#ഓർമ്മ
സെൻ്റ് ഡൊമിനിക്ക്.
കാഞ്ഞിരപ്പള്ളിയിൽ പഠിച്ചു വളർന്ന എനിക്ക് അത്ഭുതമായി തോന്നിയ ഒന്ന് അവിടത്തെ സെൻ്റ് ഡൊമിനിക്ക് പെരുമയാണ്. പള്ളി, സ്കൂൾ, കോളെജ് – എല്ലാം സെൻ്റ് ഡോമിനിക്കിൻ്റെ പേരിൽ.
പ്രസിദ്ധമായ പഴയ പളളി കന്യാമറിയത്തിൻ്റെ നാമധേയത്തിലാണ് . പഴയപള്ളിയുടെ തൊട്ടുചേർന്ന കിഴക്കേതലക്കൽ തറവാട്ടിൽ ജനിച്ചുവളർന്ന എൻ്റെ മുത്തശ്ശി പറഞ്ഞത് പള്ളി ഒരു വെള്ളപ്പൊക്കത്തിൽ തകർന്നപ്പോഴാണ് തൊട്ടടുത്തുള്ള കുന്നിൻ്റെ മുകളിൽ പുതിയ പള്ളി പണിതത് എന്നാണ്. ഇന്നു കാണുന്ന കൂറ്റൻ പള്ളി പണിതത് സുറിയാനി കത്തോലിക്കരുടെ ഇടയിൽ നിന്ന് ആദ്യമായി എൻജിനീയറായവരിൽ ഒരാളായ എൻജിനീയർ തോമാച്ചൻ എന്ന് അറിയപ്പെട്ടിരുന്ന കെ സി തോമസ് കല്ലറക്കൽ ആനത്താനമാണ് . കാഞ്ഞിരപ്പള്ളി രൂപതയായപ്പോൾ പളളി കത്തീഡ്രൽ പളളിയായി.
പുതിയ പള്ളി അധികം പ്രശസ്തനല്ലാത്ത വിദേശിയായ വിശുദ്ധൻ്റെ പേരിലാകാൻ കാരണം അന്ന് സുറിയാനി ക്രിസ്ത്യാനികൾ വിദേശിമെത്രാന്മാരുടെ ഭരണത്തിൻ കീഴിലായിരുന്നു എന്നതാവും.
സ്പെയിൻകാരൻ ഡൊമിനിക് ദേ ഗസ്മാനാണ് സെൻ്റ് ഡൊമിനിക്ക് ( 1170- 1221)ആയി മാറിയത്.
14 വയസ്സിൽ ആശ്രമത്തിൽ ചേർന്ന് 24 വയസിൽ അഗസ്തീനിയൻ സന്യാസിയായി. 1234 കത്തോലിക്കാസഭ വിശുദ്ധനായി പ്രഖ്യാപിച്ചു. ആംഗ്ലിക്കൻ സഭയും സെൻ്റ് ഡൊമിനിക്കിനെ വണങ്ങുന്നു.
1215ൽ ഡൊമിനിക്കൻ സന്യാസസഭ സ്ഥാപിച്ചു. ബൈബിൾ പ്രഘോഷകരുടെ സഭ എന്നാണ് ഡൊമിനിക്കൻ സഭ അറിയപ്പെടുന്നത്.
കാഞ്ഞിരപ്പള്ളിയിൽ നൂറ് കണക്കിന് ഡൊമിനിക്കുമാരുണ്ട്. ഏറ്റവും പ്രസിദ്ധൻ വക്കീലും, പ്ലാൻ്ററും, സാമൂഹ്യപരിഷ്കർത്താവുമായി പേരെടുത്ത ദുമ്മിനി വക്കീൽ എന്ന ഡോമിനിക്ക് കരിപ്പാപറമ്പിൽ തന്നെ.
ആലുവ പള്ളി സെൻ്റ് ഡൊമിനിക്കിൻ്റെ പേരിലായതുകൊണ്ട് ഇപ്പോൾ എൻ്റെ കുടുംബത്തിലും ഒരു ഡൊമിനിക്ക് ഉണ്ട്. ആലുവയിൽ നിന്ന് വിവാഹം ചെയ്ത എൻ്റെ അനുജൻ പ്രസിദ്ധ ചാർട്ടെഡ് അക്കൗണ്ടൻ്റ് ബാബു കള്ളിവയലിലിൻ്റെ മകൻ.
– ജോയ് കള്ളിവയലിൽ.
![](https://joykallivayalil.com/wp-content/uploads/2024/09/FB_IMG_1727056211297-636x1024.jpg)
![](https://joykallivayalil.com/wp-content/uploads/2024/09/FB_IMG_1727056214168-684x1024.jpg)
![](https://joykallivayalil.com/wp-content/uploads/2024/09/FB_IMG_1727056216981-461x1024.jpg)
![](https://joykallivayalil.com/wp-content/uploads/2024/09/FB_IMG_1727056220099.jpg)
![](https://joykallivayalil.com/wp-content/uploads/2024/09/FB_IMG_1727056223427-687x1024.jpg)