#ഓർമ്മ
ലോക ആംഗ്യഭാഷാ ദിനം.
സെപ്റ്റംബർ 23 ലോക ആംഗ്യഭാഷാ ദിനമാണ്.
ബധിരത ബാധിച്ചവരിൽ 80 ശതമാനവും ഇന്ത്യയിലാണ് എന്നാണ് കണക്ക്. ഒരു ചില്ലുകൂട്ടിൽ അടച്ചതുപോലെയാണ് കാണാം , എന്നാല് കേൾക്കാൻ കഴിയില്ല എന്ന ബധിരരുടെ അവസ്ഥ.
കാഴ്ച്ചശക്തിയുള്ളവർക്ക് ഭാഷ പോലെ, കേഴ്‌വിശക്തി ഇല്ലാത്തവർക്ക് സമ്പർക്കത്തിനുള്ള ഉപാധിയാണ് ആംഗ്യഭാഷ.
1817ൽ ലോറെൻ്റ് ക്ലർക്ക് ,തോമസ് ഗല്ലസെറ്റ്, എന്നിവർ കണ്ടുപിടിച്ച അമേരിക്കൻ സൈൻ ലാംഗ്വേജ് ആണ് ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ആംഗ്യഭാഷ. പക്ഷേ വിവിധരാജ്യങ്ങളിൽ, പ്രത്യേകിച്ച് ആഫ്രിക്കൻ രാജ്യങ്ങളിൽ, അവരുടെ തനതായ ഭാഷയ്ക്കും സംസ്കാരത്തിനും അനുയോജ്യമായ ആംഗ്യഭാഷകൾ ഉപയോഗിച്ചുവരുന്നുണ്ട്.
ബധിരരുൾപ്പെടെ എല്ലാവരെയും ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചാൽ മാത്രമേ രാജ്യത്ത് പുരോഗതി സാധ്യമാകൂ.
എൻ്റെ അടുത്ത ബന്ധുവിൻ്റെ രണ്ട് ആൺകുട്ടികൾക്കും ബധിരത ബാധിച്ചപ്പോഴാണ് ഞാൻ അവരുടെ വിഷമതകളും വേദനകളും തിരിച്ചറിഞ്ഞത്. എൻജിനീയറായിരുന്ന പിതാവ് ജോലി ഉപേക്ഷിച്ച് തൻ്റെ കുട്ടികളെ സമൂഹത്തിൽ ജീവിക്കാൻ പഠിപ്പിക്കാനായി ജീവിതം ഉഴിഞ്ഞുവെച്ചു . പക്ഷേ ആംഗ്യഭാഷ മാത്രം ഉപയോഗിച്ച് ശീലിച്ചാൽ പൊതുസമൂഹവുമായി ഇടപെടാൻ ബുദ്ധിമുട്ടുണ്ടാവും എന്നാണ് അദ്ദേഹത്തിൻ്റെ പക്ഷം. അവരെ ലിപ് റീഡിംഗ് കൂടി പഠിപ്പിച്ചു. ഇന്ന് നമ്മൾ സംസാരിക്കുന്നത് മനസ്സിലാക്കി മറുപടി പറയാൻ അവർക്ക് സാധിക്കും. കോടതിയിൽ കേസ് നടത്തി ജയിച്ച് ഡ്രൈവിംഗ് ലൈെസൻസ് വരെ അവർക്ക് നേടിക്കൊടുത്തു. ഇന്ന് രണ്ടുപേരും വിവാഹിതരായി ഭാര്യയും കുട്ടികളുമൊത്ത് ജീവിക്കുന്നു.
35 വർഷം മുൻപ് മൂവാറ്റുപുഴയിൽ ആദ്യത്തെ ബധിരവിദ്യാലയം കന്യാസ്ത്രീകൾ തുടങ്ങിയത് എൻ്റെ തൊട്ടടുത്ത വീട്ടിലാണ്. അതിവേഗം ആ കുട്ടികൾ എൻ്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾ ആയി. അന്ന് ഞാൻ ഉപയോഗിച്ചിരുന്ന സ്കൂട്ടർ ആയിരുന്നു അവർക്ക് എൻ്റെ സൈൻ.
എറണാകുളം ജില്ലയിൽ പൊതി, മൂവാറ്റുപുഴ എന്നിവടങ്ങളിൽ ബധിരവിദ്യാലയങ്ങൾ നന്നായി നടക്കുന്നുണ്ട്.
ബധിരരെ ചേർത്ത് നിർത്താൻ നാം സ്വയം സന്നദ്ധരായി മുന്നോട്ട് വരണം.
– ജോയ് കള്ളിവയലിൽ.


