ഗാന്ധിജിയും ടാഗോറും

#ചരിത്രം
#books

ഗാന്ധിയും ടാഗോറും.

ഗാന്ധിജിയുടെ മഹത്വം തൻ്റേതിൽനിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങൾ സ്വീകരിക്കുന്നവരെ അംഗീകരിക്കാനും അവരുടെ അഭിപ്രായങ്ങൾ കേൾക്കാനുമുള്ള സന്നദ്ധതയാണ്.
മോഹൻദാസ് ഗാന്ധിയെ മഹാത്മാ എന്ന് ആദ്യം വിശേഷിപ്പിച്ചത് ഗുരുദേവ് ടാഗോറാണ്.
സവിശേഷമായ അവരുടെ ബന്ധത്തെക്കുറിച്ച് ധാരാളം എഴുതപ്പെട്ടിട്ടുണ്ട്.
ഗാന്ധിജിയെ ടാഗോർ ശക്തിയായി വിമർശിച്ച ഒരു സന്ദർഭം നോബൽസമ്മാന വിജയിയായ അമർത്യ സെൻ തൻ്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്. സെന്നിൻ്റെ മുത്തച്ഛൻ ടാഗോറിൻ്റെ ഉറ്റ സഹപ്രവർത്തകനും ശാന്തിനികേതനിലെ അധ്യാപകനുമായിരുന്നു. അമർത്യ ജനിച്ചതും വളർന്നതും ടാഗോറിൻ്റെ വിശ്വവിദ്യാലയത്തിലാണ്.
1934 ജനുവരി 15നുണ്ടായ ഭൂകമ്പം വലിയ ദുരന്തമാണ് രാജ്യത്തുണ്ടാക്കിയത്. ശാന്തിനികേതന് സമീപത്തുള്ള ബിഹാറിലെ മുസാഫർപൂർ, മുങ്ങേർ പ്രദേശങ്ങളിൽ മാത്രം 30000 പേര് കൊല്ലപ്പെട്ടു.
ടാഗോർ ഉടനെതന്നെ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. അതിൽ പങ്ക്ചേർന്ന ഗാന്ധിജി തൊട്ടുകൂടായ്മ എന്ന തെറ്റിന് ദൈവം നൽകിയ ശിക്ഷയാണ് ഭൂകമ്പം എന്ന് വിശേഷിപ്പിച്ചത് ടാഗോറിനെ അരിശംകൊള്ളിച്ചു.
ഇത്തരം അശാസ്ത്രീയമായ വീക്ഷണം ഈ രാജ്യത്തെ ഒരു വലിയ വിഭാഗം ആളുകൾ വെച്ചുപുലർത്തുന്നു എന്നത് നിർഭാഗ്യകരമാണ് എന്ന് ടാഗോർ ഗാന്ധിജിക്ക് എഴുതി.
നമ്മൾ തമ്മിൽ ഇക്കാര്യത്തിൽ അടിസ്ഥാനപരമായ അഭിപ്രായവ്യത്യാസമു ണ്ട് എന്ന് 1934 ഫെബ്രുവരി 2ന് ഗാന്ധിജി മറുപടി എഴുതി. അന്നേദിവസം തന്നെ ഹരിജൻ മാസികയിൽ ഗാന്ധിജി എഴുതി – ഇക്കാര്യത്തിൽ യുക്തിചിന്തയെ അടിസ്ഥാനമാക്കി ഒരു തർക്കത്തിന് ഞാൻ ഒരുക്കമല്ല.
ഗാന്ധിജിയുടെ അഭിപ്രായങ്ങൾ രാജ്യത്തുടനീളം പ്രതിഷേധം വിളിച്ചുവരുത്തി. ജവഹർലാൽ നെഹ്റു തൻ്റെ ശക്തമായ എതിർപ്പ് പരസ്യമാക്കി.
അപ്പൊൾ ടാഗോറാണ് ഗാന്ധിജിയുടെ ആന്തരികമായ മാഹാത്മ്യം ജനങ്ങളെ ഓർമ്മിപ്പിച്ചത്.
രണ്ടുപേരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ അവസാനം വരെ തുടർന്നു.
അമർത്യ സെൻ വിവരിക്കുന്ന വേറൊരു തർക്കം എല്ലാ ദിവസവും എല്ലാവരും ചർക്ക തിരിക്കണം എന്ന ഗാന്ധിജിയുടെ നിബന്ധന സംബന്ധിച്ചായിരുന്നു . ജനങ്ങളുടെ പട്ടിണി മാറ്റാൻ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കണം എന്നായിരുന്നു ടാഗോറിൻ്റെ അഭിപ്രായം. ചർക്ക തിരിക്കാൻ പ്രത്യേകിച്ച് ബുദ്ധിയൊന്നും വേണ്ട എന്നായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട്.
രാഷ്ട്രപിതാവായ മഹാത്മജിയുടെയും രാജർഷിയായ ഗുരുദേവിൻ്റെയും ജീവിതകഥ ആരെയാണ് ആവേശം കൊള്ളിക്കാത്തത്?
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *