#Books
#ഓർമ്മ
തോമസ് കല്ലമ്പള്ളി.
ഈ ലോകത്തിൽ നിന്ന് വിട പറഞ്ഞിട്ട് രണ്ടു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ജനങ്ങൾ ഒമ്മിക്കുന്നു എന്ന് പറയുന്നതാണ് ഒരു പൊതു പ്രവർത്തകന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം.
വെറും 49 വയസിൽ ഹൃദയാഘാതം മൂലം നിര്യാതനായ കാഞ്ഞിരപ്പള്ളിയുടെ പ്രിയങ്കരനായ മുൻ എം എൽ എ യാണ് എൻ്റെ പ്രിയ സുഹൃത്ത് തോമസ് കല്ലമ്പള്ളി.
ആറ് പതിറ്റാണ്ട് മുൻപ് കാഞ്ഞിരപ്പള്ളി എ കെ ജെ എം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എൻ്റെ തൊട്ടു മുകളിലത്തെ ക്ലാസിൽ ചേട്ടൻ റോയ് കല്ലിവയലിലിൻ്റെ സഹപാഠിയെന്ന നിലയിൽ തുടങ്ങിയ പരിചയവും സ്നേഹവും മരണം വരെ തുടർന്നു.
1980ൽ കാഞ്ഞിരപ്പള്ളിയുടെ പ്രതിനിധിയായി തെരഞ്ഞെടുക്കുമ്പോൾ കേരള നിയമസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ ജനപ്രതിനിധിയായിരുന്നു ഈ ഉജ്വലപ്രാസംഗികൻ.
സ്കൂളിൽ പക്ഷേ ഞാനും ചേട്ടനും പ്രസംഗവേദികളിൽ തിളങ്ങിയപ്പോൾ തോമാച്ചൻ പഠനത്തിലാണ് ശ്രദ്ധ പതിപ്പിച്ചത്.
പിന്നീട് ഞങ്ങളുടെ സമാഗമം കേരള വിദ്യാർഥി കോൺഗ്രസിൻ്റെ സംസ്ഥാന കമ്മറ്റിയിൽ എറണാകുളം ബസോട്ടോ ഹോട്ടലിൽ വെച്ചാണ്. ഞാൻ കോഴിക്കോട് എൻജിനീയറിംഗ് വിദ്യാർഥി. തോമാച്ചൻ ലോ കോളജ് വിദ്യാർഥി.
1980കളുടെ തുടക്കത്തിൽ ഞാനും പൊതുമരാമത്ത് എൻജിനീയർ എന്ന നിലയിൽ തിരുവനന്തപുരത്ത് എത്തി. പിന്നീട് വിവാഹം കഴിഞ്ഞ് 1985ൽ ഞാൻ തിരുവനന്തപുരം വിടുന്നത് വരെ മിക്ക സായാഹ്നങ്ങളിലും ഞങ്ങള് ഒന്നിച്ചുകൂടും.
ഒരു എം എൽ യുടെ ജീവിതം ജനങ്ങൾ കരുതുന്നത് പോലെ സുഖമുള്ളതല്ല എന്ന് തിരിച്ചറിഞ്ഞത് അന്നാണ് . അഭിമാനിയായിരുന്ന കല്ലമ്പള്ളി കടത്തിൽ മുങ്ങുമ്പോഴും ഒരു രൂപ കൈക്കൂലി വാങ്ങാൻ തയാറായില്ല. ആരുടെ മുന്നിലും തല കുനിക്കാനും തയാറായില്ല താനും.
ഒരു പക്ഷെ അതായിരിക്കും ഈ യുവനേതാവിൻ്റെ രാഷ്ട്രീയപതനത്തിന് കാരണം എന്ന് എനിക്ക് തോന്നുന്നു.
രാഷ്ട്രീയത്തിൽ കൈപിടിച്ചു വളർത്തിയ കെം എം മാണിയുടെ അപ്രീതിക്ക് കല്ലംപള്ളിയുടെ ആരെയും കൂസാത്ത പ്രകൃതം കാരണമായി.
പ്രൈവറ്റ് സെക്രട്ടറി ജോസി സാറിനോട് കയർത്തത് തന്നെ അപമാനിക്കുന്നതിന് തുല്യമാണ് എന്ന് മന്ത്രിയായിരുന്ന കെ എം മാണി കരുതി. അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കും എന്ന് കരുതിയ കല്ലംപള്ളി എതിർപക്ഷത്തെ ജോസഫ് ഗ്രൂപ്പിലേക്ക് കളം മാറി. തെരഞ്ഞെടുപ്പിൽ തോറ്റത് പക്ഷേ കാഞ്ഞിരപ്പള്ളിയുടെ വിദ്യാഭ്യാസരംഗത്തിന് വലിയ നേട്ടമായി. ഫാദർ ആൻ്റണി നിരപ്പേലുമായി ചേർന്ന് വിഖ്യാതമായ സെൻ്റ് ആൻ്റണീസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പടുത്തുയർത്താൻ മരണം വന്നു വിളിക്കുന്നത് വരെ അദ്ദേഹം കഠിനാധ്വാനം ചെയ്തു.
കല്ലംപളളിയെ അടുത്തറിയുന്നവരുടെ സ്മരണകൾ ഈ ഗ്രന്ഥത്തെ മികവുറ്റതാക്കുന്നു. അക്കൂട്ടത്തിൽ സഹപാഠിയും പ്രിയമിത്രവുമായ എൻ്റെ സഹോദരൻ പ്രൊഫസർ ഡോക്ടർ റോയ് കള്ളി വയലിലുമുണ്ട്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized