ന നിഷ്കര്‍ഷ ഉണ്ടായിരുന്നു മേനോന്. രാവുണ്ണിമേനോന്റെ ജന്മസിദ്ധമായ താളബോധം ഏറെ ആകർഷകമായിരുന്നു. കോട്ടയ്ക്കല്‍ നാട്യസംഘത്തിലും രാവുണ്ണിമേനോന്‍ ആശാനായിരുന്നിട്ടുണ്ട്.
മൂത്തമകന്‍ കലാമണ്ഡലം പത്മനാഭന്‍ നായർ കലാമണ്ഡലത്തിലെ അധ്യാപകനും പിന്നീട് പ്രിന്‍സിപ്പാളുമായി.
– ജോയ് കള്ളിവയലിൽ.
ഇടത്തുനിന്ന് വലത്തോട്ട് നിൽക്കുന്നത്: ഉണ്ണിക്കൃഷ്‌ണവാരിയർ, പാറശ്ശേരി രാമകൃഷ്ണൻ, കാവുങ്ങൽ ശങ്കരൻകുട്ടിപ്പണിക്കർ, കാവുങ്ങൽ ചാത്തുണ്ണിപ്പണിക്കർ, കലാമണ്ഡലം ബാലകൃഷ്ണണൻ നായർ, കൃഷ്‌ണൻകുട്ടിപ്പൊതുവാൾ, പത്മനാഭൻ നായർ
ഇരിക്കുന്നത് മദ്ധ്യത്തിൽ: കുഞ്ചുനായർ, വാസു നെടുങ്ങാടി, പട്ടിക്കാംതൊടി രാമുണ്ണി മേനോൻ, നീലകണ്ഠൻ നമ്പീശൻ, തേക്കിൻകാട്ടിൽ രാവുണ്ണിനായർ
നിലത്തിരിക്കുന്നത്: കലാ. ദാമോദരൻ നായർ, കലാമണ്ഡലം രാമൻകുട്ടിനായർ, കൃഷ്ണൻ കുട്ടിവാരിയർ, എം.എൻ. പാലൂര്, കേശവപ്പൊതുവാൾ