#ചരിത്രം
#ഓർമ്മ
ഗാന്ധിജിയുടെ മധുര പ്രഖ്യാപനം.
സ്വാതന്ത്ര്യസമരചരിത്രത്തിലെ ഒരു അനർഘനിമിഷത്തിൻ്റെ വാര്ഷികദിനമാണ് സെപ്റ്റംബർ 21.
1921 സെപ്റ്റംബർ 21ന് മധുരയിൽവെച്ച് ഗാന്ധിജി എല്ലാവരെയും സ്തബ്ധരാക്കിയ ഒരു പ്രഖ്യാപനം നടത്തി. താൻ ഇനിമുതൽ ഒരു ദോത്തിയും ഒരു ചദറും ( ഷാൾ) മാത്രമേ ധരിക്കൂ.
ഒരു പക്ഷേ മോഹൻദാസ് ഗാന്ധി മഹാത്മാവായി മാറിയ നിമിഷം.
രാജ്യത്തെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുമ്പോൾ അവർക്ക് ആകെയുള്ള അല്പമാത്രവസ്ത്രം ധരിക്കാൻ മാത്രമേ തനിക്കും അർഹതയുള്ളൂ എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തൻ്റെ അനുയായികളോ അനുവാചകരോ തങ്ങളുടെ വസ്ത്രങ്ങൾ ഉപേക്ഷിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടില്ല.
ബാരിസ്റ്റർ പഠനത്തിനായി 1896ൽ ഇംഗ്ലണ്ടിൽ പോയ ഗാന്ധി ഗുജറാത്തി കത്തിയവാരി വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. തിരിച്ചുവന്നത് കോട്ടും സൂട്ടും ധരിക്കുന്ന ബാരിസ്റ്റർ ആയിട്ടാണ്. ദക്ഷിണ ആഫ്രിക്കയിൽ പ്രാക്ടീസ് ചെയ്യുമ്പോൾ ഒരു തലപ്പാവ് കൂടി ധരിച്ചു. തിരിച്ചുവന്ന് 1915ൽ ഗാന്ധിജി വിദേശവസ്ത്രങ്ങൾ ഉപേക്ഷിച്ചു.
ജനങ്ങളോട് വിദേശവസ്ത്രങ്ങൾ ഉപേക്ഷിച്ചു ഖദർ ധരിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ബ്രിട്ടീഷ് സാമ്രാജ്യത്തിനു മുൻപിലുയർന്ന ശക്തമായ പ്രതിഷേധമായി മാറി – വിദേശവസ്ത്രങ്ങൾ പരസ്യമായി കൂട്ടിയിട്ട് കത്തിക്കുന്നത്.
തുടക്കത്തിൽ ഒക്ടോബർ 31 വരെയായിരുന്നു പ്രഖ്യാപനമെങ്കിലും ജീവിതകാലം മുഴുവൻ ആ പ്രതിജ്ഞ അദ്ദേഹം പാലിച്ചു.
ലണ്ടൻ സന്ദർശനവേളയിൽ ചക്രവർത്തിയുടെ മുന്നിൽ വെറും ദോത്തിയും മേൽമുണ്ടുമായി പ്രത്യക്ഷപ്പെടുന്നത് ശരിയല്ല എന്ന ആവശ്യം ഉന്നയിക്കപ്പെട്ടെങ്കിലും ഗാന്ധിജി വഴങ്ങിയില്ല.
കലിപൂണ്ട പ്രധാനമന്ത്രി ചർച്ചിൽ ചോദിച്ചത് സൂര്യനസ്തമിക്കാത്ത രാജ്യത്തിൻ്റെ ചക്രവർത്തിയുടെ മുന്നിൽ ഈ മുൻ മിഡിൽ ടെമ്പിൾ വക്കീൽ, ഈ അർധനഗ്നനായ ഫക്കീർ, എങ്ങനെ അൽപമാത്ര വസ്ത്രധാരിയായി പ്രത്യക്ഷപ്പെടാൻ ധയര്യം കാണിച്ചു എന്നാണ്.
ഗാന്ധിജി ആ അധിക്ഷേപം ചിരിച്ചുതള്ളുകയാണ് ചെയ്തത്. ഞങ്ങൾക്ക് രണ്ടുപേർക്കും വേണ്ടത്ര വസ്ത്രങ്ങൾ രാജാവ് ധരിച്ചിരുന്നു എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.
വർഷങ്ങൾക്ക് മുൻപ് ചമ്പാരനിലെ കർഷകസമരത്തിന് പിന്തുണ നൽകാൻ അവിടെ ചെന്നപ്പോൾ കണ്ട ഒരു കാഴ്ച ഗാന്ധിജിയെ ഞെട്ടിച്ചിരുന്നു. ആകെയുള്ള ഒരു സാരി ഉണങ്ങുന്നതുവരെ സ്ത്രീകൾ നദിയിൽ നിൽക്കുന്നു.
ഗാന്ധിജിയുടെ ആഹ്വാനം ചേവിക്കൊണ്ടുകൊണ്ട് നെഹ്റു, പട്ടേൽ, രാജാജി തുടങ്ങിയ പ്രമുഖ അഭിഭാഷകരുൾപ്പെടെ നേതാക്കൾ എല്ലാവരും വിദേശവസ്ത്രങ്ങൾ ഉപേക്ഷിച്ചു. ക്രമേണ പ്രസ്ഥാനം രാജ്യം മുഴുവൻ വലിയ ആവേശമായി കത്തിപ്പടർന്ന് സ്വാതന്ത്ര്യസമരത്തിൻ്റെ ഒരു പ്രാധാന ആയുധമായി മാറി.
– ജോയ് കള്ളിവയലിൽ.






