#ഓർമ്മ
#films
എസ് പി ബാലസുബ്രഹ്മണ്യം.
എസ് പി ബിയുടെ ( 1946-2020) ചരമവാർഷികദിനമാണ്
സെപ്റ്റംബർ 25.
രാജ്യം കണ്ട ഏറ്റവും മികച്ച ഗായകരിൽ ഒരാളാണ് എസ് പി ബാലസുബ്രഹ്മണ്യം . തെലുങ്ക് , തമിഴ്, മലയാളം, കന്നട , ഹിന്ദി തുടങ്ങി 16 ഭാഷകളിൽ 46000ൽപരം പാട്ടുകൾ പാടിയ എസ് പി ബിയുടെ റെക്കോർഡ് അതുല്യമായി നിലകൊള്ളുന്നു.
ആന്ധ്രയിലെ നെല്ലൂരിൽ ജനിച്ച എസ് പി ബി, എൻജിനീയറാകാനാണ് പഠിച്ചത്.
ഇളയരാജ, ഗംഗയ് അമരൻ തുടങ്ങിയ പ്രതിഭകൾ ഉൾപ്പെട്ട ഒരു ഗാനമേള ട്രൂപ്പിൽ അംഗമായിരിക്കെ, എസ് പി ബി പങ്കെടുത്ത ഒരു മത്സരത്തിൽ ജഡ്ജിയായി വന്ന എസ് പി കോതണ്ഡപാണിയാണ് ആ യുവാവിലെ പിന്നണിഗായകനെ കണ്ടെത്തിയത്. 1966ൽ കോതണ്ഡപാണിയുടെ സംഗീതസംവിധാനത്തിൽ ഒരു തെലുങ്ക് സിനിമക്ക് വേണ്ടി പാടിത്തുടങ്ങിയ എസ് പി ബി ക്ക് പിന്നീട് മരണം വരെ തൻ്റെ സംഗീതജൈത്രയാത്ര തുടരാനായി.
6 ദേശീയ അവാർഡുകൾ നേടിയ ബാലുവിന് ആന്ധ്രപ്രദേശ് മാത്രം 16 സംസ്ഥാന അവാർഡുകളാണ് നൽകിയത്. സംഗീതം ശാസ്ത്രീയമായി പഠിക്കാൻ കഴിയാഞ്ഞത് ഒരു നേട്ടമായി മാറ്റിയ ചരിത്രമാണ് ഈ പ്രതിഭാശാലിക്കുള്ളത്. ഏത് ഭാഷയിലും അനായാസം പാടാൻ കഴിഞ്ഞത് അതുകൊണ്ടാണ് . വിനയമായിരുന്നു അദ്ദേഹത്തിൻ്റെ മുഖമുദ്ര. ഗാനമേളകളിൽ അകമ്പടി സേവിക്കുന്ന സംഗീതജ്ഞർ എന്തെങ്കിലും തെറ്റ് വരുത്തിയാൽ സ്നേഹപൂർവം അത് തിരുത്തി വീണ്ടും പാടാൻ തയാറാവുന്ന കാഴ്ച എത് ആസ്വാദകൻ്റെയും കണ്ണുനിറക്കാൻ പോകുന്നവയായിരുന്നു.
കോവിദ് മഹാമാരിയുടെ ഇരയായി ഈ മഹാനായ ഗായകൻ. പക്ഷേ എസ് പി ബിയുടെ ഗാനങ്ങൾ തലമുറകൾ കൈമാറി അനശ്വരമായി നിലകൊള്ളും എന്നതിൽ സംശയമില്ല.
– ജോയ് കള്ളിവയലിൽ.
https://youtu.be/D9LBGU3Pu1A





